ദോഹ: റമദാനിലെ രാത്രിയിൽ നിറഞ്ഞു കവിഞ്ഞ ഗാലറിയെ സാക്ഷിയാക്കി നടന്ന ഖത്തർ കപ്പ് കിരീട പോരാട്ടത്തിൽ അൽ ദുഹൈലിന് വിജയം. ജാസിം ബിൻ ഹമദ് സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ കരുത്തരായ അൽ സദ്ദിനെ മറുപടിയില്ലാത്ത രണ്ട് ഗോളിന് തോൽപിച്ചാണ് അൽ ദുഹൈൽ ഖത്തർ കപ്പിൽ മുത്തമിട്ടത്. അർജന്റീനക്കാരനായ പരിശീലകൻ ഹെർനാൻ ക്രെസ്പോയുടെ കീഴിൽ കളത്തിലിറങ്ങിയ ദുഹൈൽ രണ്ടാം പകുതിയിൽ പിറന്ന ഗോളുകളിലൂടെയാണ് കളി സ്വന്തമാക്കിയത്.
48ാം മിനിറ്റിൽ മൈക്കൽ ഒലുങ്കയും 54ാം മിനിറ്റിൽ ഫെർജാനി സാസിയുമാണ് സ്കോർ ചെയ്തത്. 2015ലും 2018ലും ഖത്തർ കപ്പ് കിരീടമണിഞ്ഞ ദുഹൈലിന്റെ മൂന്നാം ജയം കൂടിയാണിത്. കഴിഞ്ഞ രണ്ടു സീസണുകളിലും ഫൈനലിൽ അൽ സദ്ദിന് മുന്നിൽ കിരീടം കൈവിട്ട അൽ ദുഹൈലിന് മധുര പ്രതികാരം കൂടിയാണ് ഈ വിജയം.
കഴിഞ്ഞ മാസം പ്രഥമ ഉരീദു കപ്പ് ജയിച്ച് സീസണിലെ കിരീട വേട്ടക്ക് തുടക്കമിട്ട ദുഹൈലിന് നാലു കിരീടം എന്ന ലക്ഷ്യത്തിലേക്കുള്ള യാത്ര കൂടിയാണിത്. നിലവിൽ ഖത്തർ സ്റ്റാർസ് ലീഗിൽ ഒന്നാമതും, നാളെ ആരംഭിക്കുന്ന അമിർ കപ്പ് ക്വാർട്ടർ ഫൈനലിലും ദുഹൈൽ സജീവ സാന്നിധ്യമായുണ്ട്.
ഏതാനും മാസങ്ങൾക്കുള്ളിൽ സമാപിക്കുന്ന ഖത്തർ ആഭ്യന്തര ലീഗിലെ നാലു കിരീട നേട്ടമെന്ന ലക്ഷ്യത്തിലേക്ക് ടീം. പരിശീലക കുപ്പായത്തിൽ ചുമതലയേറ്റ് ഒരു വർഷത്തിനുള്ളിലാണ് ക്രെസ്പോ ടീമിനെ വിജയ വഴിയിലേക്ക് നയിച്ചുതുടങ്ങുന്നത്. ഖത്തർ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റ് ശൈഖ് ജുആൻ ബിൻ ഹമദ് ആൽഥാനി കിരീടം സമ്മാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.