ദോഹ: ഇൻഡിഗോ എയർലൈൻസിനു വേണ്ടി ദോഹ -കണ്ണൂർ സെക്ടറിൽ സർവിസ് നടത്തി ഖത്തർ എയർവേസ്. ഇന്ത്യൻ വിമാനക്കമ്പനിയായ ഇൻഡിഗോ വാടകക്കെടുത്ത ഖത്തർ എയർവേസ് വിമാനമാണ് ഖത്തറിൽനിന്നുള്ള പ്രവാസികൾ ഏറെ ആശ്രയിക്കുന്ന ഈ റൂട്ടിൽ സർവിസ് ആരംഭിച്ചത്.
ആദ്യ സർവിസ് വ്യാഴാഴ്ച നടന്നു. ആഗസ്റ്റ് 29ന് രണ്ടാം സർവിസ് നടത്തും. തുടർന്ന് സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ കണ്ണൂർ-ദോഹ റൂട്ടിലെ ഇൻഡിഗോയുടെ പ്രതിദിന സർവിസിൽ ഖത്തർ എയർവേസിന്റെ ബോയിങ് 737 മാക്സ് വിമാനം പറക്കും. 201 സീറ്റിങ് കപ്പാസിറ്റിയുള്ളതാണ് ഈ വിമാനം.
വ്യാഴാഴ്ച രാവിലെ എട്ടിന് ദോഹയിൽനിന്നും പറന്നുയർന്ന വിമാനം ഉച്ചക്ക് 2.55ഓടെയാണ് കണ്ണൂരിൽ ഇറങ്ങിയത്. വിദേശ കമ്പനിയുടെ വിമാനത്തെ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം (കിയാൽ) അധികൃതർ ജലാഭിവാദ്യത്തോടെ ഔദ്യോഗികമായി തന്നെ സ്വീകരിച്ചു. ഇതേ വിമാനം വൈകുന്നേരം 4.25ന് പുറപ്പെട്ട് ആറ് മണിയോടെ ദോഹയിലുമെത്തി. ഇൻഡിഗോയുടെ നമ്പറിൽ തന്നെയാണ് വിമാനത്തിന്റെ സർവിസ്.
പോയന്റ് ഓഫ് കാൾ പദവി ഇല്ലാത്തതിനാൽ വിദേശ വിമാനക്കമ്പനികൾക്ക് നിലവിൽ കണ്ണൂരിലേക്ക് സർവിസ് നടത്താൻ അനുവാദമില്ലെന്നിരിക്കെയാണ് ഇൻഡിഗോക്ക് വേണ്ടി ഖത്തർ എയർവേസ് പറന്നിറങ്ങുന്നത്.
ഖത്തർ എയർവേസിന്റെ ആറ് ബോയിങ് 737 മാക്സ് വിമാനങ്ങൾ കഴിഞ്ഞ മാസമാണ് ഇൻഡിഗോ വാടകക്ക് എടുത്തത്. ഇൻഡിഗോയുമായി കോഡ് ഷെയറിങ് പങ്കാളിത്തമുള്ള അന്താരാഷ്ട്ര വിമാനക്കമ്പനി കൂടിയാണ് ഖത്തർ എയർവേസ്. ഇന്ത്യയിലെ മുൻനിര വിമാനക്കമ്പനിയായ ഇൻഡിഗോയുടെ ഏതാനും എയർക്രാഫ്റ്റുകൾ അറ്റകുറ്റപ്പണികൾക്കും മറ്റുമായി ഗ്രൗണ്ടിങ് ചെയ്ത സാഹചര്യത്തിൽ അന്താരാഷ്ട്ര സർവിസുകൾ ഉൾപ്പെടെ മുടങ്ങാതിരിക്കാനാണ് ഖത്തർ എയർവേസിൽനിന്ന് വിമാനങ്ങൾ വാടകക്കെടുത്തത്.
കഴിഞ്ഞ ജൂൺ 30 വരെയുള്ള കണക്കുകൾ പ്രകാരം ഇൻഡിഗോയുടെ 70ഓളം വിമാനങ്ങളാണ് അറ്റകുറ്റപ്പണികൾക്കായി നിലത്തിറക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.