ദോഹ: വിമാനയാത്രികർക്ക് രാജകീയ ആകാശയാത്ര ഉറപ്പാക്കുന്ന ഖത്തർ എയർവേസ് സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി യാത്രക്കാർക്ക് വൻ ഓഫറുകളുമായി രംഗത്ത്. ജനുവരി 10 മുതൽ ഒരാഴ്ചവരെ നീണ്ടുനിൽക്കുന്ന പ്രത്യേക ഓഫറിൽ യാത്രാ നിരക്കിൽ 25 ശതമാനം വരെ ഇളവുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ജനുവരി 16വരെയുള്ള സിൽവർ ജൂബിലി ഓഫർ കാലയളവിൽ ബുക്ക് ചെയ്യുന്ന ടിക്കറ്റുകളുമായി ഒക്ടോബർ 31വരെ യാത്ര ചെയ്യാം. ഖത്തറിൽനിന്ന് ഏഷ്യ, യൂറോപ്, പശ്ചിമേഷ്യ, അമേരിക്ക തുടങ്ങി ലോകത്തിന്റെ വിവിധഭാഗങ്ങളിലായി 140 കേന്ദ്രങ്ങളിലേക്കാണ് ടിക്കറ്റ് ബുക് ചെയ്യാൻ അവസരമുള്ളത്. ബിസിനസ്, ഇക്കണോമി ക്ലാസുകളിലെ ടിക്കറ്റുകൾ ഓഫറിൽ ലഭ്യമാണ്. സീറ്റ് സെലക്ഷൻ, അധിക ബാഗേജ് അലവൻസ്, ഹോട്ടൽ ബുക്കിങ്, കാർ റെന്റൽ തുടങ്ങിയ അനുബന്ധ സേവനങ്ങളിലും സിൽവർ ജൂബിലി ഓഫറിന്റെ ഭാഗമായി ഇളവുകളുണ്ട്. qatarairways.com/25years എന്ന വെബ്സൈറ്റ് വഴിയോ ഖത്തർ എയർവേസ് സെയിൽസ് ഓഫിസ് വഴിയോ ട്രാവൽ ഏജന്റുമാർ മുഖേനയോ ടിക്കറ്റുകൾ ബുക്ക് ചെയ്യാം. FLYQR22 എന്ന പ്രമോ കോഡ് ഉപയോഗിച്ചാണ് ബുക്കിങ് സാധ്യമാവുക.
ശ്രദ്ധേയമായ ലോയല്‍റ്റി പ്രോഗ്രാമായ പ്രിവിലേജ് ക്ലബില്‍ ഭാഗമാകുന്നവര്‍ക്ക് 2500 ബോണസ് 'ക്യൂ മൈല്‍' ലഭിക്കുമെന്നും ഖത്തര്‍ എയര്‍വേസ് വ്യക്തമാക്കി. പ്രമോ കോഡ് ഉപയോഗിച്ചാണ് ബുക് പ്രിവിലേജ് ക്ലബിൽ അംഗത്വമെടുക്കേണ്ടത്. ഈ വര്‍ഷം നടക്കാനിരിക്കുന്ന ഫുട്ബാള്‍ ലോകകപ്പിനോട് അനുബന്ധിച്ച് ആരംഭിച്ച പ്രത്യേക പാക്കേജാണ് 'പ്രിവിലേജ് ക്ലബ്'. പശ്ചിമേഷ്യയിലെ നമ്പർ വൺ എയർവേസായി വളർന്ന ഖത്തർ എയർവേസ് 1997ൽ അമീർ ശൈഖ് ഹമദ് ബിൻ ഖലീഫ ആൽഥാനിയുടെ നേതൃത്വത്തിലാണ് പറന്നു തുടങ്ങുന്നത്. ചുരുങ്ങിയ കാലം കൊണ്ടുതന്നെ അറബ് മേഖലയിലെയും ലോകത്തെയും മുൻ നിര എയർലൈൻ കമ്പനിയായി മാറിയാണ് ഇപ്പോൾ 25ാം വാർഷികം ആഘോഷിക്കുന്നത്. കോവിഡ് കാലത്തും മുടക്കമില്ലാതെ സർവിസ് നടത്തിയും കോവിഡ് വാക്സിനുകൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെത്തിച്ചും ഖത്തർ എയർവേസ് ശ്രദ്ധനേടിയിരുന്നു. സ്ക്രൈട്രാക്സിന്റെ എയർലൈൻ ഓഫ് ദി ഇയർ പുരസ്കാരവും ഖത്തർ എയർവേസ് സ്വന്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.