ദോഹ: മിഡിലീസ്റ്റിൽ കോവിഡ് മഹാമാരിയെത്തുടർന്ന് നിശ്ചലമായ വിനോദസഞ്ചാര സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിച്ച് ആഭ്യന്തര, വിദേശ സഞ്ചാരികളുടെ യാത്രകൾ. 2019ലെ വിനോദസഞ്ചാരികളുടെയും സന്ദർശകരുടെയും എണ്ണമായ 19 ദശലക്ഷവുമായി താരതമ്യം ചെയ്യുമ്പോൾ 2023ൽ ഇതുവരെയായി മിഡിലീസ്റ്റിലേക്ക് ഒഴുകിയെത്തിയത് 33 ദശലക്ഷം സന്ദർശകരാണെന്ന് ഡബ്ല്യു.ടി.എം ഗ്ലോബൽ ട്രാവൽ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
കോവിഡ് മഹാമാരിയുടെ ആഘാതത്തിൽനിന്നും പൂർണമായും മുക്തമായ ഏകമേഖലയും മിഡിലീസ്റ്റാണെന്നും ഡബ്ല്യു.ടി.എം റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
2019നെ അപേക്ഷിച്ച് വിദേശികളുടെ യാത്രാചെലവിൽ 46 ശതമാനം വർധനവോടെ മിഡിലീസ്റ്റ്, ജി.സി.സി രാജ്യങ്ങളാണ് ലോകാടിസ്ഥാനത്തിൽ മുന്നിട്ടുനിൽക്കുന്നതെന്നും ടൂറിസം ഇക്കണോമിക്സുമായി ചേർന്ന് പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ സൂചിപ്പിച്ചു.ആഭ്യന്തര യാത്രകളിലും മറ്റു മേഖലകളെയെല്ലാം മിഡിലീസ്റ്റ് കവച്ചുവെച്ചു. 2019നുശേഷം 176 ശതമാനമാണ് ഈ രംഗത്ത് വളർച്ച രേഖപ്പെടുത്തിയത്.
സൗദി അറേബ്യ, യു.എ.ഇ, ഖത്തർ എന്നീ രാജ്യങ്ങൾ വിനോദസഞ്ചാര മേഖലയിൽ കാണിക്കുന്ന പ്രതിബദ്ധതയും മേഖലയുടെ വളർച്ചയിൽ പ്രധാന പങ്കുവഹിച്ചതായി റിപ്പോർട്ടിൽ പറയുന്നു.
ഹൈഡ്രോകാർബണുകളെ പൂർണമായും ആശ്രയിക്കുന്നതിൽനിന്നും മാറിനിൽക്കുന്നതിനുള്ള പ്രധാന തന്ത്രമായി വിനോദസഞ്ചാര മേഖലയെ കാണുന്നതിനാൽ ജി.സി.സി രാജ്യങ്ങളിലധികവും വിനോദസഞ്ചാര അടിസ്ഥാന സൗകര്യങ്ങളിൽ വൻതോതിലാണ് നിക്ഷേപം നടത്തുന്നതെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടി.
വിനോദസഞ്ചാര മേഖലക്ക് ആവേശം നൽകുന്നതും ചലനാത്മകതയുള്ളതുമായ പ്രദേശങ്ങളിലൊന്ന് മിഡിലീസ്റ്റാണെന്ന് ലണ്ടൻ വേൾഡ് ട്രാവൽ മാർക്കറ്റ് എക്സിബിഷൻ ഡയറക്ടർ ജൂലിയറ്റ് ലൊസാർഡോ പറഞ്ഞു. വിനോദസഞ്ചാര മേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിലെ പ്രാരംഭ നിക്ഷേപങ്ങൾ ഇതിനകം ലാഭവിഹിതം നൽകിത്തുടങ്ങിയതായും ഡബ്ല്യു.ടി.എം റിപ്പോർട്ടിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.