രേഖകൾ ബന്ധിപ്പിക്കാൻ പൊതു, സ്വകാര്യ ആശുപത്രികൾ കൈകോർക്കുന്നു


ദോഹ: സ്വകാര്യ-സർക്കാർ ആശുപത്രികളിലെ രോഗീ വിവരങ്ങൾ ബന്ധിപ്പിക്കുന്ന പദ്ധതിയു​മായി ആരോഗ്യ മന്ത്രാലയം. രണ്ടിടങ്ങളിലും ചികിത്സ തേടുന്ന രോഗികളുടെ മെഡിക്കൽ പരിശോധനകളും മറ്റു ടെസ്റ്റുകളും ആവർത്തിക്കുന്നത് ഒഴിവാക്കുന്നതിന് സഹായകമാവുന്നതാണ് മന്ത്രാലയം നടപ്പാക്കുന്ന പദ്ധതി.

മെഡിക്കൽ പരിശോധനകൾ ആവർത്തിക്കാതിരിക്കാൻ സർക്കാർ ആരോഗ്യ സൗകര്യങ്ങളെ സ്വകാര്യ ആശുപത്രികളുമായി ബന്ധിപ്പിക്കുകയെന്നതാണ് പുതുവർഷത്തിലെ പ്രധാന പദ്ധതിയെന്ന് ആരോഗ്യ മന്ത്രാലയത്തിലെ നോൺ കമ്യൂണിക്കബിൾ ഡിസീസ് പ്രിവൻഷൻ ഡിപ്പാർട്മെന്റ് മേധാവി ശൈഖ് ഡോ. മുഹമ്മദ് ബിൻ ഹമദ് ആൽഥാനി പറഞ്ഞു.

ഒരിക്കൽ ഒരു പരിശോധന നടത്തിയാൽ അത് മറ്റൊരു ഡോക്ടർ ആവർത്തിക്കേണ്ട ആവശ്യമില്ലെന്നും ആവർത്തന പരിശോധന ഒഴിവാക്കുന്നതിലൂടെ രോഗികളുടെ സമയവും ചെലവും ലാഭിക്കാമെന്നും ഖത്തർ ടി.വിക്ക് നൽകിയ അഭിമുഖത്തിൽ ശൈഖ് ഡോ. ആൽഥാനി പറഞ്ഞു.

‘രോഗികളുടെ കാത്തിരിപ്പ് സമയം കുറക്കാനാണ് ശ്രമിക്കുന്നത്. പ്രമേഹം, ഉയർന്ന രക്തസമ്മർദം, പൊണ്ണത്തടി എന്നിവ പോലുള്ള പകർച്ചവ്യാധികളല്ലാത്ത രോഗങ്ങൾ ആദ്യ ഘട്ടത്തിൽ കണ്ടെത്തുന്നതിന് ആരോഗ്യ പരിശോധന നടത്താൻ ആളുകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു’ -അദ്ദേഹം കൂട്ടിച്ചേർത്തു.

ആരോഗ്യകരമായ ജീവിതം നയിക്കുന്നതിന് ദന്തപരിശോധനക്ക് വിധേയരാകാൻ ആളുകളെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. വർഷങ്ങളായി ആരോഗ്യ മേഖലയിലെ നിക്ഷേപങ്ങളും പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെയും പ്രാഥമികാരോഗ്യ കോർപറേഷന്റെയും പിന്തുണയും ആളുകൾക്ക് അവരുടെ പ്രദേശങ്ങളിൽ ആരോഗ്യ സൗകര്യങ്ങൾ ലഭ്യമാക്കുന്നതിൽ നിർണായകമായെന്നും അദ്ദേഹം വ്യക്തമാക്കി. ഖത്തർ വിഷൻ 2030ന്റെ ലക്ഷ്യങ്ങൾക്കനുസൃതമായി 2024-2030 കാലയളവിലേക്കുള്ള പുതിയ ആരോഗ്യ തന്ത്രം ആരംഭിക്കുന്നതിനാൽ 2024 സവിശേഷമായ വർഷമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രണ്ടാം ആരോഗ്യ തന്ത്രത്തിന് കീഴിൽ ആരോഗ്യ മേഖലയിലെ ലക്ഷ്യങ്ങളിൽ 90 ശതമാനവും ഞങ്ങൾ കരസ്ഥമാക്കിയതായും ശൈഖ് ഡോ. ആൽഥാനി പറഞ്ഞു.

Tags:    
News Summary - Public and private to connect records Hospitals join hands

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.