ദോഹ: 27 വർഷം കൊണ്ട് ഖത്തർഎയർവേസിനെ ലോകോത്തര എയർലൈൻ ബ്രാൻഡാക്കി ഉയർത്തി, നേതൃ പദവിയിൽ നിന്നും അക്ബർ അൽ ബാകിർ പടിയിറങ്ങുന്നു. ഖത്തർ ടൂറിസം ചെയർമാനും, ഖത്തർ എയർവേസ് ഗ്രൂപ്പ് സി.ഇ.ഒയുമായി രാജ്യത്തിൻെറ വ്യോമയാന, വിനോദ മേഖലയുടെ യശസ്സുയർത്തിയ സേവനത്തിനൊടുവിൽ പിൻഗാമികളിലേക്ക് നേതൃസ്ഥാനം കൈമാറിയാണ് അക്ബൽ അൽ ബാകിൽ ഒഴിയുന്നത്. നവംബർ അഞ്ചോടെ ഖത്തർ എയർവേസ് ഗ്രൂപ്പ് സി.ഇ.ഒ പദവിയിൽ നിന്നും പടിയിറങ്ങുമെന്ന് കഴിഞ്ഞ ദിവസം കമ്പനിയുടെ ‘എക്സ്’ പേജിലൂടെ അറിയിച്ചു.
എഞ്ചി. ബദർ മുഹമ്മദ് അൽ മീർ ആണ് ഖത്തർഎയർവേസ് പുതിയ സി.ഇ.ഒ. അക് ബർ അൽ ബാകിർ വഹിച്ച ഖത്തർ ടൂറിസം ചെയർമാനായി സഅദ് ബിൻ അലി അൽ ഖർജിയെ ഞായറാഴ്ച അമീർ പ്രഖ്യാപിച്ചിരുന്നു.
കാൽനൂറ്റാണ്ടിലേറെ നീണ്ട സ്തുത്യർഹമായ സേവനത്തിലൂടെ ഖത്തർ എയർവേസിനെ ആഗോള തലത്തിൽ ഏറ്റവും വിശ്വസ്തവും, വ്യോമ മേഖലയിൽ ഒന്നാം സ്ഥാനക്കാരുമാക്കിയാണ് അക്ബർ അൽ ബാകിർ സ്ഥാനമൊഴിയുന്നത്. ഖത്തർ എയർവേസിൻെറയും, ഖത്തർ ടൂറിസത്തിൻെറയും ‘എക്സ് പ്ലാറ്റ്ഫോമിലെ പേജിൽ വാർത്ത പുറത്തുവിട്ടതിനു പിന്നാലെ അഭിനന്ദനവുമായി നിരവധി പേരാണ് എത്തിയത്.
കാൽനൂറ്റാണ്ട് കാലം കൊണ്ട് ലോകത്തെ മുൻനിര എയർലൈൻ കമ്പനിയായി ഖത്തർ എയർവേസ് മാറിയതിനു പിന്നിൽ അക്ബർ അൽബാകിറിൻെറ കഠിനാധ്വാനവും, സ്ഥിരോത്സാഹവും ദീർഘ വീക്ഷണവും അഭിനന്ദിക്കപ്പെട്ടു. ഉപഭോക്തൃ സേവനം, ഉന്നത ഗുണനിലവാരം എന്നിവയിലൂടെ ശ്രദ്ധേയമായ ഖത്തർ എയർവേസ് ഏഴു തവണ ലോകത്തെ ഏറ്റവും മികച്ച എയർലൈൻസായി തെരഞ്ഞെടുക്കപ്പെട്ടു.
ഖത്തർഎയർവേസിൻെറ ഹബായ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം ലോകത്തെ ഏറ്റവും മികച്ച വിമാനത്താവളമെന്ന ബഹുമതിയും നിരവധി തവണ നേടി. ഫിഫ ലോകകപ്പ് ഫുട്ബൾ, കോവിഡ് വ്യാപനം, ഗൾഫ് ഉപരോധം തുടങ്ങിയ വെല്ലുവിളിയേറിയ ഘട്ടങ്ങളെ ഏറ്റവും സമർത്ഥമായി ഉപയോഗപ്പെടുത്തയും, ഖത്തർഎയർവേസിനെ അന്താരാഷ്ട്ര പ്രശസ്തിയിലേക്ക് വളർത്തുകയും ചെയ്ത നായകൻ എന്ന നിലയിലാണ് അക്ബർ അൽ ബാകിറിനെ കാലം അടയാളപ്പെടുത്തുക.
ഖത്തർ സിവിൽ ഏവിയേഷൻ ഡയറക്ടറായിരുന്ന ഇദ്ദേഹത്തെ 1997ലായിരുന്നു പിതാവ് അമീർ ശൈഖ് ഹമദ് ബിൻ ഖലീഫ ആൽഥാനി ഖത്തർഎയർവേസ് സി.ഇ.ഒ ആയി നിയമിക്കുന്നത്. പിന്നീട് ഖത്തർ എയർവേസിൻെറ ഓരോ വളർച്ചയിലും ഹമദ് വിമാനത്താവളം യാഥാർത്ഥ്യമാവുന്നതിലുമെല്ലാം അദ്ദേഹത്തിൻെറ മാനേജ്മെൻറ് വൈദഗ്ധ്യം നിർണായകമായി. മിഡിൽ ഈസ്റ്റിലെ യാത്രക്ക് മറ്റു രാജ്യങ്ങളുടെ ദേശീയ എയർലൈൻകമ്പനികളെ ആശ്രയിച്ചിരുന്ന കാലത്ത് നിന്നും പിച്ചവെച്ചു തുടങ്ങിയ ഖത്തർ എയർവേസ്, നാല് വിമാനങ്ങളിൽ നിന്ന് 2003ൽ 28 വിമാനങ്ങളായി ഉയർന്നു.
പിന്നീട് ഘട്ടം ഘട്ടമായി വർധിപ്പിച്ച് നിലവിൽ 200ൽ ഏറെ വിമാനങ്ങളും 130 ലോകനഗരങ്ങളിലേക്ക് സർവീസുമായി ഖത്തർ എയർവേസ് ചിറകു വിരിക്കുന്നു. ഇപ്പോൾ രൂപീകരണത്തിൻെറ 25 വർഷം പിന്നിട്ട സ്ഥാപനം ലോകത്തെ ഏറ്റവും മുൻനിര ബ്രാൻഡുമായി മാറി.
ഈ നേട്ടങ്ങളുടെ കൊടുമുടിയിൽ നിന്നാണ് അക്ബർ അൽ ബാകിറിൻെറ പടിയിറക്കം. 1962ൽ ജനിച്ച ഇദ്ദേഹം, മുംബൈ സെൻറ് പീറ്റേഴ്സ് ബോഡിങിൽ നിന്നായിരുന്നു സ്കൂൾ വിദ്യഭ്യാസം നേടിയത്. തുടർന്ന് ഇന്ത്യയിലെ ഉന്നത കലാലയങ്ങളിൽ നിന്നും ഉപരി പഠനവും നേടി. ഇകണോമിക്സ്, കൊമേഴ്സ് ബിരുദധാരിയായിരുന്നു. ഹിന്ദി നന്നായി സംസാരിച്ച്, ഇന്ത്യക്കാരുമായി അടുത്തിടപഴകി, ഒരുപാട് മലയാളി സൗഹൃദങ്ങളുള്ള വ്യക്തിത്വമായി പ്രവാസികൾക്കിടയിലും സ്വീകാര്യനായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.