ദോഹ: ഇന്ത്യൻ സർക്കാർ, ഇന്ത്യൻ എംബസി, ഇരുരാജ്യങ്ങളിലെയും വ്യോമയാനമന്ത്രാലയങ്ങൾ തുടങ്ങി വിവിധ കേന്ദ്രങ്ങളിലെ നടപടിക്രമങ്ങൾ പൂർത്തിയായി. ഇന്ത്യൻ എംബസിയുടെ അനുബന്ധ സംഘടനയായ ഇന്ത്യൻ കമ്മ്യൂണിറ്റി ബെനവലൻറ് ഫോറം (ഐ.സി.ബി.എഫ്) ഏർപ്പെടുത്തിയ ആദ്യവിമാനം ജൂൺ 15ന് രാവിലെ 10.30ന് ബംഗളൂരുവിലേക്ക് പുറപ്പെടും. ടിക്കറ്റുകൾ യാത്രക്കാർക്ക് നൽകിക്കഴിഞ്ഞു. അവസാനനിമിഷത്തിൽ തങ്ങളുെട നിയന്ത്രണത്തിലല്ലാത്ത സാങ്കേതിക തടസങ്ങൾ വന്നിട്ടില്ലെങ്കിൽ വിമാനം ഇന്ന് പുറപ്പെടുമെന്ന് പ്രസിഡൻറ് പി.എൻ. ബാബുരാജൻ ‘ഗൾഫ്മാധ്യമ’ത്തോട് പറഞ്ഞു. കർണാടകസർക്കാറുമായി ബന്ധപ്പെട്ട നടപടികൾ നേരത്തേ പൂർത്തിയായിട്ടുണ്ട്. ‘ഗോ എയർ’ കമ്പനിയുമായാണ് ഐ.സി.ബി.എഫ് ഇക്കാര്യത്തിൽ സഹകരിക്കുന്നത്. ഒരു വിമാനത്തിൽ 180 യാത്രക്കാരാണുണ്ടാവുക. നാല് സീറ്റ് കുഞ്ഞുങ്ങൾക്കും. മൊത്തം 184 സീറ്റുകൾ. പുറകിലെ വരിയിലുള്ള ചില സീറ്റുകൾ ഒഴിച്ചിടും.
യാത്രക്കിടയിൽ ഏതെങ്കിലും തരത്തിൽ രോഗലക്ഷണങ്ങൾ കാണിക്കുന്നവരെ മാറ്റിയിരുത്താനുള്ള താൽകാലിക സമ്പർക്ക വിലക്ക് സ്ഥലമാണ് ഇത്തരത്തിൽ സീറ്റുകൾ ഒഴിച്ചിട്ട് ക്രമീകരിക്കുക. 980 റിയാൽ ആണ് ബംഗളൂരിവിലേക്കുള്ള ടിക്കറ്റ് നിരക്ക്. ആകെയുള്ളതിൽ പത്ത് സീറ്റുകൾ അർഹരായ സാമ്പത്തികപ്രയാസമനുഭവിക്കുന്നവർക്കാണ് നൽകുന്നത്. ഇന്ത്യൻ എംബസിയിൽ പേര് ചേർത്തവരിൽ നിന്ന് തെരഞ്ഞെടുത്തവരെയാണ് വിമാനത്തിൽ പരിഗണിക്കുന്നത്. ‘ഗോ എയർ’ നൽകിയ മൊത്തം നിരക്ക് തുല്യമായി വീതിക്കുന്ന തരത്തിലാണ് ടിക്കറ്റ് നിരക്കെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂരിലേക്കും കൊച്ചിയിലേക്കുമുള്ള വിമാനങ്ങൾ ജൂൺ 20നുള്ളിൽ പറത്താൻ കഴിയുമെന്നാണ് പ്രതീക്ഷ. കണ്ണൂർ വിമാനം 19ന് പോകാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പ്രതികരിച്ചു. അതേസമയം, മറ്റ് സാങ്കേതിക തടസങ്ങൾ സംഭവിച്ചില്ലെങ്കിൽ ഖത്തറിൽ നിന്ന് വിവിധ സംഘടനകൾ ഒരുക്കിയ ചാർട്ടേഡ് വിമാനങ്ങളും ഉടൻ പറക്കും. ചാർട്ടേഡ് വിമാനത്തിൽ യാത്ര ചെയ്യുന്നവർക്ക് മുൻകൂർ കോവിഡ് ടെസ്റ്റ് നിർബന്ധമാക്കിയ നടപടി കേരളസർക്കാർ അതിനുള്ളിൽ പിൻവലിക്കുമെന്നാണ് പ്രതീക്ഷ. കോൺഗ്രസിൻെറ പ്രവാസി സംഘടനയായ ഇൻകാസ് ഏർപ്പാടാക്കിയ വിമാനം ഉടൻ പറക്കുമെന്ന് പ്രസിഡൻറ് സമീർ ഏറാമല പറഞ്ഞു. എല്ലാ നടപടിക്രമങ്ങളും പൂർത്തിയായിട്ടുണ്ട്.
