ദോഹ: ഖത്തറിലെ ഏറ്റവും വലിയ കടൽ തീര ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി പേൾ ഖത്തർ വികസന ചുമതല വഹിക്കുന്ന യുനൈറ്റഡ് ഡെവലപ്മെന്റ് കമ്പനി (യു.ഡി.സി). 118 വിദഗ്ധരായ മുങ്ങൽ വിദഗ്ധരും വളന്റിയർമാരും താമസക്കാരും പങ്കുചേർന്ന് ‘ഭൗമ ദിനത്തിന്റെ ഭാഗമായി നടത്തിയ ശുചീകരണ യത്നത്തിൽ നീക്കം ചെയ്തത് രണ്ടു ടൺ വരെയുള്ള മാലിന്യങ്ങളാണ്. കടലിലും തീരങ്ങളിലുമായി അടിഞ്ഞുകൂടിയ പ്ലാസ്റ്റിക്, ഖര മാലിന്യങ്ങൾ നീക്കം ചെയ്തവയിൽ ഉൾപ്പെടും.
പേൾ ഐലൻഡിലെ പോർട്ട് അറേബ്യ മറീനയിലായിരുന്നു യു.ഡി.സി നേതൃത്വത്തിൽ മെഗാ ശുചീകരണ ദൗത്യം സംഘടിപ്പിച്ചത്. വിവിധ സ്വകാര്യ, സർക്കാർ സ്ഥാപനങ്ങളും പങ്കുചേർന്നു. റൊണാട്ടിക മിഡിൽ ഈസ്റ്റ്, ഹോസ്പിറ്റാലിറ്റി ഡെവലപ്മെന്റ് കമ്പനി, കൊറിന്ത്യ യാട്ട് ക്ലബ്, സാമൂഹിക കുടുംബ ക്ഷേമ മന്ത്രാലയം, ഖത്തർ സിവിൽ ഡിഫൻസ്, യുനൈറ്റഡ് ഇന്റർനാഷനൽ സ്കൂൾ എന്നിവക്കൊപ്പം വിവിധ സ്ഥാപനങ്ങളും പങ്കുചേർന്നു. നിർമാണ വികസന പ്രവർത്തനങ്ങൾക്കൊപ്പം പരിസ്ഥിതി സംരക്ഷണത്തിനും സുസ്ഥിര പദ്ധതികൾക്കും പിന്തുണ നൽകുകയും ബോധവത്കരിക്കുകയും ചെയ്യുക എന്ന ലക്ഷ്യവുമായാണ് മെഗാ സമുദ്ര ശുചീകരണ യത്നത്തിന് തുടക്കം കുറിച്ചത്.
മേഖലയിലെ 30,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ ശുചീകരണം പൂർത്തിയാക്കി. ഇതോടനുബന്ധിച്ച് 250ഓളം താമസക്കാരും സന്ദർശകരും ദൗത്യത്തിൽ പങ്കുചേർന്നു. മരങ്ങൾ നടൽ, പേപ്പറുകളുടെ പുനരുപയോഗം, ഊർജ സംരക്ഷണ ശ്രമങ്ങൾ തുടങ്ങിയ പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങളിൽ സജീവമായി. ശുചീകരണത്തിന്റെ ഭാഗമായി ശേഖരിച്ച മരം, ലോഹങ്ങൾ, പ്ലാസ്റ്റിക് എന്നിവ ശാസ്ത്രീയമായി സംസ്കരിക്കും. പേൾ ഖത്തർ മേഖലയിലെ പൊതുജനങ്ങൾക്കിടയിൽ പരിസ്ഥിതി സംരക്ഷണവും സുരക്ഷാ ബോധവത്കരണവും നൽകുന്നതിനായി ഉപയോഗപ്പെടുത്തിയതായി സിവിൽ ഡിഫൻസ് ജനറൽ ഡയറക്ടറേറ്റ് ഖലീൽ റാഷിദ് അൽ നഇമി പറഞ്ഞു. പൊതുജനങ്ങൾക്ക് വിവിധ ഘട്ടങ്ങളിൽ ആവശ്യമായ സുരക്ഷാ, അടിയന്തര രക്ഷാ നടപടികൾ സംബന്ധിച്ചുള്ള പ്രദർശനവും ഒരുക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.