ദോഹ: നിർമിത ബുദ്ധിയും സാങ്കേതിക വിദ്യാ നവീകരണവും ഉൾപ്പെടെ വിവരസാങ്കേതിക ലോകത്തെ വിപ്ലവകരമായ മാറ്റങ്ങൾക്ക് പ്രോത്സാഹനവുമായി ഖത്തർ സാമ്പത്തിക ഫോറത്തിന് തുടക്കമായി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ചിന്തകരും, സാമ്പത്തിക വിദഗ്ധരും മാനേജ്മെന്റ് പ്രതിനിധികളും രാഷ്ട്ര നേതാക്കളും പങ്കെടുക്കുന്ന സാമ്പത്തിക ഫോറം ദോഹ റാഫ്ൾസ് ഫെയർമോണ്ട് ഹോട്ടലിൽ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി ഉദ്ഘാടനം നിർവഹിച്ചു. ഖത്തറിന്റെ സാമ്പത്തിക, വ്യവസായിക, സാങ്കേതിക മേഖലകളിലേക്കുള്ള അതിവേഗ കുതിപ്പിനെ വിശദീകരിച്ചുകൊണ്ട് പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ആൽഥാനി സംസാരിച്ചു. നിർമിത ബുദ്ധി ഉൾപ്പെടെ മേഖലകളിലെ വികസന സംരംഭങ്ങൾക്കായി 900 കോടി റിയാലിന്റെ നിക്ഷേപ പദ്ധതികൾ പ്രധാന മന്ത്രി പ്രഖ്യാപിച്ചു. വിവിധോദ്ദേശ്യ പദ്ധതികൾക്കായുള്ള പ്രോത്സാഹന പാക്കേജായാണ് നിക്ഷേപം പ്രഖ്യാപിച്ചത്. സാങ്കേതിക മേഖലയില്‍ ഖത്തര്‍ കൂടുതല്‍ നിക്ഷേപങ്ങള്‍ നടത്തുമെന്ന് ഖത്തര്‍ പ്രധാനമന്ത്രി വ്യക്തമാക്കി. രാഷ്ട്ര നേതാക്കളും നയതന്ത്ര പ്രതിനിധികളും സാമ്പത്തിക വിദഗ്ധരും ഉള്‍പ്പെടെ ആയിരത്തിലേറെ പേരാണ് മൂന്ന് ദിവസമായി നടക്കുന്ന ഖത്തര്‍ ഇക്കണോമിക് ഫോറത്തിന്റെ ഭാഗമാകുന്നത്. ഉദ്ഘാടന ചടങ്ങിൽ പോളണ്ട് പ്രസിഡന്റ് ആന്ദ്രേസ് ഡ്യൂഡ, മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്റാഹിം, ഇന്തോനേഷ്യൻ പ്രതിരോധ മന്ത്രി പ്രബാവോ സുബിയാൻതോ, മലേഷ്യൻ പ്രധാനമന്ത്രി ഡോ. അൻവർ ഇബ്രാഹിം തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
പ്രകൃതിവാതക മേഖലയില്‍ നിക്ഷേപം നടത്തുന്നത് ഖത്തർ തുടരുമെന്ന് പ്രധാനമന്ത്രി ഫോറത്തിൽ നടത്തിയ പ്രസംഗത്തിൽ വ്യക്തമാക്കി. നോർത് ഫീൽഡ്, നോർത് വെസ്റ്റ് ഫീൽഡ് ഉൾപ്പെടെ വികസന പദ്ധതികളിലൂടെ 2030ഓടെ ഖത്തറിന്റെ എൽ.എൻ.ജി ഉൽപാദന ശേഷി പ്രതിവർഷം 142 മെട്രിക് ടൺ ആയി വർധിക്കും. ലോകമെമ്പാടുമുള്ള നിക്ഷേപകരെ ആകര്‍ഷിക്കാന്‍ ഖത്തറിന് സാധിക്കുന്നുണ്ട്. നിരവധി പേര്‍ക്ക് അവസരങ്ങളുടെ വാതില്‍ തുറന്നിടുകയാണ് രാജ്യം. കോവിഡ് മഹാമാരിയില്‍ നിന്നും കരകയറുന്നതിന് മുമ്പ് തന്നെ ലോകം യുദ്ധങ്ങളുടെ കരിനിഴലിലാണെന്ന് നിലവിലെ അന്താരാഷ്ട്ര സ്ഥിതിഗതികൾ വിശദീകരിച്ചുകൊണ്ട് അദ്ദേഹം വ്യക്തമാക്കി. യുക്രെയ്ന് യുദ്ധം, ഗസ്സ യുദ്ധം, സുഡാനിലെ ആഭ്യന്തര പ്രശ്നങ്ങള്‍ എന്നിവ മേഖലയുടെയും ലോകത്തിന്റെയും പ്രതിസന്ധികള്‍ രൂക്ഷമാക്കി. ഏറ്റവും വലിയ മാനുഷിക ദുരന്തത്തിനാണ് ഗസ്സ സാക്ഷ്യംവഹിക്കുന്നത്. യുദ്ധത്തിലൂടെ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരപരാധികളായ പതിനായിരങ്ങളുടെ മരണം മനഃസാക്ഷിയെ ഉണർത്തേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ നായകത്വത്തിലും ദീർഘവീക്ഷണത്തിലും ഖത്തർ സാമ്പത്തിക രംഗത്തെ ശക്തമായ സാന്നിധ്യമായി വളരുകയാണെന്നും അദ്ദേഹം പറഞ്ഞു. സുസ്ഥിരമായ സമ്പദ്വ്യവസ്ഥയും നിക്ഷേപ കാര്യക്ഷമതയും ഖത്തറിനെ ആഗോള സമ്പദ് രംഗത്ത് മുൻനിരയിലെത്തിച്ചതായും വ്യക്തമാക്കി.
നിർമിത ബുദ്ധിയുടെ ലോകത്തേക്ക് ഖത്തറിന്റെ സംഭാവനയായി ‘അൽ ഫനാർ’ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്മാൻ ആൽഥാനി പ്രഖ്യാപിച്ചു. അറബി ഭാഷാധിഷ്ഠിത നിർമിത ബുദ്ധി സംവിധാനമായാണ് അൽ ഫനാറിനെ അവതരിപ്പിക്കുന്നത്. അറബി ഭാഷ ഡേറ്റ കലക്ഷനാണ് പ്രൊജക്ട് വഴി ലക്ഷ്യമിടുന്നത്. ലോകത്ത് 20ലേറെ രാജ്യങ്ങളിലെ ദേശീയഭാഷയും, വലിയൊരു ജനവിഭാഗത്തിന്റെ ആശയവിനിമയ ഉപാധിയുമായ അറബിയെ സാങ്കേതിക മാറ്റങ്ങൾക്കൊപ്പം മെച്ചപ്പെടുത്തുകയുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. അൽ ഫനാർ എ.ഐ പദ്ധതി അറബി ഭാഷയെ സമ്പന്നമാക്കാനും ഭാഷയുടെ അസ്തിത്വം നിലനിർത്താനും വഴിയൊരുക്കുമെന്ന് പ്രഖ്യാപനം നടത്തിക്കൊണ്ട് പ്രധാനമന്ത്രി പ്രസ്താവിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.