ദോഹ: ഫാമിലി മെഡിസിൻ മാതൃകയുടെ രണ്ടാം ഘട്ടത്തിൽ എല്ലാ ഹെൽത്ത് സെന്ററുകളിലും കേസ് മാനേജ്മെന്റ് സേവനം ആരംഭിച്ച് പി.എച്ച്.സി.സി (പ്രൈമറി ഹെൽത്ത് കെയർ കോർപറേഷൻ). ഉംസലാൽ, വജബ, വക്റ, വെസ്റ്റ്ബേ ഹെൽത്ത് സെന്ററുകളിൽ ആരംഭിച്ച കേസ് മാനേജ്മെന്റ് സേവനത്തിന്റെ പ്രാഥമികഘട്ടം വിജയകരമായതിനെ തുടർന്നാണ് കോർപറേഷന് കീഴിലുള്ള മുഴുവൻ കേന്ദ്രങ്ങളിലേക്കും ഈ സേവനം വ്യാപിപ്പിച്ചിരിക്കുന്നത്.
സംയോജിത ഫാമിലി മെഡിസിൻ മാതൃകയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനാൽ കേസ് മാനേജ്മെന്റ് സേവനം അവതരിപ്പിക്കുന്നത് പി.എച്ച്.സി.സി പ്രവർത്തനത്തിലെ സുപ്രധാന നാഴികക്കല്ലായാണ് വിലയിരുത്തപ്പെടുന്നത്.
ലോകമെമ്പാടുമുള്ള ആരോഗ്യ പരിരക്ഷ കേന്ദ്രങ്ങളിൽ പരീക്ഷിച്ച് വിജയിച്ചതും ആഗോളാടിസ്ഥാനത്തിൽ അംഗീകരിക്കപ്പെട്ടതുമായ ഒരു സേവനമാണ് കേസ് മാനേജ്മെന്റ്. ഒന്നിലധികം വിട്ടുമാറാത്ത രോഗാവസ്ഥയുള്ള അല്ലെങ്കിൽ സങ്കീർണമായ പരിചരണം ആവശ്യമായിവരുന്ന രോഗികൾക്ക് സമഗ്രവും തുടർച്ചയായതുമായ പരിചരണം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് കേസ് മാനേജ്മെന്റ് സേവനം രൂപകൽപന ചെയ്തിരിക്കുന്നത്.ആരോഗ്യ ചികിത്സ പ്രഫഷനലുകളുടെ മൾട്ടി ഡിസിപ്ലിനറി സംഘത്തെ ഒരുമിപ്പിക്കുന്ന സംയോജിത പരിചരണ മാതൃകയാണ് പി.എച്ച്.സി.സിയുടെ കേസ് മാനേജ്മെന്റ് സേവനം.
പ്രാഥമികാരോഗ്യ പരിചരണത്തിൽ ആരോഗ്യ സേവനങ്ങൾ മുന്നോട്ട് കൊണ്ടു പോകുന്നതിനുള്ള പ്രതിബദ്ധതയുടെ ഭാഗമാണ് കേസ് മാനേജ്മെന്റ് സേവനമെന്ന് പി.എച്ച്.സി.സി ഓപറേഷൻ എക്സിക്യൂട്ടിവ് മേധാവി ഡോ. സംയ അബ്ദുല്ല പറഞ്ഞു. തുടർചികിത്സ പ്രോത്സാഹിപ്പിക്കുന്നതിനും ആശുപത്രിപ്രവേശനം കുറക്കുന്നതിനും രോഗികൾക്ക് ഉചിതമായ പരിചരണം കൃത്യസമയത്ത് ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും കേസ് മാനേജ്മെന്റ് സേവനം സഹായകമാവും. വിട്ടുമാറാത്ത രോഗങ്ങളെ തുടർന്ന് ബുദ്ധിമുട്ടുന്നവർക്ക് അവരുടെ സാഹചര്യങ്ങൾ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനും സൗകര്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.