ദോഹ: ഖത്തറിലെ പ്രമുഖ ഫാർമസി ശൃംഖലയായ വെൽകെയർ ഫാർമസി നേതൃത്വത്തിൽ ജീവനക്കാരും മാനേജ്മെന്റ് അംഗങ്ങളും ചേർന്ന് അന്താരാഷ്ട്ര ഫാർമസി ദിനം ആഘോഷിച്ചു. വെൽകെയർ ഗ്രൂപ്പിന്റെ 23ാമത് വാർഷികാഘോഷങ്ങളുടെ ഭാഗമായാണ് ഫാർമസി ദിനവും കമ്പനിക്കു കീഴിൽ സംഘടിപ്പിച്ചത്. ഖത്തറിൽ സ്വദേശികൾക്കും പ്രവാസി സമൂഹത്തിനുമിടയിൽ ആരോഗ്യ പരിചരണ മേഖലയിൽ ശ്രദ്ധേയ സംഭാവന നൽകുന്ന ഫാർമസി ശൃംഖലയാണ് വെൽകെയർ ഗ്രൂപ്.
‘ആരോഗ്യ മേഖല ശക്തിപ്പെടുത്തുന്ന ഫാർമസി’ എന്ന പ്രമേയത്തിലാണ് ഇത്തവണ അന്താരാഷ്ട്ര ഫാർമസ്യൂട്ടിക്കൽ ഫെഡറേഷൻ (എഫ്.ഐ.പി) നേതൃത്വത്തിൽ ലോകഫാർമസി ദിനം ആഘോഷിച്ചത്. ആരോഗ്യ സംവിധാനത്തിൽ ഫാർമസിസ്റ്റുകളുടെ പ്രധാന്യം ബോധ്യപ്പെടുത്തുകയും പ്രചാരണം നൽകുകയുമാണ് ഈ പ്രമേയം ഉദ്ദേശിക്കുന്നത്. വെൽകെയർ ഗ്രൂപ്പിനു കീഴിലെ 200ഓളം ഫാർമസിസ്റ്റുകളെ പങ്കെടുപ്പിച്ച് ശിൽപശാല ഉൾപ്പെടെ പരിപാടികൾ സംഘടിപ്പിച്ചു. ദോഹ സയൻസ് ആൻഡ് ടെക്നോളജി യൂനിവേഴ്സിറ്റിയിലെ നോർമൻ വോങ് പങ്കെടുത്തു.
ഖത്തറിലെ സ്വദേശികൾക്കും താമസക്കാർക്കുമിടയിൽ വെൽകെയർ ബ്രാൻഡിനുള്ള വിശ്വാസമാണ് കമ്പനിയുടെ വളർച്ചയിലൂടെ പ്രകടമാക്കുന്നതെന്ന് വെൽകെയർ ഗ്രൂപ് മാനേജിങ് ഡയറക്ടർ കെ.പി. അഷ്റഫ് പറഞ്ഞു. നിരന്തരമായ പഠനവും, അതുവഴി നേടിയെടുക്കുന്ന വളർച്ചയും പ്രവർത്തനമേഖലയിൽ കൂടുതൽ പ്രാപ്തരാക്കി മാറ്റുന്നു. വെൽകെയർ ഗ്രൂപ്പിന്റെ അടിസ്ഥാന ശൈലിയിൽ ആഴത്തിൽ തന്നെ വേരൂന്നിയതാണ് ഇത്. തങ്ങളുടെ സംഘത്തെ അക്കാദമിക് മേഖലയിൽ കൂടുതൽ മെച്ചപ്പെടുത്താനുള്ള ശ്രമം അഭിനന്ദനാർഹമാണെന്നും അദ്ദേഹം പറഞ്ഞു.
സുശക്തമായ ആരോഗ്യ സംവിധാനത്തിൽ ഫാർമസിസ്റ്റുകളുടെ പങ്ക് കൂടുതൽ ബോധ്യപ്പെടുകയും ലോകം ഉൾക്കൊള്ളുകയും ചെയ്യുന്നതായി ഫാർമസി ഓപറേഷൻസ് മാനേജർ മുഹമ്മദ് ഫാറൂഖ് പറഞ്ഞു.
മെർക് ഗ്രൂപ് മെഡിക്കൽ റപ്രസന്റേറ്റിവ് ലന ഉമർ ജാബിർ സംസാരിച്ചു. വിവിധ ആരോഗ്യ വിഷയങ്ങളിൽ പ്രഭാഷണങ്ങളും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.