ദോഹ: ഖത്തറും അമേരിക്കയും തമ്മിലെ നയതന്ത്ര, വാണിജ്യ-വ്യാപാര രംഗത്ത് പുതിയ ചരിത്രമെഴുതി അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ അമേരിക്കൻ സന്ദർശനം. രണ്ടു ദിവസം നീണ്ട സന്ദർശനം പൂർത്തിയാക്കി അമീർ ചൊവ്വാഴ്ച ഖത്തറിൽ തിരികെയെത്തിയപ്പോൾ അരനൂറ്റാണ്ടുനീണ്ട നയതന്ത്രസൗഹൃദത്തിൽ ഇരു രാജ്യങ്ങളും പുതിയ അധ്യായം രചിച്ചു. ഖത്തർ സമയം തിങ്കളാഴ്ച രാത്രിയായിരുന്നു അമീറും അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും വൈറ്റ്ഹൗസിൽ കൂടിക്കാഴ്ച നടത്തിയത്. ഖത്തറിനെ ഏറ്റവും വിശ്വസ്തരായ നയതന്ത്ര പങ്കാളിയെന്ന് വിശേഷിപ്പിച്ച അമേരിക്കൻ പ്രസിഡന്റ്, കഴിഞ്ഞ അരനൂറ്റാണ്ട് കാലം ഇരുരാജ്യങ്ങളും തമ്മിലെ ഉറ്റ സൗഹൃദം, വരുംകാലങ്ങളിൽ കൂടുതൽ ദൃഢമായി തന്നെ മുന്നോട്ടുപോവുമെന്നും വ്യക്തമാക്കി. 'ഒരു നല്ല സുഹൃത്തിന്റെ സാന്നിധ്യത്തിൽ അഭിമാനിക്കുന്നു. പ്രസിഡന്റായതിനുശേഷവും അതിനുമുമ്പും മികച്ച ബന്ധം പുലർത്തിയ സുഹൃത്തിനെ വൈറ്റ് ഹൗസിലേക്ക് സ്വാഗതം ചെയ്യുന്നു' -അമീറിനെ ഔദ്യോഗിക കാര്യാലയമായ വൈറ്റ്ഹൗസിലേക്ക് വരവേറ്റുകൊണ്ട് പ്രസിഡന്റ ബൈഡൻ പറഞ്ഞു. അമേരിക്കയും ഖത്തറും തമ്മിലെ സുരക്ഷാവിഷയങ്ങളും ഗൾഫ് മേഖലയിലെയും പശ്ചിമേഷ്യയിലെയും സ്ഥിതിഗതികളും അഫ്ഗാനിസ്താനിലെ ഇടപെടലുകളും വാണിജ്യ-വ്യവസായ മേഖലകളിലെ നിക്ഷേപ സഹകരണവുമെല്ലാം ചർച്ച ചെയ്തതായി ബൈഡൻ പിന്നീട് പറഞ്ഞു.
• നാറ്റോ ഇതര സഖ്യ പദവിയുടെ നേട്ടം
നാറ്റോ ഇതര സഖ്യപദവിയിലേക്ക് മാറുന്നതോടെ, അമേരിക്കയുമായി സാമ്പത്തിക, സൈനിക മേഖലകളിൽ പ്രത്യേക പദവിയും ആനുകൂല്യങ്ങൾക്കും ഖത്തറിന് അർഹതയുണ്ടാവും. പ്രതിരോധ ഇടപാടുകള്‍, സുരക്ഷാ സഹകരണം, ആയുധ കൈമാറ്റം തുടങ്ങിയ കാര്യങ്ങളില്‍ ഖത്തറിന് മുന്‍ഗണന ലഭിക്കും. ഗൾഫ് മേഖലയിൽ നിന്നും അമേരിക്കയുടെ നാറ്റോ ഇതര സഖ്യരാജ്യമായി മാറുന്ന മൂന്നാമത്തെ രാജ്യമാണ് ഖത്തർ. 2004ൽ ജോർജ് ഡബ്ല്യൂ ബുഷ് സർക്കാർ കുവൈത്തിനെ ഉൾപ്പെടുത്തിയ ശേഷം ആദ്യമായാണ് ഗൾഫ് മേഖലയിൽ നിന്നുള്ള ഒരു രാജ്യത്തെ ഈ പട്ടികയിൽ ഉൾപ്പെടുത്തുന്നത്. ബഹ്റൈനാണ് മേഖലയിൽ നിന്നുള്ള മറ്റൊരു രാജ്യം. നിലവിൽ 17 അംഗങ്ങളുടെ പ്രധാന നാറ്റോ ഇതര സഖ്യങ്ങളുടെ പട്ടികയിലെ 18ാമത്തെ രാജ്യമാണ് ഖത്തർ. ഡൊണാൾഡ് ട്രംപ് പ്രസിഡന്റായിരിക്കെ 2019ൽ ബ്രസീലിനെ ഉൾപ്പെടുത്തിയ ശേഷം ആദ്യമായാണ് പട്ടികയിലേക്ക് പുതിയ നിർദേശം. അഫ്ഗാനെ നേരത്തെ ഉൾപ്പെടുത്തിയെങ്കിലും താലിബാൻ സ്ഥാനമേറ്റതോടെ പദവി മരവിപ്പിച്ചിരിക്കുകയാണ്. പ്രസിഡന്റ് കോൺഗ്രസിനോട് നിർദേശിച്ച് 30 ദിവസം തികയുന്നതോടെ പുതിയ രാജ്യം നാറ്റോ ഇതര സഖ്യ പദവിയിലേക്ക് ഔദ്യോഗികമായി പരിഗണിക്കപ്പെടുമെന്നാണ് അമേരിക്കൻ നിയമം.
• സൗഹൃദം ശക്തമാക്കി അമീർ
പ്രസിഡൻറ് ജോ ബൈഡന്റെ നേതൃത്വത്തിൽ നൽകിയ വരവേൽപിൽ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി നന്ദി പറഞ്ഞു. ബൈഡൻ സ്ഥാനമേറ്റ ശേഷം അമീറിന്റെ ആദ്യ വൈറ്റ് ഹൗസ് സന്ദർശനമായിരുന്നു ഇത്. പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ, ആഭ്യന്തര സുരക്ഷാ സെക്രട്ടറി അലയാന്ദ്രോ മയോർകാസ്, വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൻ, കോൺഗ്രസ് അംഗങ്ങൾ എന്നിവരുമായും കൂടിക്കാഴ്ച നടത്തി. ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്മാൻ ആൽഥാനി, അമീറിന്റെ നിക്ഷേപകാര്യസെക്രട്ടറി ശൈഖ് മുഹമ്മദ് ബിൻ ഹമദ് ആൽഥാനി, അമിരി ദിവാൻ ചീഫ് ശൈഖ് സൗദ് ബിൻ അബ്ദുൽറഹ്മാൻ ആൽഥാനി, സുരക്ഷാ മേധാവി അബ്ദുല്ല ബിൻ മുഹമ്മദ് അൽ ഖുലൈഫി, അമിരിദിവാൻ സ്റ്റഡീസ് ആൻഡ് റിസർച് വിഭാഗം ഡയറക്ടർ മുഹമ്മദ് ബിൻ നാസർ അൽ ഹജിരി, അമേരിക്കയിലെ ഖത്തർ അംബാസഡർ ശൈഖ് മിഷാൽ ബിൻ ഹമദ് ആൽഥാനി എന്നിവരും അമീറിനൊപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.