ദോഹ: നവംബർ ആറ് മുതൽ ഒമ്പത് വരെ പഴയ ദോഹ തുറമുഖത്ത് നടക്കുന്ന പ്രഥമ ഖത്തർ ബോട്ട് ഷോക്കുള്ള ഒരുക്കങ്ങൾ സജീവമാക്കി സംഘാടകർ. പ്രദർശനത്തിന്റെ 95 ശതമാനം ഓൺ-വാട്ടർ സ്ലോട്ടുകളും ഇതിനകം അന്താരാഷ്ട്ര, പ്രാദേശിക കമ്പനികളും യാച്ച് നിർമാതാക്കളും റിസർവ് ചെയ്തതായി സംഘാടകർ അറിയിച്ചു. ബോട്ടുകൾ, മറൈൻ ഉപകരണങ്ങൾ, കോർപറേറ്റ് ഇടങ്ങൾ എന്നിവക്കായുള്ള ഓൺ-ഗ്രൗണ്ട് യാച്ച് ഡിസ്പ്ലേയുടെ 90 ശതമാനവും ബുക്ക് ചെയ്തതായും വ്യക്തമാക്കി.
സമുദ്ര വ്യവസായ മേഖലയുടെ മുൻനിരയിലുള്ള പ്രദർശകർ ബോട്ട് ഷോയിൽ അസാധാരണ നിർമാണവൈദഗ്ധ്യവും ആഡംബര കപ്പലുകളും അവതരിപ്പിക്കും.നവംബറിൽ നാലു ദിവസങ്ങളിൽ നടക്കുന്ന ബോട്ട് ഷോയിൽ സമുദ്ര വ്യവസായ മേഖലയിലെ പ്രമുഖ കമ്പനികളും ബ്രാൻഡുകളും പങ്കെടുക്കും. ഖത്തറിൽ നിർമിച്ച നിരവധി ബോട്ടുകളും മറ്റു ചെറു യാനങ്ങളും ബോട്ട്ഷോയിൽ ആദ്യമായി പ്രദർശിപ്പിക്കും.
പുതിയ മോഡലുകളും അതിനൂതന ഡിസൈനുകളുമുൾപ്പെടെ 75ലധികം യാച്ചുകളുടെയും വാട്ടർ ക്രാഫ്റ്റുകളുടെയും എക്സ്ക്ലൂസിവ് പ്രദർശനം സന്ദർശകർക്ക് പുതിയ അനുഭവം സമ്മാനിക്കും. പ്രദർശനത്തോടനുബന്ധിച്ച് വിദഗ്ധർ പങ്കെടുക്കുന്ന സെമിനാറുകളും ശിൽപശാലകളും ബോട്ട് സാങ്കേതികവിദ്യ, ഡിസൈൻ, സുസ്ഥിരത എന്നിവയിലെ ഏറ്റവും പുതിയ ട്രെൻഡുകൾ ചർച്ച ചെയ്യും.
കൊറിന്തിയ യാച്ച് ക്ലബ്, അന്റോയ്ൻ കറം, മിലാഹ, പസഫിക് മറൈൻ, ഫെൻഡ്രെസ്, ക്യാപ്റ്റൻസ് ക്ലബ്, അൽ കൗസ് മറൈൻ, അൽ ദാൻ മറൈൻ, ഓഷ്യാങ്കോ, ഫെഡ്ഷിപ്, ദി വേൾഡ് ഓഫ് യാച്ച്സ്, ഹീസൻ യാച്ച്സ് എന്നിവർ പ്രഥമ ഖത്തർ ബോട്ട് ഷോയിൽ പങ്കെടുക്കുന്ന പ്രമുഖരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.