വി​ദേ​ശ കാ​ര്യ സ​ഹ​മ​ന്ത്രി ലു​ൽ​വ ബി​ൻ​ത് റാ​ഷി​ദ് അ​ൽ ഖാ​തി​ർ

യുക്രെയ്ൻ അഭയാർഥികൾക്ക് ഖത്തർ 50 ലക്ഷം ഡോളർ സഹായം പ്രഖ്യാപിച്ചു

ദോഹ: ഖത്തർ ഡെവലപ്മെൻറ് ഫണ്ടുമായി ചേർന്ന് യുക്രെയ്ൻ അഭയാർഥികൾക്ക് 50 ലക്ഷം ഡോളറിന്‍റെ സഹായധനം പ്രഖ്യാപിച്ച് ഖത്തർ. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലായി ദശലക്ഷക്കണക്കിന് അഭയാർഥികളാണ് മാനുഷിക പ്രതിസന്ധി നേരിടുന്നതെന്നും അന്താരാഷ്ട്ര സമൂഹത്തിന്‍റെ ഐക്യദാർഢ്യവും പിന്തുണയും ഇവർക്ക് ആവശ്യമാണെന്നും ഖത്തർ ആവശ്യപ്പെട്ടു. യുക്രെയ്നു വേണ്ടി സംഘടിച്ച വെർച്വൽ ഡോണേഴ്സ് കോൺഫറൻസിൽ ഖത്തർ വിദേശകാര്യ സഹമന്ത്രി ലുൽവ ബിൻത് റാഷിദ് അൽ ഖാതിറാണ് ഇക്കാര്യം വ്യക്തമാക്കിയത്. യുക്രെയ്നിലെ സൈനിക നടപടികൾ ഉടൻ അവസാനിപ്പിക്കണമെന്നും ദുരിതമനുഭവിക്കുന്നവർക്ക് സഹായമെത്തിക്കുന്നതിനുമായി ഹ്യുമാനിറ്റേറിയൻ കോറിഡോർ സുരക്ഷിതമാക്കണമെന്നും ലുൽവ റാഷിദ് അൽ ഖാതിർ ആവശ്യപ്പെട്ടു.

പ്രതിസന്ധി പരിഹരിക്കുന്നത് നയതന്ത്ര ചർച്ചകളിലൂടെയും സംഭാഷണങ്ങളിലൂടെയുമുള്ള സമാധാനപരമായ മാർഗങ്ങളിലൂടെ മാത്രമാകണമെന്നും അൽ ഖാതിർ ചൂണ്ടിക്കാട്ടി. ലോകം പല പ്രതിസന്ധികളിലൂടെയുമാണ് കടന്നു പോയിക്കൊണ്ടിരിക്കുന്നത്. ദുരിതങ്ങളിൽനിന്ന് രക്ഷതേടി നിരവധിയാളുകളാണ് സുരക്ഷിത സ്ഥാനങ്ങളിലേക്ക് ചേക്കേറുന്നത്. ഇന്ന് ഇത് യുക്രെയ്നിലാണ് നാം കണ്ടുകൊണ്ടിരിക്കുന്നത് -അവർ വ്യക്തമാക്കി. യുക്രെയ്ന് മുമ്പും ദശലക്ഷക്കണക്കിനു പേർ യുദ്ധത്തിന്റെയും ആഭ്യന്തര സംഘർഷങ്ങളുടെയും കാരണത്താൽ അഭയാർഥികളായിട്ടുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി.

സിറിയൻ അഭയാർഥികളെയും ഫലസ്തീൻ അഭയാർഥികളെയും അന്താരാഷ്ട്ര സമൂഹം അവഗണിക്കുകയാണെന്നും അവർക്ക് കൂടി നമ്മുടെ ഐക്യദാർഢ്യവും പിന്തുണയും അനിവാര്യമാണെന്നും ഖത്തർ വിദേശകാര്യ സഹമന്ത്രി അഭ്യർഥിച്ചു. ബാൾക്കന് സമീപം മറ്റു അയൽനാടുകളിലേക്കും സംഘർഷം വ്യാപിക്കുമെന്ന് നിലവിലെ സാഹചര്യത്തിൽ ഭയക്കുന്നു. ഇരകളുടെ ബന്ധുക്കളെയും കുടുംബാംഗങ്ങളെയും അനുശോചനം അറിയിക്കുന്നതായും പ്രതിസന്ധിക്ക് ഉടൻ പരിഹാരമുണ്ടാകട്ടെയെന്ന് ആശംസിക്കുന്നതായും അവർ പറഞ്ഞു. 

Tags:    
News Summary - Qatar announces $ 50 million aid to Ukrainian refugees

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.