ഇന്ത്യന്‍ ഫാന്‍സ് ഫിയസ്റ്റ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ദോഹ: ലോകകപ്പ് ആരവങ്ങള്‍ക്ക് ആവേശം പകരാന്‍ എക്സ്പാറ്റ്‌ സ്പോർട്ടിവ്‌ സംഘടിപ്പിക്കുന്ന ഇന്ത്യന്‍ ഫാന്‍സ് ഫിയസ്റ്റ ഉദ്ഘാടനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു. മാർച്ച്‌ 25 വെള്ളിയാഴ്ച വൈകീട്ട് 3.30 മുതൽ മിസൈമീർ ഹാമില്‍ട്ടൻ ഇന്‍റര്‍നാഷനല്‍ സ്കൂളിലാണ് ഫാൻസ്‌ ഫിയസ്റ്റ ഉദ്ഘാടന പരിപാടികൾ നടക്കുക. ഉദ്ഘാടനത്തോടനുബന്ധിച്ച് ഖത്തര്‍ ലോകകപ്പിലേക്ക് യോഗ്യത നേടിയ ഖത്തര്‍, ബെല്‍ജിയം, ബ്രസീല്‍, ഫ്രാന്‍സ്, അര്‍ജന്‍റീന, ഇംഗ്ലണ്ട്, സ്പെയിന്‍, ഡെന്മാര്‍ക്ക്, നെതര്‍ലൻഡ്സ്, ജര്‍മനി, സ്വിറ്റ്സര്‍ലൻഡ്, ക്രൊയേഷ്യ, ഇറാന്‍, സെര്‍ബിയ, സൗത്ത് കൊറിയ ടീമുകളുടെ ജഴ്സിയില്‍ ഖത്തറിലെ മുന്‍നിര പ്രവാസി ടീമുകള്‍ തമ്മിലേറ്റുമുട്ടും.

സിറ്റി എക്സ്ചേഞ്ച്, മേറ്റ്സ് ഖത്തർ, എ ടു ഇെസഡ് ലയൻസ്, ഒറിക്സ് എഫ്.സി, എസ്ദാൻ എഫ്. സി, ഐ.സി.എ അലുംനി, ഫ്രൈഡേ എഫ്.സി, ന്യൂട്ടൻ എഫ്.സി തുടങ്ങിയ ടീമുകളാണ് കളത്തിലിറങ്ങുക. വൈകീട്ട് നാലിന് നടക്കുന്ന ഉദ്ഘാടന പരിപാടിയിൽ അഞ്ഞൂറിലധികം ആളുകൾ പങ്കെടുക്കുന്ന ഫാന്‍സ് പരേഡും കൾചറൽ ഷോയും പരിപാടിയുടെ മുഖ്യ ആകർഷണമായിരിക്കും. ലോകകപ്പിന്‌ ഇന്ത്യന്‍ സമൂഹത്തിന്‍റെ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇന്ത്യന്‍ ടീം ജഴ്സിയിലും കളിക്കാര്‍ പരേഡില്‍ അണിനിരക്കും. കുട്ടികളുടെയും മുതിര്‍ന്നവരുടെയും നൃത്തനൃത്യങ്ങളും അഭ്യാസപ്രകടനങ്ങളും അരങ്ങേറും. ഉദ്ഘാടന പരിപാടിയില്‍ കായിക, സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും.

കുട്ടികൾക്കും കുടുംബങ്ങൾക്കുമായി വിവിധ മത്സരങ്ങളും നടക്കും. ലോകകപ്പിന്‍റെ വേദിയായ എട്ട് സ്റ്റേഡിയങ്ങളിലേതെങ്കിലും ഒന്നിനോടൊപ്പം പകര്‍ത്തിയ സെല്‍ഫിയോ സ്റ്റേഡിയങ്ങളുടെ പാശ്ചാത്തലത്തില്‍ ഒറ്റക്കുള്ളതോ ഗ്രൂപ്പായോ എടുത്ത ഫോട്ടോകളോ മത്സരത്തിനായി സമര്‍പ്പിക്കാം. മാര്‍ച്ച് 24നുള്ളില്‍ ലഭിക്കുന്നവയില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ടവക്ക് ടൂര്‍ണമെന്റ് വേദിയില്‍ സമ്മാനങ്ങള്‍ നല്‍കും. ഫുട്ബാള്‍ ജിഗ്ലിങ് ഉൾപ്പെടെ വിവിധ മത്സര പരിപാടികൾ നടക്കും. മത്സരങ്ങളുടെ വിശദ വിവരങ്ങള്‍ക്കും രജിസ്ട്രേഷനുമായി എക്സ്പാറ്റ് സ്പോര്‍ട്ടിവ് ഫേസ്ബുക്ക് പേജ് സന്ദര്‍ശിക്കാം.

Tags:    
News Summary - Preparations for Indian Fans Fiesta are complete

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.