ദോഹ: അഫ്ഗാനിസ്താന് മരുന്നും ചികിത്സ ഉപകരണങ്ങളും ഉൾപ്പെടെ സഹായങ്ങളുമായി ഖത്തർ എയർവേസ് വിമാനം കാബൂളിൽ പറന്നിറങ്ങി. ലോകാരോഗ്യ സംഘടനയുടെകൂടി പങ്കാളിത്തത്തോടെ ഖത്തർ ഭരണകൂടവും ഖത്തർ എയർവേസ് ഓപറേഷൻസ് ലോജിസ്റ്റിക് ടീമുകളുമാണ് 60 ടൺ മെഡിക്കൽ സഹായം എത്തിച്ചത്. നവംബർ ആദ്യവാരത്തിൽ മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളുമടങ്ങിയ കാർഗോ കാബൂളിൽ എത്തിയതായി ലോകാരോഗ്യ സംഘടന അധികൃതർ അറിയിച്ചു. ആഗസ്റ്റ് 30നു ശേഷം ദോഹയിൽനിന്നും ലോകാരോഗ്യ സംഘടന വഴി അഫ്ഗാനിസ്താനിലേക്കുള്ള നാലാമത് വിമാനമാണിത്.
പോഷകാഹാരക്കുറവ്, ന്യൂമോണിയ, ശ്വാസതടസ്സം, അതിസാരം തുടങ്ങിയ രോഗങ്ങളാൽ പ്രയാസപ്പെടുന്ന അയ്യായിരത്തോളം കുട്ടികളുടെ ചികിത്സക്കായുള്ള മരുന്നുകളും ഉപകരണങ്ങളും ഇതിലുൾപ്പെടും. അഫ്ഗാനിസ്താനിലെ ആരോഗ്യ സാഹചര്യങ്ങൾ കൂടുതൽ വഷളായിരിക്കുകയാണ്. മരുന്നുകളുടെയും മെഡിക്കൽ ഉപകരണങ്ങളുടെയും ക്ഷാമം കൂടുതലാണ്. രാജ്യത്തിെൻറ ആരോഗ്യ സംവിധാനം പരാജയപ്പെടുമ്പോൾ ഇരകളാകുന്നത് അധികവും കുട്ടികളാണെന്ന് ലോകാരോഗ്യ സംഘടന വിശദീകരിച്ചു.
അഫ്ഗാനിസ്താനിലേക്ക് ജീവൻരക്ഷ മരുന്നുകളെത്തിക്കുന്നതിൽ ഖത്തർ സർക്കാറിെൻറ അകമഴിഞ്ഞ പിന്തുണക്ക് നന്ദി അറിയിക്കുകയാണെന്നും എല്ലാവർക്കും ആരോഗ്യം, എല്ലാവർക്കും പിന്തുണ എന്ന കാഴ്ചപ്പാടിലൂന്നി അഫ്ഗാൻ ജനതക്കുള്ള ഐക്യദാർഢ്യത്തിെൻറ തുടർച്ചയാണിതെന്നും ലോകാരോഗ്യ സംഘടന ഈസ്റ്റേൺ മെഡിറ്ററേനിയൻ റീജനൽ ഡയറക്ടർ ഡോ. അഹ്മദ് അൽ മന്ദരി പറഞ്ഞു. അഫ്ഗാനിൽ താലിബാൻ അധികാരമേറ്റെടുത്തതിനെ തുടർന്നുണ്ടായ ആരോഗ്യ പ്രതിസന്ധി മറികടക്കുന്നതിനായി മെഡിക്കൽ സഹായങ്ങളുമായി ഖത്തറിൽനിന്ന് നാലു വിമാനങ്ങളാണ് കാബൂളിലിറങ്ങിയത്. ഖത്തറിൽനിന്നും ഇതുവരെയായി 60 മെട്രിക് ടൺ മെഡിക്കൽ സഹായം കാബൂളിലെത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.