അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി. പശ്ചാത്തലത്തിൽ

രാഷ്ട്രസ്ഥാപകൻ ശൈഖ് ജാസിം ബിൻ മുഹമ്മദ് ആൽഥാനിയുടെ

ഛായാ ചിത്രവും കാണാം (ഫയൽ ചിത്രം)

ശൈഖ് ജാസിം എന്ന രാഷ്ട്രശിൽപി

പുതിയകാലത്തെ പ്രവാസിതലമുറക്ക് അധികം അറിയാത്ത ചരി​ത്രപുരുഷനാണ് ഖത്തറിന്റെ രാഷ്ട്രശിൽപിയായ ശൈഖ് ജാസിം ബിൻ മുഹമ്മദ് ആൽഥാനി. എല്ലാ അറേബ്യൻ രാജ്യങ്ങളിലുമെന്നപോലെ പരസ്​പരം കൊല്ലുംകൊലയുമായി കഴിഞ്ഞിരുന്ന ഒരുകൂട്ടം ഗോത്രങ്ങൾക്കിടയിലെ മുറിവുകൾ ഐക്യത്തിന്‍റെ ലേപനം പുരട്ടി, അവരെ ഒരു കൊടിക്കൂറക്ക് കീഴിൽ അണിനിരത്തിയ മഹാൻ. 146 വർഷം മുമ്പ് അദ്ദേഹം ഖത്തറിൽ അധികാരമേറ്റെടുത്ത തിയതിയാണ് ഡിസംബർ 18. അധികാരാരോഹണത്തിന്റെ ഉജ്ജ്വല സ്​മരണ പുതുക്കിയാണ് ഖത്തർ ഇന്ന് ദേശീയദിനം ആഘോഷിക്കുന്നത്.

ഗൾഫ് മേഖലയിലെ രാജ്യങ്ങളെ, തങ്ങളുടെ ചിറകിനടിയിൽ ഒതുക്കിയ ബ്രിട്ടീഷ്, ഉസ്​മാനിയ ഒട്ടോമൻ സാമ്രാജ്യത്വ ശക്തികൾ ലോക പ്രതാപികളായി വാണ കാലത്താണ് ശൈഖ് ജാസിം വിവിധ ഗോത്രങ്ങളെ ഒരുമിപ്പിച്ച് ഖത്തർ എന്ന സ്വതന്ത്രരാജ്യം സ്ഥാപിച്ചത്. സാമ്രാജ്യത്വ ശക്തിയെ നേരിടാൻ രാഷ്ട്രതന്ത്രജ്ഞനായ ശൈഖ് ജാസിം മുള്ളിനെ മുള്ളുകൊണ്ടെടുക്കുകയെന്ന തന്ത്രമാണ് പയറ്റിയത്. ബ്രിട്ടീഷുകാരെ നേരിടാൻ ഉസ്​മാനികളുടെ സഹായമാണ് ഖത്തർ തേടിയത്.

എന്നാൽ, കിട്ടിയ തക്കം പാഴാക്കാതെ ഉസ്​മാനികൾ ഖത്തറിന്റെ മേൽ പിടിമുറുക്കി. ദോഹ നഗരത്തിലും പൗരാണിക കാലത്തുതന്നെ രാജ്യത്തിന്റെ പ്രധാന ജനവാസ കേന്ദ്രങ്ങളായിരുന്ന അൽ സുബാറ, അൽ വക്റ, അൽ ഖോർ എന്നിവിടങ്ങളിലും ഭരണം കാര്യക്ഷമമാക്കാൻ ഉസ്​മാനികൾ അധികാരികളെ നിയമിച്ചു. ജനങ്ങളിൽനിന്ന് നികുതി ഊറ്റാൻ ദോഹയിൽ പ്രത്യേക കാര്യാലയവും തുറന്നു.

ഓട്ടോമൻ സാമ്രാജ്യത്വത്തിന്റെ ഭരണവും അവർ അടിച്ചേൽപിക്കുന്ന നികുതിഭാരവും അസഹ്യമായതോടെ ശൈഖ് ജാസിം ഖത്തർ നിവാസികളെ അണിനിരത്തി അവർക്കെതിരെ പടനയിച്ചു. അൽ വജ്ബ യുദ്ധം എന്ന പേരിൽ പിൽക്കാലത്ത് പ്രസിദ്ധമായ പോരാട്ടത്തിൽ വിജയം ഖത്തരി സമൂഹത്തിന് തന്നെയായിരുന്നു. ഖത്തറിന്റെ രാഷ്ട്രശിൽപി എന്ന സ്ഥാനത്തേക്ക് ശൈഖ് ജാസിം അവരോധിതനാവാനുള്ള പ്രധാന കാരണവും ഈ യുദ്ധമായിരുന്നു.

