ദോഹ: ഗാലറിയിലും സ്റ്റേഡിയം പരിസരങ്ങളിലും മദ്യം ഒഴിവാക്കി ചരിത്രം കുറിച്ച ഖത്തര്‍ ലോകകപ്പ് ഫുട്ബാളിനെ മാതൃകയാക്കാൻ പാരിസ് ഒളിമ്പിക്സ് കമ്മിറ്റിയും. സ്റ്റേഡിയങ്ങളിലും മത്സരകേന്ദ്രങ്ങളിലും മദ്യത്തിന് വിലക്കേര്‍പ്പെടുത്താൻ ഒളിമ്പിക് ഗെയിംസ് കമ്മിറ്റിയുടെ തീരുമാനം.
കഴിഞ്ഞ നവംബർ, ഡിസംബർ മാസങ്ങളിൽ ഖത്തർ വേദിയായ ലോകകപ്പ് ഫുട്ബാളിൽ മത്സരവേദികളിൽ മദ്യത്തിന് ഏർപ്പെടുത്തിയ വിലക്ക് ടൂർണമെന്റിന്റെ വിജയകരമായ സംഘാടനത്തിൽ നിർണായകമായെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം.
ഫ്രാന്‍സില്‍ 1991 മുതല്‍ ഇവിന്‍ നിയമമനുസരിച്ച് കളിയിടങ്ങളിലും മത്സരങ്ങള്‍ നടക്കുന്ന വേദിയിലും മദ്യത്തിന് വിലക്കുണ്ട്. ഇവിള് ലോ എന്ന് ഫ്രാന്‍സുകാര്‍ വിളിക്കുന്ന ഈ നിയമത്തിന്റെ ചുവടുപിടിച്ചാണ് ഒളിമ്പിക്സിനെ മദ്യമുക്തമാക്കുന്നത്. ലോകകപ്പ് ഫുട്ബാളിനെ ഖത്തര്‍ ലഹരി മുക്തമാക്കി പ്രഖ്യാപിച്ചപ്പോള്‍ കൂടുതല്‍ പ്രതിഷേധമുയര്‍ന്നത് പാശ്ചാത്യ ലോകത്തുനിന്നായിരുന്നു.
സ്റ്റേഡിയങ്ങള്‍ക്ക് അകത്ത് മദ്യം വില്ക്കാന് ഖത്തര്‍ അനുമതി നല്‍കിയിരുന്നില്ല. ഇതിനെ വ്യക്തിസ്വാതന്ത്ര്യത്തിലേക്ക് കടന്നുകയറുന്നു എന്ന ആക്ഷേപമുന്നയിച്ചാണ് പടിഞ്ഞാറന്‍ മാധ്യമങ്ങള്‍ ആക്രമിച്ചത്. എന്നാല്‍, ടൂര്‍ണമെന്റിനെ കൂടുതല്‍ കുടുംബ സൗഹൃദമാക്കിമാറ്റുന്നതിലും സ്ത്രീകൾക്ക് ഗാലറിയിലും മത്സര വേദികളിലും സുരക്ഷിതത്വം നൽകുന്നതിനും കളിയാസ്വാദനത്തിനും ഖത്തറിന്റെ തീരുമാനം സഹായിച്ചു. ആരാധകരില്‍ വലിയൊരു ശതമാനം അനുകൂലമായി അഭിപ്രായപ്പെട്ടത് ലോകകപ്പ് വേളയിൽതന്നെ ശ്രദ്ധനേടിയിരുന്നു.
ടൂര്‍ണമെന്റ് കാലയളവില്‍ ഒരു അനിഷ്ട സംഭവവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല എന്നതും പ്രധാനമായി. ഇപ്പോള്‍ പാരിസ് ഒളിമ്പിക് കമ്മിറ്റികൂടി സമാന രീതിയില്‍ ചിന്തിക്കാന്‍ തുടങ്ങിയതോടെ മറ്റു പ്രധാന ടൂര്‍ണമെന്റുകളും മാറിച്ചിന്തിക്കേണ്ടിവരും. കായിക വേദികളില്‍ പുതിയൊരു സംസ്കാരത്തിന്റെ തുടക്കമെന്ന രീതിയില്‍കൂടി ഖത്തര്‍ ലോകകപ്പ് കൈയടി നേടുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.