ദോഹ: മലേഷ്യയിലെ റോഹിങ്ക്യൻ അഭയാർഥികൾക്കായി നടപ്പാക്കുന്ന സമഗ്ര ആരോഗ്യ പരിരക്ഷ സംരംഭത്തിന് പിന്തുണ നൽകുമെന്ന് ഖത്തർ ഫണ്ട് ഫോർ ഡെവലപ്മെന്റ് അറിയിച്ചു. അഞ്ച് ആരോഗ്യകേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിനുള്ള ധനസഹായമാണ് ക്യു.എഫ്.എഫ്.ഡി നൽകുക. ഖത്തർ ചാരിറ്റി, മലേഷ്യൻ നാഷനൽ വെൽഫെയർ ഫൗണ്ടേഷൻ എന്നിവയുമായി സഹകരിച്ച് റോഹിങ്ക്യകൾക്കായി പ്രധാന കേന്ദ്രങ്ങളിൽ ക്യു.എഫ്.എഫ്.ഡി സ്ഥാപിച്ച അഞ്ച് മൊബൈൽ ക്ലിനിക്കുകൾക്ക് പുറമെയാണിത്. 2019ൽ ആരംഭിച്ച ക്യു.എഫ്.എഫ്.ഡി പദ്ധതികൾ മലേഷ്യയിലെ റോഹിങ്ക്യൻ അഭയാർഥികൾക്ക് അടിസ്ഥാന ആരോഗ്യസേവനം നൽകുന്നതിൽ സുപ്രധാന പങ്കാണ് വഹിക്കുന്നത്. കോവിഡ് വെല്ലുവിളികൾക്കിടയിലും ഖത്തർ ചാരിറ്റിയുമായും മറ്റ് നിരവധി പങ്കാളികളുമായും സഹകരിച്ച് അഭയാർഥികളെ സഹായിക്കുന്നതിൽ ക്യു.എഫ്.എഫ്.ഡി മുൻപന്തിയിലുണ്ടായിരുന്നു. നാല് വർഷത്തേക്കുള്ള പദ്ധതി കോവിഡ് കാരണം ഒരു വർഷത്തേക്ക് കൂടി ദീർഘിപ്പിച്ച് 2024 അവസാനം വരെ തുടരുമെന്ന് അധികൃതർ അറിയിച്ചു. മെഡിക്കൽ പരിശോധന, പ്രസവ പരിരക്ഷ, മുറിവ് ഡ്രസിങ്, മൈനർ സർജിക്കൽ ഓപറേഷനുകൾ, ആരോഗ്യ വിദ്യാഭ്യാസം, വാക്സിൻ വിതരണം, രക്തപരിശോധന, ഓർത്തോപീഡിക്സ്, പരിഛേദനം, പീഡിയാട്രിക്സ്, മാനസികാരോഗ്യ പരിചരണം തുടങ്ങി ക്യു.എഫ്.എഫ്.ഡി ക്ലിനിക്കുകളിൽ നൽകിവരുന്നുണ്ട്. 2024 ഏപ്രിൽ വരെ വിവിധ വകുപ്പുകളിലായി അഞ്ചര ലക്ഷത്തിലധികം അഭയാർഥികളാണ് സേവനങ്ങൾ പ്രയോജനപ്പെടുത്തിയതെന്ന് ക്യു.എഫ്.എഫ്.ഡി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.