ദോഹ: അന്താരാഷ്ട്ര ഹോർട്ടി കൾച്ചറൽ എക്സിബിഷന് വേദിയുണരാൻ പത്തു ദിവസം മാത്രം ശേഷിക്കെ ലോകമെങ്ങുമുള്ള സന്ദർശകർക്കായി പ്രത്യേക യാത്ര പാക്കേജുകൾ പ്രഖ്യാപിച്ച് ഖത്തർ എയർവേസ് ഹോളിഡേസ്. എക്സ്പോയിലേക്കുള്ള സൗജന്യ പ്രവേശനമുൾപ്പെടെ ൈഫ്ലറ്റ്-ഹോട്ടൽ പാക്കേജുകളാണ് അവതരിപ്പിച്ചത്. ഏറ്റവും മികച്ച വിലയിലുള്ള പാക്കേജുകളിൽ ‘എക്സ്പോ ദോഹ 2023’നെ യാത്രക്കാരുടെ ജീവിതത്തിലെ മറക്കാനാകാത്ത അനുഭവമാക്കി മാറ്റുകയാണെന്ന് ഖത്തർ എയർവേസ് ഹോളിഡേസ് പത്രക്കുറിപ്പിൽ പറഞ്ഞു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് 30 ലക്ഷത്തിലധികം സന്ദർശകരെ പ്രതീക്ഷിക്കുന്ന എക്സ്പോക്ക് അൽ ബിദ്ദ പാർക്കാണ് വേദിയാകുന്നത്. ആറ് മാസം നീളുന്ന എക്സ്പോക്ക് ഒക്ടോബർ രണ്ടിന് ഔദ്യോഗിക തുടക്കം കുറിക്കും. 2024 മാർച്ച് എട്ടിന് അവസാനിക്കുന്ന മേഖലയിലെ ആദ്യത്തെ അന്താരാഷ്ട്ര ഹോർട്ടി കൾച്ചറൽ എക്സ്പോയിൽ കലയും സംസ്കാരവും കൃഷിയും മുതൽ വൈവിധ്യമാർന്ന പാചകരീതികളും രുചിഭേദങ്ങളും സന്ദർശകർക്ക് മറക്കാനാകാത്ത അനുഭവങ്ങൾ സമ്മാനിക്കും.
ദോഹ എക്സ്പോ സാംസ്കാരിക, പാരിസ്ഥിതിക, സാങ്കേതിക വിസ്മയങ്ങളുടെ കേന്ദ്രമായി മാറുകയാണെന്നും ഔദ്യോഗിക തന്ത്രപ്രധാന പങ്കാളിയെന്ന നിലയിൽ അന്തർദേശീയ യാത്രക്കാർക്ക് തടസ്സമില്ലാത്ത യാത്രാനുഭവം സുഗമമാക്കാൻ ഖത്തർ എയർവേസ് പ്രതിജ്ഞാബദ്ധമാണെന്നും ഖത്തർ എയർവേസ് ഗ്രൂപ് സി.ഇ.ഒ അക്ബർ അൽ ബാകിർ പറഞ്ഞു. പ്രീമിയം യാത്ര ആഗ്രഹിക്കുന്ന യാത്രക്കാർക്ക് ഖത്തർ എയർവേസ് ഹോളിഡേസ് സാധാരണ ഓപ്ഷനുകൾക്ക് പുറമേയുള്ള നിരവധി പാക്കേജുകളാണ് ലഭ്യമാക്കിയിരിക്കുന്നത്.
qatarairways.com/expo എന്ന ലിങ്കിലൂടെ എക്സ്പോ ദോഹ 2023ന്റെ യാത്ര പാക്കേജുകൾ തിരഞ്ഞെടുക്കാം. യാത്രക്കാർക്ക് സ്റ്റോപ് ഓവർ പാക്കേജുകളും ഖത്തർ എയർവേസ് ഹോളിഡേസ് വാഗ്ദാനം ചെയ്യുന്നുണ്ട്. പ്രീമിയം, ലക്ഷ്വറി സ്റ്റോപ് ഓവർ പാക്കേജുകൾ ഒരാൾക്ക് 23 ഡോളർ മുതലാണ് ആരംഭിക്കുന്നത്. ഖത്തർ എയർവേസ് ഹോളിഡേസ് യാത്ര പാക്കേജ് വിശദാംശങ്ങൾ,മടക്കയാത്ര അടക്കമുള്ള ൈഫ്ലറ്റ് ടിക്കറ്റുകൾ, ഹോട്ടൽ താമസം, കോംപ്ലിമെന്ററി എക്സ്പോ എൻട്രി,ഖത്തർ എയർവേസിന്റെ പ്രിവിലേജ് ക്ലബ് അംഗങ്ങൾക്ക് പാക്കേജുകളിൽ ഏവിയോസ്, ക്യുപോയന്റ്സ് എന്നിവ ശേഖരിക്കാനുള്ള അവസരം. തിരഞ്ഞെടുക്കപ്പെട്ട രാജ്യങ്ങളിൽനിന്നുള്ള അംഗങ്ങൾക്ക് കാഷ് പ്ലസ് ഏവിയോസ് ഉപയോഗിച്ച് പാക്കേജുകൾ ബുക്ക് ചെയ്യാനുള്ള സൗകര്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.