ദോഹ: വളർത്തുമൃഗ സ്നേഹികൾക്ക് ആശ്വാസകരമായി ഖത്തർ എയർവേയ്സ് പുതിയ ഓഫർ പ്രഖ്യാപിച്ചു. വളർത്തുമൃഗങ്ങളുടെ യാത്രാക്കൂലിയിൽ കുറവ് വരുത്താനുള്ള യാത്രക്കാരുടെ ആവശ്യമാണ് പുതിയ ഓഫറിലൂടെ പൂർത്തീകരിച്ചിരിക്കുന്നത്. വളർത്തുമൃഗങ്ങൾക്കുള്ള യാത്രാക്കൂലിയിൽ കുറവ് വരുത്തിയതോടൊപ്പം നേരത്തെയുണ്ടായിരുന്നതിൽ നിന്നും ഇരട്ടി തൂക്കവും ഖത്തർ എയർവേയ്സ് അനുവദിച്ചിട്ടുണ്ട്.
യൂറോപ്പിലേക്കും അമേരിക്കൻ രാജ്യങ്ങളിലേക്കും വലിയ വളർത്തുനായകളെ കൊണ്ടുപോകുന്നതിന് നേരത്തേ നിശ്ചയിച്ചിരുന്നത് 400 ഡോളറായിരുന്നു. എന്നാൽ പുതിയ തീരുമാനപ്രകാരം ദോഹക്ക് പുറത്ത് ഇനി ചെലവ് 300 ഡോളർ മാത്രമേ വരികയുള്ളൂ. ഇതോടെ കൂടുതൽ എളുപ്പത്തിൽ വളർത്തുമൃഗങ്ങളെ കൊണ്ടുപോകാൻ യാത്രക്കാർക്ക് സാധിക്കുന്നു.
അതേസമയം, യാത്രക്കാർ സഞ്ചരിക്കുന്ന അതേ വിമാനത്തിൽ വളർത്തുമൃഗങ്ങളെ കൊണ്ടുപോകുന്നതിന് അനുവദിച്ചിരുന്ന തൂക്കത്തിലും ഖത്തർ എയർവേയ്സ് വർധനവ് അനുവദിച്ചിട്ടുണ്ട്. 32 കിലോഗ്രാമിൽ നിന്നും 75 കിലോഗ്രാമായാണ് പുതിയ തൂക്കം അനുവദിച്ചിരിക്കുന്നത്. തങ്ങളുടെ വളർത്തുമൃഗങ്ങളെ കൂടി ഒപ്പം കൊണ്ടുപോകുന്നതിന് യാത്രക്കാർ ഇനി ഖത്തർ എയർവേയ്സിനെ തെരഞ്ഞെടുക്കുന്നതിലേക്കെത്തുകയാണ് ഇതിലൂടെ കമ്പനി ലക്ഷ്യമിടുന്നത്. തങ്ങളുടെ വളർത്തുമൃഗങ്ങളെ സ്വന്തം വിമാനത്തിൽ കൊണ്ടുപോകുന്നതിനായുള്ള വർധിച്ച ആവശ്യങ്ങൾക്കുള്ള ഖത്തർ എയർവേയ്സിെൻറ അനുയോജ്യമായ നടപടി കൂടിയാണിതെന്നാണ് വിലയിരുത്തപ്പെടുന്നത്.
യാത്രക്കാരും അവരുടെ വളർത്തുമൃഗങ്ങളും തമ്മിലുള്ള സ്നേഹബന്ധത്തെക്കുറിച്ച് അറിയാമെന്നും പലപ്പോഴും അവയെ വിട്ടുപിരിയുന്നത് ഉടമസ്ഥർക്ക് വേദനയുളവാക്കുന്നുണ്ടെന്നും ഖത്തർ എയർവേയ്സിെൻറ പുതിയ തീരുമാനം അവർക്കുള്ള ആശ്വാസമാണെന്നും ചീഫ് കൊമേഴ്സ്യൽ ഓഫീസർ ഇഹാബ് അമിൻ പറഞ്ഞു. വളർത്തുമൃഗങ്ങളെ സ്വന്തം വിമാനത്തിൽ അനുവദിക്കുന്ന ലോകത്തിലെ ചുരുക്കം ചില വിമാനകമ്പനികളിലൊന്നാണ് ഖത്തർ എയർവേയ്സെന്നും ഉപഭോക്താക്കളുടെ അനുഭവങ്ങൾ ഏറെ സന്തോഷകരമാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.