ദോഹ: മുത്തും പവിഴവും ഖത്തറിന്റെ തിളക്കമാർന്ന ഭൂതകാലത്തിന്റെ അടയാളംകൂടിയാണ്. മുത്തിൽ പറ്റിപ്പിടിച്ച് എണ്ണയിലേക്കും പ്രകൃതിവാതകത്തിലേക്കും ചേക്കേറി സമൃദ്ധമായ ഖത്തറിനെ പിന്നെയും കുളിരണിയിക്കുന്നതാണ് പുതിയ പര്യവേക്ഷണങ്ങളിലെ വിലപിടിപ്പുള്ള മുത്തുകളുടെ കണ്ടെത്തൽ. അത്തരമൊരു കണ്ടെത്തലാണ് ഖത്തർ മ്യൂസിയംസ് പര്യവേക്ഷണ സൈറ്റ് മാനേജ്മെൻറ് മേധാവി ഡോ. ഫെർഹാൻ സകലിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റേത്. ആദ്യകാല മനുഷ്യവാസ കേന്ദ്രങ്ങളുമായി പൊരുത്തപ്പെടുന്ന പഴക്കം ചെന്ന മുത്തുകളാണ് ഇവർ കണ്ടെത്തിയത്.
രാജ്യത്തെ പഴക്കം ചെന്ന നവശിലായുഗ പ്രദേശങ്ങളിലൊന്നായ വാദി അൽ ദെബആനിലെ ശവക്കല്ലറക്കുള്ളിൽനിന്നുള്ള ഈ ചരിത്രപ്രധാനമായ കണ്ടെത്തൽ ബി.സി 4600ലേതാണെന്ന് ഖത്തർ മ്യൂസിയം അറിയിച്ചു. പുരാതന മുത്ത് വ്യാപാരത്തിന്റെ ആദ്യകാല തെളിവുകളിലേക്കാണ് ഇത് വിരൽചൂണ്ടുന്നത്.
ചരിത്രപരവും സാമൂഹികശാസ്ത്രപരവുമായി ഏറെ പ്രാധാന്യമുള്ള ഈ കണ്ടെത്തൽ രാജ്യത്തെ പൗരാണിക മനുഷ്യവാസ കേന്ദ്രങ്ങളുടെ ആദ്യ ഉറവിടങ്ങളിലേക്കും പ്രാദേശികമായുള്ള മുത്തുകളുടെ ഉപയോഗത്തിലേക്കുമാണ് വെളിച്ചം വീശുന്നതെന്ന് ഖത്തർ മ്യൂസിയംസ് ആർക്കിയോളജി മേധാവി ഫൈസൽ അബ്ദുല്ല അൽ നഈമി പറഞ്ഞു.
ഖത്തറിന്റെ സമ്പന്നമായ ഭൂതകാലത്തിന്റെ അടയാളങ്ങളിലേക്ക് വെളിച്ചമെത്തുമ്പോൾ തങ്ങളുടെ സാമുദായിക ചരിത്രത്തെയും സ്വത്വത്തെയും കുറിച്ച് കൂടുതൽ വ്യക്തതയാണ് ലഭിക്കുന്നതെന്നും അവ സുസ്ഥിരമായ ഭാവിയിലേക്കുള്ള തങ്ങളുടെ അഭിലാഷങ്ങളാണെന്നും അൽ നഈമി കൂട്ടിച്ചേർത്തു.
ഈയിടെ കണ്ടെത്തിയ പഴക്കം ചെന്ന ശവകുടീരം ഖത്തറിന്റെ പൗരാണിക മുത്ത് വാരൽ വ്യാപാരത്തിന്റെ ഏറ്റവും പഴയ തെളിവുകളിലേക്കാണ് എത്തിക്കുന്നത്. രാജ്യത്തേക്കുള്ള സാമ്പത്തിക, വാണിജ്യ പ്രവാഹത്തിന്റെ കേന്ദ്രമായി പിന്നീട് മാറുകയും ചെയ്തു.
ഖത്തറിന്റെ വടക്ക് പടിഞ്ഞാറൻ തീരത്ത് അൽ സുബാറയുടെ തെക്ക് ഭാഗത്താണ് വാദി അൽ ദെബആൻ സ്ഥിതി ചെയ്യുന്നത്. ഇവിടെ നടത്തിയ ഖനനത്തിൽ നിരവധി ചരിത്രപ്രധാനമായ കണ്ടെത്തലുകളാണ് ലഭിച്ചിരിക്കുന്നതെന്ന് ഖത്തർ മ്യൂസിയം വ്യക്തമാക്കിയിരുന്നു. ഖത്തർ മ്യൂസിയത്തിന്റെ സംരക്ഷണ പ്രദേശമാണ് നിലവിൽ വാദി അൽ ദബആൻ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.