ലോകം ഞങ്ങളിൽ അർപ്പിക്കുന്ന വിശ്വസത്തിൽ എന്നും നന്ദിയുണ്ട്. സത്യസന്ധരായിരിക്കുകയും ലോകമെങ്ങുമുള്ള മനുഷ്യരെ ഒന്നിച്ചു നിർത്തുകയും ചെയ്യുക എന്നതിൽ ഞങ്ങൾക്ക് ഒരു ട്രാക്ക് റെക്കോർഡുണ്ട്. സമധാന ചർച്ചകളും മധ്യസ്ഥ ശ്രമങ്ങളും പലഘട്ടങ്ങളിൽ പ്രതിസന്ധി നേരിടുമ്പോഴും ഒരിക്കലും ആ ദൗത്യം ഉപേക്ഷിക്കില്ല. ഞങ്ങൾ ഒരു ചെറിയ രാജ്യമാണ്, പക്ഷേ സമാധാനം സ്ഥാപിക്കുന്നതിൽ ഞങ്ങളുടെ പങ്ക് വഹിക്കാനുണ്ട്...
അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി
****
2022 മേയ് മാസത്തിൽ ലാവോസിലെ ലോക സാമ്പത്തിക ഫോറം വേദിയിൽ ലോക രാജ്യങ്ങളെ സാക്ഷിനിർത്തി ഖത്തറിന്റെ രാഷ്ട്ര നായകൻ തന്റെ പ്രസംഗം അവസാനിപ്പിച്ചത് ഈ വാക്കുകളോടെയായിരുന്നു. നിശ്ചയദാർഢ്യം തുടിച്ച ആ വാക്കുകളെ നീണ്ട കൈയടികളോടെ പ്രൗഢമായ ആ സദസ്സ് ഏറ്റെടുത്തു. ലാവോസിലെ സമ്മേളനം കഴിഞ്ഞ് വർഷം രണ്ട് കടന്നുവെങ്കിലും ഖത്തർ അമീറിന്റെ വാക്കുകളുടെ പ്രസക്തി വർധിക്കുന്നു. ലോകത്തിന്റെ രാഷ്ട്രീയം മാറിമറിയുമ്പോഴും, പ്രതിസന്ധികളും വെല്ലുവിളികളും തീക്ഷ്ണമാവുമ്പോഴും അമീറിന്റെ വാക്കുകളെന്ന പോലെ ഖത്തറിന്റെ പ്രസക്തിയും വർധിക്കുന്നു.
മേഖലയിലെ രാഷ്ട്രീയ അനിശ്ചിതത്വങ്ങളിൽ, അന്താരാഷ്ട്ര പ്രശ്നങ്ങളിൽ, യുദ്ധവും സംഘർഷവും അസമാധാനവും കൊടികുത്തിവാഴുന്ന സാഹചര്യങ്ങളിൽ... ഖത്തറിന്റെ ഇടപെടലുകൾക്കും നയതന്ത്ര മധ്യസ്ഥ ശ്രമങ്ങൾക്കും വലുപ്പച്ചെറുപ്പമില്ലാതെ ലോകം കാതോർക്കുന്ന കാലമാണിത്. അന്ന് അഫ്ഗാൻ ഉൾപ്പെടെ രാജ്യങ്ങളിലായിരുന്നുവെങ്കിൽ ഇന്ന് ഫലസ്തീൻ, ലെബനാൻ, സുഡാൻ, സിറിയ, യുക്രെയ്ൻ തുടങ്ങി എരിയുന്ന മണ്ണുകളിൽ സ്വാന്തനവും ആശ്വാസവും നൽകുന്ന ചിറകുകളായി ഖത്തറിന്റെ നയതന്ത്ര ദൗത്യങ്ങൾ തുടരുകയാണ്.
രാജ്യത്തിന്റെ അഭിമാനവും ഐക്യവും പൈതൃകവും വീണ്ടും വർണോജ്വലമായ ഓർമകളോടെ തലമുറകളിലേക്ക് പടരുന്ന മറ്റൊരു ദേശീയ ദിനാഘോഷത്തെ ഖത്തർ വരവേൽക്കുമ്പോൾ ഭൂമിശാസ്ത്രപരമായ ചെറുതെങ്കിലും ലോകത്തിന് മുന്നിൽ ഖത്തറിന്റെ തലയെടുപ്പ് വർധിക്കുന്നുവെന്നാണ് സമകാലിക സാഹചര്യങ്ങൾ സാക്ഷ്യപ്പെടുത്തുന്നത്.
