ദോഹ: ദീർഘകാലമായി തുടരുന്ന ഫലസ്തീൻ പ്രതിസന്ധിയിൽ ശാശ്വതവും സമഗ്രവുമായ പരിഹാരം കാണണമെന്ന് ഐക്യരാഷ്ട്രസഭയോട് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി ആവശ്യപ്പെട്ടു. ക്രിയാത്മകമായ ചർച്ചകളിലൂടെയും സംഭാഷണങ്ങളിലൂടെയുമാണ് പരിഹാരം കണ്ടെത്തേണ്ടത്. അറബ് പ്രവിശ്യകളിലേക്കുള്ള ഇസ്രായേലിെൻറ അധിനിവേശം അവസാനിപ്പിക്കണമെന്നും അമീർ ആവശ്യപ്പെട്ടു.
വിയന്നയിൽ ഫലസ്തീൻ ജനതയോടുള്ള അന്താരാഷ്ട്ര ഐക്യദാർഢ്യ ദിനത്തോടനുബന്ധിച്ചുള്ള സന്ദേശത്തിലാണ് അമീർ ഖത്തർ നിലപാട് ആവർത്തിച്ചത്. അമീറിന് വേണ്ടി വിയന്നയിൽ ഖത്തർ എംബസി ആക്ടിംഗ് ചാർജ് ഡി അ ഫേഴ്സ് അബ്ദുല്ല ബിൻ നാസർ അൽ ഫാഹിദാണ് സന്ദേശം വായിച്ചത്.
അന്താരാഷ്ട്ര പ്രമേയങ്ങളും കൺവെൻഷനുകളും മാനദണ്ഡമാക്കിക്കൊണ്ട് ആഗോളതലത്തിൽ അംഗീകരി ക്കപ്പെട്ട ദ്വിരാഷ്ട്ര സിദ്ധാന്തം നടപ്പിലാക്കണം.
കിഴക്കൻ ജറൂസലം തലസ്ഥാനമാക്കി 1967ലെ അതിർത്തി പ്രകാരം ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കണമെന്നും അമീർ വ്യക്തമാക്കി.
ഇസ്രായേൽ സമാധാന ശ്രമങ്ങൾക്ക് നേരെ മുഖം തിരിക്കുകയാണെന്നും ഫലസ്തീൻ ജനതയുടെ മൗലികാവകാശങ്ങൾക്ക് നേരെയുള്ള കടന്നുകയറ്റമാണ് നടക്കുന്നതെന്നും മേഖലയിൽ ഇത് ആശങ്ക വർധിപ്പിക്കുമെന്നും അന്താരാഷ്ട്ര സമാധാനത്തിനും സുരക്ഷക്കും ഇത് ഭീഷണിയാണെന്നും അമീർ മുന്നറിയിപ്പ് നൽകി.
ഫലസ്തീൻ ഭൂമി കയ്യേറുന്ന ഇസ്രായേൽ നടപടി അന്താരാഷ്ട്ര നിയമങ്ങൾക്ക് വിരുദ്ധമാണ്. നിരായുധരായ ഫലസ്തീനികൾക്ക് നേരെ കടുത്ത ആക്രമണമാണ് ഇസ്രായേൽ സേന നടത്തുന്നത്. അന്യായമായി ഗസ്സയെ ഉപരോധിച്ചിരിക്കുകയാണെന്നും അമീർ ചൂണ്ടിക്കാട്ടി. മേഖലയിൽ സമാധാനം പുനസ്ഥാപിക്കുന്നതിന് ഇസ്രായേൽ നടപടികൾ തടസ്സമായി നിൽക്കുകയാണെന്നും അമീർ സന്ദേശത്തിൽ ചൂണ്ടിക്കാട്ടി. ഫലസ്തീനികൾക്കുള്ള ഖത്തറിെൻറ പിന്തുണ തുടരുമെന്നും ഗസ്സയിലെ അടിയന്തര സാഹചര്യങ്ങൾ പരിഗണിച്ച് ഖത്തർ പിന്തുണ തുടരുമെന്നും അമീർ വ്യക്തമാക്കി. അന്താരാഷ്ട്ര സമൂഹത്തിന് മുന്നിൽ ഫലസ്തീൻ പ്രതിസന്ധി പ്രഥമ പരിഗണനാ വിഷയമാണെന്നതിനാണെന്നതിനുള്ള തെളിവാണ് ഫലസ്തീൻ ജനതക്കുള്ള അന്താരാഷ്ട്ര ഐക്യദാർഢ്യദിനം. അധിനിവേശസേനയുടെ കടുത്ത ആക്രമണങ്ങൾക്ക് വിധേയമാകുമ്പോൾ തന്നെ ഫലസ്തീൻ ജനത മുറുകെ പിടിക്കുന്ന ദൃഢചിത്തതയെ അഭിനന്ദിക്കുന്നുവെന്നും അമീർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.