ദോഹ: മിഡിലീസ്റ്റിൽ ആദ്യമായെത്തുന്ന ലോകകപ്പിന് കേവലം മാസങ്ങൾ ബാക്കിയിരിക്കെ ഖത്തർ ഒരുക്കുന്നത് പ്രകൃതി സൗഹൃദ ടൂർണമെൻറ്. സുരക്ഷിതവും വിശ്വാസയോഗ്യവും എല്ലാവർക്കും എത്തിപ്പെടാൻ സാധിക്കുകയും ചെയ്യുന്ന സമഗ്രമായ ഗതാഗത സംവിധാനമാണ് തയാറാകുന്നതെന്ന് സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി അറിയിച്ചു.
ലോകകപ്പിനുശേഷവും നിലനിൽക്കുന്നതും പരിസ്ഥിതി ആഘാതം കുറക്കുന്നതുമായ സുസ്ഥിരമായ പദ്ധതികളാണ് ലോകകപ്പുമായി ബന്ധപ്പെട്ട് നടപ്പിലാക്കിയിരിക്കുന്നത്.
രാജ്യത്തിെൻറ അന്തരീക്ഷത്തിലെ കാർബൺ അളവ് കുറക്കുന്നതിനുള്ള പദ്ധതികളുമുണ്ട്. ചരിത്രത്തിലെ പ്രഥമ കാർബൺ ന്യൂട്രൽ ലോകകപ്പിന് കൂടിയാണ് ഖത്തർ ആതിഥ്യമരുളാനിരിക്കുന്നത്.
അടുത്തടുത്തായാണ് സ്റ്റേഡിയങ്ങൾ എന്നതിനാലും എല്ലായിടത്തേക്കും കുറഞ്ഞ യാത്ര മാത്രം എന്നതും 2022 ഫിഫ ലോകകപ്പിനെ വ്യത്യസ്തമാക്കുന്നു. ഇതിനാൽതന്നെ ഫുട്ബാളിെൻറ ചരിത്രത്തിലെ ഏറ്റവും കോംപാക്ട് എഡിഷനാണ് ഖത്തർ ആതിഥ്യമരുളുന്നത്. 28 ദിവസത്തിനുള്ളിൽ 64 മത്സരങ്ങളാണ് നടക്കാനിരിക്കുന്നത്. രണ്ട് സ്റ്റേഡിയങ്ങൾ തമ്മിലുള്ള ഏറ്റവും കൂടിയ ദൂരം കേവലം 75 കിലോമീറ്റർ മാത്രം. ഖത്തർ ലോകകപ്പിെൻറ ഏറ്റവും വലിയ പരിസ്ഥിതി നേട്ടം ആഭ്യന്തര വിമാന സർവിസുകൾ ഇല്ലാതായതാണ്.
ദോഹ മെേട്രാ, ലൈറ്റ് റെയിൽ ട്രാം, ഫ്യുവൽ എഫിഷ്യൻറ് ബസുകൾ തുടങ്ങിയ പരിസ്ഥിതി സൗഹൃദ ഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കുന്നതിലൂടെ കാർബൺ പുറന്തള്ളുന്നതിെൻറ അളവ് ഗണ്യമായി കുറയുമെന്ന് സുപ്രീം കമ്മിറ്റി മൊബിലിറ്റി ഡയറക്ടർ ഥാനി അൽ സർറാ പറഞ്ഞു. ലോകകപ്പിനെത്തുന്ന കളിേപ്രമികൾക്ക് പിന്നീട് തങ്ങളുടെ രാജ്യത്തേക്കുള്ള മടക്കവിമാന യാത്ര മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. ആഭ്യന്തര വിമാനയാത്രകൾ ലോകകപ്പിനായി വേണ്ടാത്തത് അന്തരീക്ഷത്തിലേക്ക് പുറന്തള്ളപ്പെടുന്ന കാർബൺ അളവ് കുറക്കുകയും ചെയ്യും.
ലോകകപ്പിനായി ഒരു ദശലക്ഷത്തോളം ആരാധകർ ഖത്തറിലെത്തുമെന്നാണ് കണക്കുകൂട്ടുന്നത്. മേഖലയിലെതന്നെ ഏറ്റവും വലിയ സുസ്ഥിര വിമാനത്താവളമായ ഹമദ് രാജ്യാന്തര വിമാനത്താവളമാണ് കാണികൾക്കായി തയാറായിരിക്കുന്നത്. കഹ്മറയുടെ തർശീദ് പരിപാടിയുമായി ചേർന്ന് ആരംഭിച്ച പദ്ധതിയിലൂടെ 1000 ടൺ കാർബൺ പുറന്തള്ളപ്പെടുന്നത് കുറക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ദോഹ മെേട്രാ, ട്രാം, ബസ് സർവിസുകൾ എന്നിവ ലോകകപ്പിനെത്തുന്ന ആരാധകർക്ക് ഏറെ ആശ്വാസകരമാകും. ഹോട്ടലുകളിലേക്കും സ്റ്റേഡിയങ്ങളിലേക്കും വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും എത്തുന്നതിന് രാജ്യത്തിെൻറ പൊതുഗതാഗത സംവിധാനംതന്നെ ധാരാളമാണ്. സംഘാടകർക്കും മറ്റുമായി ഇലക്ട്രിക്കൽ സ്കൂട്ടറുകളും ഉണ്ടാകും.
വിമാനത്താവളവുമായും അഞ്ച് സ്റ്റേഡിയങ്ങളുമായും ബന്ധപ്പെട്ട് കിടക്കുന്നു എന്നതാണ് ദോഹ മെേട്രായുടെ പ്രധാന സവിശേഷത. മറ്റു സ്റ്റേഡിയങ്ങളിലേക്ക് മെേട്രാ, ബസ് സർവിസുകളിലൂടെ എത്താനാകും. പ്രധാന സ്റ്റേഡിയങ്ങളായ ലുസൈൽ സിറ്റി സ്റ്റേഡിയം, എജുക്കേഷൻ സിറ്റി സ്റ്റേഡിയം എന്നിവയുമായി മെേട്രായോടൊപ്പം ട്രാമുകളും ബന്ധിപ്പിച്ചിട്ടുണ്ട്.
ഇതിനുപുറെമ, ഏറെ ഇന്ധനക്ഷമതയുള്ള ബസുകളും പൊതുഗതാഗത്തിൽ ചേരുമ്പോൾ സുസ്ഥിരത ലോകകപ്പിലേക്കുള്ള ലക്ഷ്യത്തിലേക്ക് ഏറെ മുന്നേറാനാകും. ഇതിൽ 20 ശതമാനത്തോളം ബസുകളും വൈദ്യുതി ബസുകളാണ് എന്നത് മറ്റൊരു സവിശേഷത. ഇതോടൊപ്പം ഇലക്േട്രാണിക് കാറുകളും സൈക്കിളുകളും കൂടി നിരത്തിലിറങ്ങുമ്പോൾ പരിസ്ഥിതി സൗഹൃദ, കാർബൺ ന്യൂട്രൽ ലോകകപ്പ് സാധ്യമാകുമെന്ന കാര്യത്തിൽ സംശയമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.