ഇന്ത്യയിലേക്കുള്ള 40 മെട്രിക് ടണ്‍ ഓക്സിജൻ ദോഹ തുറമുഖത്ത്​ നിന്ന്​ ഇന്ത്യന്‍ നാവിക സേനയുടെ ഐ.എൻ.എസ്​ ത്രികാന്ത് കപ്പലിൽ കയറ്റിയപ്പോൾ. വ്യാഴാഴ്ച രാവിലെ കപ്പല്‍ ഡൽഹിലേക്ക്​ പോകും

ഖത്തറും ഫ്രാൻസും​ ഒരുമിച്ചു; ഇന്ത്യക്ക്​ 40 മെട്രിക് ടണ്‍ ഓക്സിജനെത്തും

ദോഹ: കോവിഡ്​ പ്രതിസന്ധിയിൽ നട്ടംതിരിയുന്ന ഇന്ത്യക്ക്​ വീണ്ടും ഖത്തറിൽ നിന്ന്​ സഹായം. ഇന്ത്യയിലേക്ക് അടിയന്തര മെഡിക്കല്‍ സഹായമെത്തിക്കുന്നതിനായി ഖത്തറും ഫ്രാൻസുമാണ്​ ഒരുമിച്ചത്​. 40 മെട്രിക് ടണ്‍ ഓക്സിജനാണ് ഇത്തരത്തിൽ ഇന്ത്യയിലേക്ക്​​ അയക്കുന്നത്​. ഖത്തറിലെ ഫ്രഞ്ച് അംബാസഡറുടെ പരിശ്രമഫലമായി ഫ്രാന്‍സാണ് ഓക്​സിജൻ നിറക്കാനായുള്ള രണ്ട് ക്രയോജനിക് ടാങ്കറുകള്‍ സംഭാവന ചെയ്തത്. ഇതിനായുള്ള ഓക്സിജൻ നൽകിയത്​ ഖത്തര്‍ വിദേശകാര്യമന്ത്രാലയവുമാണ്​.

ടാങ്കറുകള്‍ ഇന്ത്യയിലേക്കെത്തിക്കുന്നതിനായി ഇന്ത്യന്‍ നാവികസേനയുടെ ഐ.എൻ.എസ്​ ത്രികാന്ത് കപ്പല്‍ ബുധനാഴ്​ച രാത്രിയോടെ തന്നെ ദോഹയിലെത്തിയിരുന്നു. ടാങ്കറുകള്‍ കപ്പലിലേക്ക് മാറ്റുന്ന ജോലികളും ബുധനാഴ്​ച രാത്രി തന്നെ പൂര്‍ത്തിയായി. വ്യാഴാഴ്ച രാവിലെ കപ്പല്‍ ദോഹയിൽ നിന്ന്​ യാത്രതിരിക്കും. രണ്ട് ദിവസം കൊണ്ട് ഡല്‍ഹിയിലെത്തുമെന്ന്​ ഇന്ത്യൻ എംബസി അറിയിച്ചു.

ഇതിനകം നിരവധി സഹായങ്ങളാണ്​ ഖത്തറിൽ നിന്ന്​ ഇന്ത്യയിലേക്ക്​ അയച്ചിരിക്കുന്നത്​. കഴിഞ്ഞ ദിവസം മൂന്ന്​ ഖത്തർ എയർവേയ്​സ്​ വിമാനങ്ങളിൽ 300 ടൺസഹായവസ്​തുക്കൾ അയച്ചിരുന്നു​. പി.പി.ഇ കിറ്റ്, ഓക്സിജന്‍ കണ്ടെയ്​നറുകൾ, മറ്റ് അവശ്യ മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവക്ക്​ പുറമെ വ്യക്തികളും കമ്പനികളും നൽകിയ സഹായവും ഉള്‍പ്പെടുന്നതായിരുന്നു ഇത്​. നൂറ് ടണ്‍ വീതം മൂന്ന് വിമാനങ്ങളിലായി ഡല്‍ഹി, ബംഗളൂരു, മുംബൈ എന്നിവിടങ്ങളിലേക്കാണ് ഖത്തര്‍ എയര്‍വേയ്സിൻെറ 'വി കെയര്‍' പദ്ധതിക്ക് കീഴിൽ​ ഇത്​ സൗജന്യമായി എത്തിച്ചത്.

മേയ്​ രണ്ടിന്​ മെഡിക്കൽ വസ്​തുക്കൾ അടങ്ങിയ ചരക്കുമായി ഇന്ത്യന്‍ നാവികസേനാ കപ്പല്‍ ഐ.എന്‍.എസ് കൊല്‍ക്കത്തയും ഇന്ത്യയിലേക്ക്​ പോയിരുന്നു​. ഇന്ത്യൻ കമ്മ്യൂണിറ്റി ബെനവലൻറ്​ ഫോറം (ഐസിബിഎഫ്​) നേതൃത്വത്തില്‍ ശേഖരിച്ച 200 ഓക്സിന്‍ സിലിണ്ടറുകളും 43 ഓക്സിജന്‍ കണ്ടെയ്​നറുകളും അടങ്ങിയതായിരുന്നു ഇത്​.

ഇന്ത്യക്കായി സഹായവസ്​തുക്കൾ എത്തിക്കാൻ അമീർ ശൈഖ്​ തമീം ബിൻ ഹമദ്​ ആൽഥാനി നേരത്തേ ഉത്തരവിട്ടിരുന്നു. മെഡിക്കൽ വസ്​തുക്കൾ സ്വരൂപിക്കാൻ ഖത്തർ എയർവേയ്​സും ഗൾഫ്​ വെയർഹൗസിങ്​ കമ്പനി(ജി.ഡബ്ല്യു.സി)യും തുടങ്ങിയ സംയുക്​ത പദ്ധതി പുരോഗമിക്കുകയാണ്​​.

വെൻറിലേറ്ററുകൾ, ഓക്​സിജൻ കണ്ടെയ്​നറുകൾ, മെഡിക്കൽ എയർ കംപ്രസറുകൾ, റെംഡെസിവിർ ഇഞ്ചക്ഷനുകൾ, ഇഞ്ചക്ഷൻ ടോസിലിസുമബ്​ എന്നിവയാണ്​ സംഭാവനയായി സ്വീകരിക്കുക. വ്യക്​തികൾക്കും വിവിധ കമ്മ്യൂണിറ്റികൾക്കും ഇവ നൽകാം. മേയ്​ അവസാനം വരെ രാവിലെ ഒമ്പതുമുതൽ രാത്രി ഒമ്പതുവരെ ജി.ഡബ്ല്യു.സി ഖത്തർ ലോജിസ്​റ്റിക്​ വില്ലേജിൽ (വെയർ ഹൗസ്​ യൂനിറ്റ്​ ഡി.ഡബ്ല്യു.എച്ച്​.1) സ്വീകരിക്കും. ഇവ ശേഖരിച്ച്​ സൗജന്യമായി ഇന്ത്യൻ റെഡ്​ക്രോസ്​ സൊസൈറ്റിക്കാണ്​ കൈമാറുക.

Tags:    
News Summary - Qatar and France together; India will receive 40 metric tons of oxygen

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.