ദോഹ: കുട്ടികൾക്കുള്ള ചികിത്സ ഉൾപ്പെടെ അടിയന്തര ചികിത്സ മേഖലയിൽ സംഭാവന നൽകി പ്രൈമറി ഹെൽത്ത് കെയർ കോർപറേഷൻ (പി.എച്ച്.സി.സി). ജനുവരിയിൽ തുറന്ന ഉം അൽ സനീമിലെ ഹെൽത്ത് സെന്ററുൾപ്പെടെ ഒരു വർഷത്തിനിടയിൽ മൂന്ന് പുതിയ ഹെൽത്ത് സെന്ററുകളാണ് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തത്.
പി.എച്ച്.സി.സിക്ക് കീഴിലെ ആരോഗ്യ കേന്ദ്രങ്ങളിൽ അത്യാധുനിക മെഡിക്കൽ ഉപകരണങ്ങൾ സജ്ജമാക്കുന്നതോടൊപ്പം ഉയർന്ന പരിശീലനം ലഭിക്കുകയും പരിചയസമ്പന്നരുമായ ആരോഗ്യവിദഗ്ധരെ നിയമിക്കുകയും ചെയ്യുന്നു. കൂടാതെ പ്രാഥമിക പരിചരണം, സ്പെഷലിസ്റ്റ് കെയർ, ഡയഗ്നോസ്റ്റിക് സേവനങ്ങൾ.
പ്രതിരോധ പരിചരണം എന്നിവയുൾപ്പെടെ വിപുലമായ സേവനമാണ് കോർപറേഷൻ പ്രാഥമികാരോഗ്യ പരിചരണമേഖലയിൽ വാഗ്ദാനംചെയ്യുന്നത്. രോഗികൾക്ക് വിദൂര വൈദ്യസഹായം ലഭ്യമാക്കുന്നതിന് സൗകര്യപ്രദമായ ടെലി മെഡിസിൻ സേവനങ്ങളും പി.എച്ച്.സി.സി നൽകിവരുന്നു.
സമൂഹത്തിന്റെ ആരോഗ്യവും ക്ഷേമവും ലക്ഷ്യംവെച്ചുള്ള സുപ്രധാന നിക്ഷേപത്തെ പ്രതിനിധാനംചെയ്താണ് ഈ ആരോഗ്യ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നതെന്നും സമൂഹത്തിന്റെ ആരോഗ്യവും ക്ഷേമവും മെച്ചപ്പെടുത്തുന്നതിൽ പി.എച്ച്.സി.സിയുടെ പ്രതിബദ്ധതയുടെ തെളിവാണിതെന്നും കോർപറേഷൻ മാനേജിങ് ഡയറക്ടർ ഡോ. മർയം അബ്ദുൽ മലിക് പറഞ്ഞു.
കഴിഞ്ഞ വർഷം രണ്ട് പുതിയ ആരോഗ്യ കേന്ദ്രങ്ങൾ പൂർത്തീകരിക്കുകയും തുറന്നു കൊടുക്കുകയും ചെയ്തത് 2022 ഫിഫ ലോകകപ്പ് തയാറെടുപ്പിൽ ആരോഗ്യസംരക്ഷണ സംവിധാനത്തിന്റെ സുപ്രധാന നാഴികക്കല്ലായിരുന്നു. വിനോദസഞ്ചാരികളും സന്ദർശകരും എത്തുന്നതോടെ എല്ലാവർക്കും ഗുണനിലവാരമുള്ള പരിചരണം ലഭ്യമാക്കുന്നതിന് മതിയായ ആരോഗ്യ സംരക്ഷണ സൗകര്യം ഉണ്ടാകേണ്ടത് അനിവാര്യമാണ് -ഡോ. മർയം അബ്ദുൽ മലിക് വ്യക്തമാക്കി.
പുതിയ ആരോഗ്യകേന്ദ്രങ്ങൾ കുട്ടികൾക്കായി ശിശുരോഗികളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി പ്രത്യേകം രൂപകൽപന ചെയ്തതാണെന്നും കൂടുതൽ അടിയന്തര പരിചരണ സേവനങ്ങൾ ഇവിടെ ലഭ്യമാക്കുന്നുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി.
ആരോഗ്യ സംരക്ഷണ സൗകര്യങ്ങളിലേക്കുള്ള ഖത്തറിന്റെ നിക്ഷേപം ആരോഗ്യ സേവനങ്ങളിലേക്കുള്ള പ്രവേശനം മെച്ചപ്പെടുത്തുന്നതിനും കാത്തിരിപ്പ് സമയം കുറക്കുന്നതിനും പരിചരണത്തിന്റെ ഗുണനിലവാരം വർധിപ്പിക്കുന്നതിനും ലക്ഷ്യമിടുന്നു.
നല്ല പരിശീലനം ലഭിച്ച ആരോഗ്യ പ്രവർത്തകരാൽ ആധുനികവും സുസജ്ജവുമായ സൗകര്യം നൽകുന്നതിലൂടെ പി.എച്ച്.സി.സി അതിന്റെ പൗരന്മാർക്കും താമസക്കാർക്കും അവർക്ക് ആവശ്യമുള്ളപ്പോൾ കൃത്യമായ പരിചരണം ലഭിക്കുന്നുവെന്ന് ഉറപ്പാക്കുന്നുവെന്നും ഡോ. മർയം അബ്ദുൽ മലിക് വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.