ദോഹ: അൽജീരിയയിൽ നടക്കുന്ന അറബ് ഗെയിംസിന് കൊടിയിറങ്ങിയപ്പോൾ ഒമ്പതു സ്വർണവും രണ്ടു വെള്ളിയും 11 വെങ്കലവുമായി 22 മെഡലുകളണിഞ്ഞ് ഖത്തർ. ആതിഥേയരായ അൽജീരിയ 105 സ്വർണം ഉൾപ്പെടെ 253 മെഡലുകളോടെ ഒന്നാമതെത്തിയപ്പോൾ എട്ടാം സ്ഥാനത്താണ് ഖത്തർ. തുനീഷ്യ (23 സ്വർണം) രണ്ടാം സ്ഥാനത്തും മൊറോക്കോ (21 സ്വർണം) മൂന്നാം സ്ഥാനത്തുമാണ്.
ഹാൻഡ്ബാളിലായിരുന്നു അവസാന മത്സരത്തിൽ ഖത്തരി ടീം സ്വർണമണിഞ്ഞത്. ഗെയിംസിൽ തങ്ങളുടെ മത്സരങ്ങളിൽ തുടക്കം മുതൽ കുതിപ്പ് പ്രകടിപ്പിച്ച ഖത്തർ ഹാൻഡ്ബാൾ ടീം ഫൈനലിൽ അയൽക്കാരായ സൗദി അറേബ്യയെ 37-24 എന്ന സ്കോറിന് വീഴ്ത്തി. ആദ്യ പകുതിയിൽ 18-14ന് ലീഡ് പിടിച്ച ശേഷം, രണ്ടാം പകുതിയിൽ കളി പൂർണമായും കൈപ്പിടിയിൽ ഒതുക്കിയാണ് മത്സരം ജയിച്ചത്.
ഹാൻഡ്ബാളിൽ സൗദി വെള്ളി നേടിയപ്പോൾ, അൽജീരിയ വെങ്കലം നേടി. വോളിബാളിലും ബാസ്കറ്റ്ബാളിലും ഖത്തർ ടീമുകൾ വെങ്കലം നേടി. മെഡൽ നിർണയ മത്സരത്തിൽ ജോർഡനെ 3-1നായിരുന്നു ഖത്തർ വോളി സംഘം തോൽപിച്ചത്. ത്രീ-ത്രീ ബാസ്കറ്റ്ബാളിൽ ഖത്തറിന്റെ ഉമർ സഅദ്, മുഹമ്മദ് ഹാഷിം, മുബാറക് ജാമിഅ, അഹമ്മദ് സഈദ് എന്നിവരടങ്ങിയ ടീമാണ് വെങ്കലമണിഞ്ഞത്.
400 മീറ്റർ ഹർഡ്ൽസിൽ ബസം ഹമദി, പോൾവാൾട്ടിൽ സൈഫ് മുഹമ്മദ്, 400 മീറ്ററിൽ അഷ്റഫ് ഹുസൈൻ, ഡിസ്കസ് ത്രോയിൽ മുആസ് ഇബ്രാഹിം എന്നിവർ നേരത്തേ സ്വർണം നേടിയിരുന്നു. 20 വിഭാഗങ്ങളിലായി 22 അറബ് രാജ്യങ്ങളിൽനിന്ന് 3500ഓളം അത്ലറ്റുകളാണ് അറബ് ഗെയിംസിൽ പങ്കെടുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.