ദോഹ: ബലിപെരുന്നാൾ അവധിയിലേക്ക് പ്രവേശിച്ചിരിക്കെ അവധി ദിവസങ്ങളിലെ പുതുക്കിയ പ്രവൃത്തി സമയം പ്രൈമറി ഹെൽത്ത് കെയർ കോർപറേഷൻ (പി.എച്ച്.സി.സി) പുറത്തുവിട്ടു. ജൂലൈ മൂന്നു വരെ തുടരുന്ന അവധിക്കാലത്ത് 31 പി.എച്ച്.സി.സി ഹെൽത്ത് സെന്ററുകളിൽ 20 എണ്ണവും പ്രവർത്തിക്കുമെന്ന് കോർപറേഷൻ അറിയിച്ചു.
താഴെ പറയുന്ന 20 ആരോഗ്യ കേന്ദ്രങ്ങളിൽ ഫാമിലി മെഡിസിനും അനുബന്ധ സേവനങ്ങളും രാവിലെ ഏഴു മുതൽ രാത്രി 11 വരെ തുടർച്ചയായി പ്രവർത്തിക്കും. അതേസമയം, ദന്തരോഗ വിഭാഗം രാവിലെ ഏഴ് മുതൽ രാത്രി 10 വരെയായിരിക്കും.
രണ്ടു ഷിഫ്റ്റുകളിലായി പി.എച്ച്.സി.സിക്ക് കീഴിലുള്ള സ്പെഷലൈസ്ഡ് ക്ലിനിക്കുകൾ അവധിക്കാലത്ത് പ്രവർത്തിക്കും. രാവിലെ ഏഴു മുതൽ ഉച്ചക്ക് രണ്ടുവരെയും വൈകീട്ട് നാലു മുതൽ രാത്രി 10 വരെയുമായിരിക്കും സ്പെഷലൈസ്ഡ് ക്ലിനിക്കുകളുടെ പ്രവൃത്തി സമയം.
ലഅബൈബ്, റൗദത് അൽ ഖൈൽ ഹെൽത്ത് സെന്ററുകളിലെ ഒഫ്താൽമോളജി, ഡെർമറ്റോളജി, ഇ.എൻ.ടി ക്ലിനിക്കുകൾ എല്ലാ ദിവസവും പ്രവർത്തിക്കും. 10 ഹെൽത്ത് സെന്ററുകളിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന അടിയന്തര ചികിത്സാ സേവനം ലഭ്യമായിരിക്കുമെന്ന് പി.എച്ച്.സി.സി അറിയിച്ചു. അൽ ഷഹാനിയ, അബൂബക്കർ അൽ സിദ്ദീഖ്, മുഐദർ, അൽ റുവൈസ്, അൽ കഅ്ബാൻ, ഉംസലാൽ, ഗറാഫത് അൽ റയ്യാൻ, റൗദത് അൽ ഖൈൽ, അൽ മഷാഫ്, അൽ സദ്ദ് എന്നിവ.
മരുന്നുകളുടെ ഹോം ഡെലിവറി സേവനം ബുധനാഴ്ച മുതൽ മുതൽ വെള്ളി വരെ ഉണ്ടായിരിക്കില്ല. ജൂലൈ ഒന്ന് ശനി മുതൽ സേവനം പുനരാരംഭിക്കും. കമ്യൂണിറ്റി കോൾ സെന്ററിൽ 16000 ഹോട്ട്ലൈൻ എല്ലാ ദിവസവും മുഴുവൻ സമയവും പ്രവർത്തിക്കും. കോവിഡ് വാക്സിൻ അപ്പോയ്മെന്റിനായുള്ള 40277077 ഹോട്ട്ലൈൻ രാവിലെ 7 മുതൽ രാത്രി 10 വരെ എല്ലാ ദിവസവും പ്രവർത്തിക്കും.
ദോഹ: ഈദ് അവധി ദിവസങ്ങളിലെ പ്രവൃത്തി സമയങ്ങൾ പ്രഖ്യാപിച്ച് ഹമദ് മെഡിക്കൽകോർപറേഷൻ. ഹമദിനു കീഴിലെ ഒ.പി ക്ലിനിക്കുകൾ ചൊവ്വാഴ്ച മുതൽ ജൂലൈ മൂന്നു വരെ അവധിയായിരിക്കും. അർജന്റ് കൺസൾട്ടേഷൻ സർവിസും ജൂൈല മൂന്നു വരെ അവധിയാണ്.
അതേസമയം, ട്രോമ-എമർജൻസി സെന്ററുകൾ എല്ലാ ദിവസങ്ങളിലും 24 മണിക്കൂറും പതിവുപോലെ തന്നെ പ്രവർത്തിക്കും. പീഡിയാട്രിക് എമർജൻസി സെന്ററും 24 മണിക്കുറും പ്രവർത്തിക്കും. 14 വയസ്സിനു താഴെ പ്രായമുള്ളവർക്കാണ് പീഡിയാട്രിക് എമർജൻസിയിൽ ചികിത്സാ സൗകര്യമുണ്ടാവുക. ആംബുലൻസ് സർവിസിനും മുടക്കമില്ല.
16060 നസ്മഅക് കാൾസെന്റർ , സർക്കാർ ഹെൽത്കെയർ ഹോട് ലൈൻ കാൾസെന്റർ (16000) എന്നിവ മുഴുസമയവും സേവനസജ്ജമായിരിക്കും.
ഫാർമസി ഹോം ഡെലിവറി സേവനം ജൂലൈ മൂന്നു വരെ ഉണ്ടായിരിക്കില്ല. നാഷനൽ മെന്റൽ ഹെൽത്ത് ഹെൽപ്ലൈനും അവധിയായിരിക്കും.
രക്തദാന കേന്ദ്രമായ നാഷനൽ ബ്ലഡ് ഡൊണേഷൻ സെന്റർ ജൂൺ 30 വരെ അവധിയാണ്. ജൂൺ ഒന്നു മുതൽ മൂന്നു വരെ രാവിലെ 10 മുതൽ എട്ടുവരെ പ്രവർത്തിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.