അയൽ രാജ്യങ്ങൾ തീർത്ത ഉപരോധത്തെ ജയിച്ചും പടിഞ്ഞാറൻ രാജ്യങ്ങളും മാധ്യമങ്ങളും പടച്ചുവിട്ട നുണക്കഥകളെ അതിജയിച്ച് ലോകം കണ്ടതിൽ ഏറ്റവും മനോഹരമായ ലോകകപ്പ് ഫുട്ബാളിന് ആതിഥ്യമൊരുക്കിയും യുദ്ധത്തിലും സംഘർഷങ്ങളിലും പുകയുന്ന മണ്ണിൽ സമാധാനത്തിന്റെ വെളിച്ചമെത്തിച്ചും ലോകത്തോളം ഉയരെ ജ്വലിക്കുന്നു അറേബ്യൻ പെനിൻസുലയിലെ കൊച്ചുരാജ്യം. 14 മാസം പിന്നിട്ട ഗസ്സയിലെ ഇസ്രായേൽ ആക്രമണത്തിനിടെ നിലക്കാത്ത മധ്യസ്ഥ ദൗത്യമായിരുന്നു ഖത്തറിന്റേത്. ഭാഗികമായ ബന്ദി മോചനത്തിനും, താൽക്കാലിക വെടിനിർത്തലിനും ഗസ്സയിലേക്കുള്ള മാനുഷിക സഹായത്തിനുമെല്ലാം ഖത്തർ നേതൃത്വം നൽകിയത് ലോകം അതിശയത്തോടെ കണ്ടു. യുക്രെയ്ൻ-റഷ്യ യുദ്ധത്തിൽ ഒറ്റപ്പെട്ട കുട്ടികളുടെ മോചനത്തിലും ഇറാൻ-അമേരിക്ക തർക്കങ്ങളിലും കൊച്ചുരാജ്യത്തിന്റെ നയതന്ത്ര മികവ് പ്രതിഫലിച്ചു.
അറേബ്യൻ ഉപദ്വീപിൽ നയതന്ത്രപരമായും നേതൃതലത്തിലും മർമപ്രധാനമാണ് ഖത്തറിന്റെ സ്ഥാനം. പ്രകൃതിവാതകവും പെട്രോളും മുഖ്യവരുമാനമാക്കി സാമ്പത്തിക ഭദ്രത കൈവരിച്ച നാട് ഇപ്പോൾ സാമ്പത്തിക വൈവിധ്യവത്കരണത്തിലും ആധുനിക സാങ്കേതിക വിദ്യയുടെ കുതിപ്പിലും മുന്നിലാണ്. ടൂറിസവും കായിക മേളകളും ബഹുമുഖ ഉച്ചകോടികളും ഖത്തറിനെ ലോകവാർത്തകളിൽ പ്രഥമ സ്ഥാനം നൽകുന്നു. അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയും പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ആൽഥാനിയും നേതൃത്വം നൽകുന്ന ഭരണകൂടം രാജ്യത്തിന്റെ മികവിന്റെ തലസ്ഥാനവുമാക്കി മാറ്റുന്നു. ഏറ്റവും ഒടുവിൽ അമേരിക്കയുടെ വിസരഹിത രാജ്യങ്ങളുടെ പട്ടികയിൽ ഇടം നേടിയ ആദ്യ ഗൾഫ് രാജ്യമായും ഖത്തർ മാറി.
സ്വദേശികളായ പൗരന്മാരെന്ന പോലെ തൊഴിൽ തേടിയെത്തിയ പ്രവാസികളെയും ഈ നാട് നെഞ്ചോട് ചേർക്കുന്നു. നാല് ലക്ഷത്തോളം മലയാളികൾ ഉൾപ്പെടെ എട്ട് ലക്ഷത്തോളം വരുന്ന ഇന്ത്യൻ പ്രവാസികൾക്കും മുഖ്യപരിഗണന നൽകുന്ന ഭരണകൂടം എല്ലാവരുടെയും ക്ഷേമം ഉറപ്പാക്കുന്നതിലും മുൻപന്തിയിലാണ്. ഹൃദയങ്ങളിലും മണ്ണിലും മറൂൺ നിറത്തിന്റെ സൗരഭ്യവുമായി ദേശീയ ദിനം ആഘോഷിക്കുന്ന ഖത്തറിനും രാഷ്ട്രസാരഥികൾക്കും ജനതക്കും നന്മ കൈവരട്ടെയെന്ന് ആശംസിക്കുന്നു, ഹൃദയംഗമമായ ആശംസകൾ...
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.