ദോഹ: യുദ്ധവും രക്തച്ചൊരിച്ചിലും അവസാനിപ്പിച്ച് ഫലസ്തീനിൽ ശാശ്വത സമാധാനം ഉറപ്പാക്കുകയാണ് ഖത്തറിന്റെ ലക്ഷ്യമെന്ന് പ്രധാനമന്ത്രിയും വിദേശകര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ആൽഥാനി.
മേഖലയിലെ പുതിയ സംഭവവികാസങ്ങൾ ഫലസ്തീൻ ജനതക്ക് ശാശ്വതവും നീതിയുക്തവുമായ സമാധാനത്തിലേക്കും അന്താരാഷ്ട്ര പ്രമേയങ്ങൾക്കനുസൃതമായി അവകാശങ്ങൾ ഉറപ്പാക്കുന്ന രാഷ്ട്രീയ പ്രക്രിയയുടെ തുടക്കം കുറിക്കുകയാണെന്നും മധ്യസ്ഥ ദൗത്യങ്ങൾക്ക് നേതൃത്വം നൽകുന്ന പ്രധാനമന്ത്രി വ്യക്തമാക്കി.
ഫലസ്തീൻ വിഷയവുമായി ബന്ധപ്പെട്ട് ഗൗരവമായ അന്താരാഷ്ട്ര ചർച്ചകൾക്ക് പുതിയ സാഹചര്യങ്ങൾ വഴിയൊരുക്കി. ന്യൂയോർക്കിലെ ഐക്യരാഷ്ട്രസഭ ആസ്ഥാനത്ത് നടന്ന സുരക്ഷാ സമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
സമ്പൂർണ വെടിനിർത്തൽ ആവശ്യപ്പെടാനും മതിയായ മാനുഷിക സഹായം ഉറപ്പാക്കാനും ഗസ്സയിലുടനീളം ആവശ്യക്കാർക്ക് തടസ്സമില്ലാതെ പ്രവേശനമുറപ്പാക്കാനുമുള്ള നടപടികൾക്കുള്ള കൗൺസിലിന്റെ സജീവ നടപടികളാണ് ഖത്തർ താൽപര്യപ്പെടുന്നത്. ഒരുകക്ഷിക്കും മുൻഗണന നൽകാതെ നീതിപൂർവവും വസ്തുനിഷ്ഠവുമായ അന്താരാഷ്ട്ര നിയമം നടപ്പാക്കുകയെന്നതാണ് ആഗ്രഹം.
സിവിലിയന്മാർക്കെതിരെ ഇസ്രായേൽ അധിനിവേശസേന നടത്തുന്ന കുറ്റകൃത്യങ്ങളിലും അതിക്രമങ്ങളിലുമുള്ള അന്താരാഷ്ട്ര സമൂഹത്തിന്റെ നിശ്ശബ്ദതയും ഇരട്ടത്താപ്പ് നിലപാടുകളും മാനവികതക്ക് തീരാകളങ്കമായി തുടരുകയാണ്.
മേഖലയിൽ സമാധാനവും സുരക്ഷിതത്വവും സ്ഥിരതയും ഉറപ്പാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കേണ്ട സമയം അതിക്രമിച്ചതിനാൽ ഈ സാഹചര്യം തടയുന്നതിന് അന്താരാഷ്ട്ര സമൂഹത്തിന് പ്രത്യേകിച്ചും സുരക്ഷാ സമിതിക്ക് വലിയ ഉത്തരവാദിത്തം ഉണ്ട്.
ഗസ്സയിൽ നടപ്പാക്കിയ താൽക്കാലിക വെടിനിർത്തലിനും അടിയന്തരമായി മാനുഷിക സഹായമെത്തിക്കുന്നതിലും അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ മാർഗനിർദേശങ്ങളും വ്യക്തിപരമായ ശ്രദ്ധയും നിർണായകമായെന്ന് ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനി പറഞ്ഞു.
പ്രശ്നങ്ങളുടെ തുടക്കം മുതൽ പ്രാദേശിക, അന്തർദേശീയ നേതാക്കളുമായും ഐക്യരാഷ്ട്രസഭയുമായും ചേർന്ന് തുടർച്ചയായി ആശയവിനിമയം നടത്താൻ ഖത്തർ ഭരണകൂടം പ്രത്യേകം ശ്രദ്ധിച്ചിരുന്നു.
അറബ്-ഇസ്ലാമിക രാജ്യങ്ങളുമായി ഏകോപിച്ച് പ്രവർത്തിക്കുന്നതോടൊപ്പം സംഘർഷങ്ങൾ പരിഹരിക്കുന്നതിന് നയതന്ത്ര ശ്രമങ്ങളും സജീവമാക്കിയതായി അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.