1826ൽ അദ്നാൻ ഗോത്രത്തിന് കീഴിലെ മുദൂർ വംശത്തിലെ ബനൂ ബന്ദല ഗോത്രത്തിൽ മുഹമ്മദ് ബിൻ ഥാനിയുടെ മകനായാണ് ശൈഖ് ജാസിമിന്റെ ജനനം. കുതിരസവാരി, അമ്പെയ്ത്ത് തുടങ്ങി മികച്ച യോദ്ധാവിന് വേണ്ട ഗുണങ്ങളെല്ലാം അദ്ദേഹം കൗമാരത്തിൽതന്നെ ആർജിച്ചു. സാമ്രാജ്യത്വ ശക്തികളുടെ കോളനി ഭരണവും ഗോത്രങ്ങൾ തമ്മിലുള്ള അടങ്ങാത്ത വൈരവുമെല്ലാം തലവേദന സൃഷ്​ടിച്ച കാലമായിരുന്നു അത്. സങ്കീർണവും പ്രശ്ന കലുഷിതവുമായ ഇത്തരം സാഹചര്യങ്ങളിൽ പ്രതിബന്ധങ്ങളെ തന്ത്രവും ബുദ്ധിയും നേതൃപാടവവും കൊണ്ട് തട്ടിമാറ്റിയാണ് അദ്ദേഹം രാഷ്ട്രനിർമാണത്തിൽ ഏർപ്പെട്ടത്. 1878ൽ പിതാവിന്റെ നിര്യാണത്തോടെ ഭരണസാരഥിയായി.


 


ശൈഖ് ജാസിം ബിൻ മുഹമ്മദ് ആൽഥാനി

രാജ്യത്തിന്റെ ചെങ്കോൽ കൈയിലേന്തിയ അവസരത്തിൽതന്നെ വെള്ളിയാഴ്ച പ്രഭാഷണങ്ങൾക്കും പെരുന്നാൾ നമസ്​കാരങ്ങൾക്കും നേതൃത്വം നൽകി. അറബ് നാടോടി കാവ്യങ്ങൾ, സാഹിത്യകൃതികൾ, മഹാന്മാരുടെ ജീവചരിത്ര കൃതികൾ എന്നിവയിലെല്ലാം അഗാധമായ പാണ്ഡിത്യമാണ് അദ്ദേഹത്തിന് ഉണ്ടായിരുന്നത്. ഇസ്​ലാമിലെ കർമശാസ്​ത്ര ചിന്താധാരക്ക് ഉടമയായ അഹ്മദ് ബിൻ ഹമ്പലിന്റെ മദ്ഹബിൽ പ്രാവീണ്യം നേടിയ ശൈഖ് ജാസിം ധാരാളം ഫത്വകൾ പുറപ്പെടുവിപ്പിച്ചിരുന്നു.

ശരീഅത്ത് നിയമങ്ങൾ അനുസരിച്ച് കേസുകൾക്ക് തീർപ്പ്കൽപിച്ചിരുന്ന നീതിമാനായ ന്യായാധിപൻ കൂടിയായിരുന്നു ശൈഖ് ജാസിം. പ്രധാന വരുമാനമാർഗമായിരുന്ന പവിഴ വ്യാപാരത്തിലൂടെ ലഭിച്ച ലാഭം ഉപയോഗിച്ച് രാജ്യത്തിനായി അദ്ദേഹം പൊതുഖജനാവിന് രൂപംനൽകി. ഖത്തർ എന്ന ക്ഷേമരാഷ്ട്രം കെട്ടിപ്പടുക്കാൻ അത് നീതിപൂർവം ഉപയോഗപ്പെടുത്തുകയും ചെയ്തു. 1913ൽ ഭൗതികജീവിതത്തോട് വിടപറയുന്നതുവരെ രാജ്യത്തിന്റെ ഭരണയന്ത്രം തിരിക്കുന്നതിൽ കർമനിരതനായി അദ്ദേഹം രംഗത്തുണ്ടായിരുന്നു.

Tags:    
News Summary - Sheikh Jassim bin Mohammed Al Thani

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-18 07:50 GMT