ദോഹ: ഖത്തർ എന്ന വികാരം സ്വദേശിയും വിദേശിയും എന്ന വ്യത്യാസമില്ലാതെ രാജ്യത്തെ ഓരോരുത്തരും കൊണ്ടാടുന്ന ദിനം. വീടും, വാഹനവും, കെട്ടിടങ്ങളും നിരത്തുകളുമെല്ലാം മെറൂണും വെള്ളയും നിറത്തിലെ പതാകകൾ കൊണ്ട് അലങ്കരിച്ച നാടൊന്നാകെ ദേശീയ ദിനത്തെ വരവേൽക്കാൻ ഒരുങ്ങിക്കഴിഞ്ഞു. റോഡുകളിൽ ചീറിപ്പായുന്ന വാഹനങ്ങൾക്ക് മുകളിലും, ബഹുനില കെട്ടിടങ്ങളിലുമെല്ലാം ഖത്തറിനെ അടയാളപ്പെടുത്തി ദേശീയ പതാകകൾ നിറഞ്ഞു. ഡിസംബർ 18 ശനിയാഴ്ച ദേശീയ ദിനാഘോഷത്തെ വരവേൽക്കാൻ എല്ലാ ഒരുക്കങ്ങളും പൂർത്തിയായിക്കഴിഞ്ഞു.
ദേശീയദിന പരേഡ് രാവിലെ ഒമ്പതിന് ആരംഭിക്കുമെന്ന് ഫെസിലിറ്റീസ് ആൻഡ് അതോറിറ്റീസ് സുരക്ഷ വിഭാഗം ഡയറക്ടർ ബ്രിഗേഡിയർ ഡോ. അലി ഖജീം അൽ അത്ബി അറിയിച്ചു.
കഴിഞ്ഞ വർഷത്തേതിന് സമാനമായി ബാർകോഡുള്ള പ്രത്യേക ക്ഷണക്കത്ത് മുഖേനയാവും സന്ദർശക ഗാലറിയിലേക്ക് പ്രവേശനം.
സന്ദർശക ഗാലറിയിലേക്ക് അനുമതി ലഭിച്ചവർ നേരത്തേ എത്തണമെന്നും രാവിലെ 7.30ന് ശേഷം പ്രവേശനം അനുവദിക്കുകയില്ലെന്നും ബ്രിഗേഡിയർ ഡോ. അലി അൽ അത്ബി വ്യക്തമാക്കി. ദേശീയദിനാഘോഷ സുരക്ഷ സമിതി വിളിച്ചു ചേർത്ത വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
താൽകാലികമായി സജ്ജമാക്കിയ ഗാലറിയുടെ വടക്ക് ഭാഗത്ത് 6557 ഇരിപ്പിടങ്ങളും തെക്ക് ഭാഗത്ത് 2706 ഇരിപ്പിടങ്ങളുമാണ് തയാറാക്കിയിരിക്കുന്നത്.
അറബ് കപ്പ് കലാശപ്പോരാട്ടം അവസാനിച്ച ഉടൻ കോർണിഷിൽ ദേശീയദിനാഘോഷ പരിപാടികളുടെ ഭാഗമായി പ്രത്യേക വെടിക്കെട്ടും സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. കോർണിഷിലെ ആഘോഷ പരിപാടികളുടെ ഭാഗമായി ഇത്തവണ കാലാൾപ്പടയുടെ പരേഡ് മാത്രമായിരിക്കും.
സൈനിക വാഹനങ്ങളുടെ പ്രദർശനമുണ്ടായിരിക്കുകയില്ല. ഹമദ് സ്ട്രീറ്റ് മുതൽ ബർസാൻ ടവർ വരെ സുരക്ഷ ക്രമീകരണമൊരുക്കും. സെൻട്രൽ ബാങ്ക് സിഗ്നൽ മുതൽ ഹമദ് സ്ട്രീറ്റ് സിഗ്നൽ വരെയുള്ള ഭാഗത്ത് റോഡുകൾ അടച്ചിടും.
പൊതുജനങ്ങൾക്ക് കടലിെൻറ ഭാഗത്തേക്ക് പ്രവേശനമുണ്ടായിരിക്കുകയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സന്ദർശകരെ സുരക്ഷ പരിശോധനക്ക് വിധേയമാക്കും. പൊതുജനങ്ങൾക്ക് അൽ ബിദ പാർക്കിലും ഖത്തർ ബൗളിങ് സെൻറർ എന്നിവിടങ്ങളിൽ പാർക്കിങ് സംവിധാനങ്ങളൊരുക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കൂടാതെ പഴയ ആഭ്യന്തര മന്ത്രാലയ കെട്ടിടത്തിന് സമീപത്തും പുതിയ ആഭ്യന്തര മന്ത്രാലയ ആസ്ഥാനത്തിന് മുൻവശത്തും പാർക്കിങ് സൗകര്യമുണ്ടെന്നും ക്ഷണിതാക്കൾക്ക് മാത്രമായിരിക്കും പ്രവേശനമെന്നും അദ്ദേഹം വ്യക്തമാക്കി.
ദോഹ: ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി തിരഞ്ഞെടുക്കപ്പെട്ട തടവുകാർക്ക് മോചനം പ്രഖ്യാപിച്ചു. എന്നാൽ, എത്രപേർക്ക്, ഏതെല്ലാം രാജ്യക്കാർ എന്നതു സംബന്ധിച്ച വിശദാംശങ്ങൾ പുറത്തു വിട്ടിട്ടില്ല. നടപടി ക്രമങ്ങൾ പൂർത്തിയാക്കിയ ശേഷമാവും ഇവരെ വിട്ടയക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.