ദോഹയിലെ പാർക്കുകളിലൊന്ന് 

മരങ്ങൾ നട്ട് സീറോ കാർബൺ ലക്ഷ്യത്തിലേക്ക്

ദോഹ: മരങ്ങൾ വെച്ചുപിടിപ്പിച്ചും പൂന്തോട്ടങ്ങളും പാർക്കുകളും പച്ചപ്പണിയിച്ചും കാലാവസ്ഥ വ്യതിയാന ഭീഷണിയെ നേരിടുന്ന രാജ്യം 2050ഓടെ സീറോ കാർബൺ ബഹിർഗമനം എന്ന ലക്ഷ്യത്തിലെത്തുമെന്ന് പരിസ്ഥിതി കാലാവസ്ഥ വ്യതിയാന മന്ത്രാലയം. കാർബൺ പുറന്തള്ളുന്നത് കുറച്ച് കാലാവസ്ഥ വ്യതിയാനത്തിനെതിരായ പോരാട്ടത്തിലാണ് രാജ്യമെന്നും പരിസ്ഥിതി സംരക്ഷണ മേഖലയിൽ നിരവധി സമഗ്ര പദ്ധതികളും പരിപാടികളുമാണ് രാജ്യം നടത്തുന്നതെന്നും മന്ത്രാലയം ഉപദേഷ്ടാവ് ഡോ. മുഹമ്മദ് ബിൻ സൈഫ് അൽ കുവാരി പറഞ്ഞു. 2022 അവസാനത്തോടെ ദശലക്ഷം മരങ്ങളും, 2030ഓടെ 10 ദശലക്ഷം മരങ്ങളും നട്ടുവളർത്തുന്ന പദ്ധതി ആഗോള താപനം ചെറുക്കുന്നതിനുള്ള പ്രധാനപ്പെട്ട പരിശ്രമമാണെന്നും ഖത്തർ റേഡിയോക്ക് നൽകിയ അഭിമുഖത്തിൽ ഡോ. അൽ കുവാരി കൂട്ടിച്ചേർത്തു.

പ്രാദേശിക കാലാവസ്ഥക്ക് അനുയോജ്യമായ, വരണ്ട കാലാവസ്ഥയിലും നിലനിൽക്കുന്ന, കുറഞ്ഞ അളവിൽ ജലം ആവശ്യമായി വരുന്ന മരങ്ങളാണ് 10 ദശലക്ഷം മരങ്ങളെന്ന സംരംഭത്തിൽ ഉൾപ്പെടുത്തിയത്.

500 കിലോമീറ്ററിലധികം ദൈർഘ്യമുള്ള കടൽത്തീരമാണ് ഖത്തറിനുള്ളത്. ഇവയിൽ മിക്കയിടങ്ങളിലും വലിയ തോതിൽ കണ്ടൽചെടികൾ വളരുന്നുണ്ട്. അന്തരീക്ഷത്തിൽനിന്നും കാർബൺ ഡൈ ഓക്സൈഡ് വലിയ അളവിൽ വലിച്ചെടുക്കാൻ കണ്ടൽക്കാടുകൾക്ക് സാധിക്കും -അദ്ദേഹം വിശദീകരിച്ചു.

ഒരു ദിവസം ഒരു കണ്ടൽച്ചെടിക്ക് 1.5 കിലോഗ്രാം വരെ കാർബൺ ഡൈ ഓക്സൈഡ് വലിച്ചെടുക്കാൻ സാധിക്കും. ദശലക്ഷത്തിലധികം മരം നട്ടുവളർത്തുകയാണ് ലക്ഷ്യം. പരിസ്ഥിതി ശുചീകരിക്കുന്നതിലും മലിനീകരണം കുറക്കുന്നതിലും അവ വലിയ മാറ്റം കൊണ്ടുവരുമെന്ന കാര്യത്തിൽ തർക്കവും സംശയവുമില്ല.

പാരിസ് കരാർ പ്രകാരം 2030ഓടെ ആഗോള കാർബൺ ബഹിർഗമനം 45 ശതമാനമായി കുറക്കണമെന്നും 2050ഓടെ നെറ്റ് സീറോ കാർബൺ എന്ന ലക്ഷ്യം കൈവരിക്കണമെന്നും നിഷ്കർഷിക്കുന്നു -അദ്ദേഹം ചൂണ്ടിക്കാട്ടി.

തരിശായിക്കിടക്കുന്ന ഭൂമിയെ ഹരിതാഭമാക്കുന്നതിനുള്ള റിഹാബിലിറ്റേഷൻ സംരംഭവും ഖത്തർ ഗവൺമെന്റ് നടപ്പാക്കുന്നുണ്ട്. പ്രത്യേകിച്ചും തരിശ് ഭൂമികളിൽ പുൽമേടുകൾ പിടിപ്പിക്കുകയാണ് ലക്ഷ്യം.

ചെടികളും മരങ്ങളും സംരക്ഷിക്കുന്നതിന്‍റെ ഭാഗമായി നിരവധി തോട്ടങ്ങളും പുൽമേടുകളും വേലികെട്ടി സംരക്ഷിക്കുന്നുണ്ടെന്നും രാജ്യത്തെ അപൂർവം സസ്യങ്ങളെയും വൃക്ഷങ്ങളെയും സംരക്ഷിക്കുന്നതിന് മുനിസിപ്പാലിറ്റി മന്ത്രാലയവും പരിസ്ഥിതി, കാലാവസ്ഥ വ്യതിയാന മന്ത്രാലയവും പ്രത്യേക കാമ്പയിൻ നടത്തിവരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Planting trees towards zero carbon goal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.