ഇന്ത്യൻ എംബസി അടക്കമുള്ള വിവിധ അധികൃതർ തുടക്കം മുതൽ തന്നെ മികച്ച സഹായങ്ങളാണ് ഇക്കാര്യത്തിൽ നൽകിയത്. അർഹരായ ചില യാത്രക്കാർക്ക് സൗജന്യനിരക്കിലാണ് ടിക്കറ്റ്അനുവദിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇൻഡിഗോയുമായാണ് ഇൻകാസ് സഹകരിക്കുന്നത്. 170 യാത്രക്കാരാണുണ്ടാവുക. കെ.എം.സി.സിയുടെ ചാർട്ടേഡ് വിമാനങ്ങൾക്കായുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും യാത്രക്കാരുടെ പട്ടികയുടെ കാര്യത്തിൽ ഡൽഹിയിൽ നിന്നുള്ള അറിയിപ്പിനായി കാത്തിരിക്കുകയാണെന്നും പ്രസിഡൻറ് എസ്.എ.എം. ബഷീർ പറഞ്ഞു. ജൂൺ 20ന് ശേഷം വിമാനത്തിന് പറക്കാൻ കഴിയുമെന്നാണ് നിലവിലുള്ള പ്രതീക്ഷയെന്നും അദ്ദേഹം പ്രതികരിച്ചു. വെൽഫെയർ പാർട്ടിയുെട പ്രവാസി സംഘടനയായ ഖത്തർ കൾച്ചറൽ ഫോറത്തിൻെറ ചാർട്ടേഡ് വിമാനങ്ങൾ ജൂൺ 24നോ 25നോ പറത്താനാകുമെന്നാണ് ഇപ്പോൾ പ്രതീക്ഷിക്കുന്നതെന്ന് പ്രസിഡൻറ് ഡോ. താജ് ആലുവ പറഞ്ഞു.
‘ഗോ എയറു’മായാണ് സഹകരിക്കുന്നത്. ആകെ അഞ്ചുവിമാനങ്ങൾക്കാണ് ശ്രമിക്കുന്നത്. 180 യാത്രക്കാരാണ് ഒരു വിമാനത്തിൽ ഉണ്ടാവുക.
യാത്രക്കാർക്ക് സാധ്യമാകുന്നതരത്തിൽ നിരക്ക് കുറച്ചായിരിക്കും ടിക്കറ്റ് നൽകുന്നത്. കോവിഡ് പ്രതിസന്ധിയിൽ നാട്ടിലേക്കെത്താൻ പ്രയാസപ്പെടുന്ന പ്രവാസികൾക്ക് വേണ്ടി കൾച്ചറൽ ഫോറം ഏർപ്പെടുത്തുന്ന ചാർട്ടേഡ് ഫ്ലൈറ്റുകളിൽ ഒന്ന് ഏറ്റവും അർഹരായ ആളുകൾക്കായി പൂർണമായും സൗജന്യമായാണ് ഒരുക്കുക. കോവിഡ് രോഗവിമുക്തി നേടിയ താഴ്ന്ന വരുമാനക്കാർ, ഗാർഹിക ജോലിക്കാരായ അർഹരായ വനിതകൾ, ഓൺ അറൈവൽ വിസ, ബിസിനസ് വിസ എന്നിവയിൽ ഖത്തറിൽ വന്ന് തിരിച്ച് പോകാൻ പ്രയാസപ്പെടുന്ന സ്ത്രീകൾ, ജോലി നഷ്ടപ്പെട്ട രോഗികളായ താഴ്ന്ന വരുമാനക്കാർ തുടങ്ങിയ മുൻഗണനകൾ വെച്ച് ഇതിനകം ലഭിച്ച അപേക്ഷകളിൽ ഏറ്റവും അർഹരായ ആളുകളെയാവും സൗജന്യ യാത്രക്ക് തിരഞ്ഞെടുക്കുകയെന്നും ഡോ. താജ് ആലുവ പറഞ്ഞു. നേരത്തേ ഖത്തറിൽ നിന്ന് വിവിധ കമ്പനികളുടെ ചാർട്ടേഡ് വിമാനങ്ങൾ കേരളത്തിലേക്കടക്കം പോയിരുന്നു.
ഖത്തറിൽ കുടുങ്ങിയ തങ്ങളുടെ തൊഴിലാളികളെ നാട്ടിലെത്തിക്കുന്നതിനാണ് കമ്പനികൾ ഇത്തരം വിമാനങ്ങൾ ഒരുക്കിയത്.
വന്ദേഭാരത് മിഷൻ: മടങ്ങാനായത് 3506 പേർക്ക്
ഇതുവരെ 40000ലധികം പ്രവാസികളാണ് ഇന്ത്യയിലേക്ക് മടങ്ങുന്നതിന് ഇന്ത്യൻ എംബസിയിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ജൂൺ ഒമ്പതു വരെ ഖത്തറിൽ നിന്നും ഇന്ത്യയിലെ വിവിധ നഗരങ്ങളിലേക്കായി 21 വിമാനങ്ങളാണ് വന്ദേഭാരത് മിഷനിൽ പുറപ്പെട്ടത്. ഇതിൽ 3506 പേർക്ക് മാത്രമാണ് നാടണയാനായത്. 98 കുഞ്ഞുങ്ങളും ഇതിലുൾപ്പെടും.
ഇതിനാലാണ് അർഹരായ ആളുകളെ നാട്ടിലെത്തിക്കാനായി വിവിധ സംഘടനകൾ ചാർട്ടേർഡ് വിമാനങ്ങൾക്കായി ശ്രമം ഊർജിതമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.