ദോഹ: രക്തദാന പദ്ധതികൾ കൂടുതൽ വിപുലമാക്കുന്നതിന്റെ ഭാഗമായി ഹമദ് മെഡിക്കൽ കോർപറേഷനു കീഴിലെ പുതിയ ഖത്തർ നാഷനൽ ബ്ലഡ് ഡൊണേഷൻ സെന്റർ പ്രവർത്തനമാരംഭിച്ചു. ഹമദ് ആശുപത്രിയിലെ കേന്ദ്രം പൊതുജനാരോഗ്യ മന്ത്രി ഡോ. ഹനാൻ മുഹമ്മദ് അൽ കുവാരി കേന്ദ്രം ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ ആഭ്യന്തര സഹമന്ത്രി ശൈഖ് അബ്ദുൽ അസീസ് ബിൻ ഫൈസൽ ബിൻ മുഹമ്മദ് ആൽഥാനി, ശൈഖ് ഈദ് ചാരിറ്റബ്ൾ ഫൗണ്ടേഷൻ ചെയർമാൻ ഡോ. മുഹമ്മദ് ഈദ് ആൽഥാനി എന്നിവർ പങ്കെടുത്തു. പുതിയ കേന്ദ്രത്തിലെ രണ്ടു ഹാളുകൾ ശൈഖ് ഈദ് ബിൻ മുഹമ്മദ് ആൽഥാനി എന്ന പേരിൽ അറിയപ്പെടും. വിപുലമായ സൗകര്യങ്ങളോടെയാണ് പുതിയ കേന്ദ്രം തുറന്നതെന്ന് മന്ത്രി പറഞ്ഞു. എച്ച്.എം.സി രക്തദാന സെന്ററിന്റെ ശേഷി വർധിപ്പിക്കുക എന്നതിനൊപ്പം ദാതാക്കൾക്ക് സുഗമവും കൂടുതൽ സൗകര്യവും വാഗ്ദാനം ചെയ്യുന്നതായി ഡോ. ഹനാൻ മുഹമ്മദ് അൽ കുവാരി പറഞ്ഞു.
രക്തദാന പ്രവർത്തനങ്ങൾക്ക് പ്രോത്സാഹനം നൽകുന്നതിനൊപ്പം, സൗകര്യങ്ങളും മെച്ചപ്പെടുത്തുകയാണ് ഇതു വഴി ലക്ഷ്യമിടുന്നത്. ഖത്തറിലെ എല്ലാ സർക്കാർ, സ്വകാര്യ ആശുപത്രികൾക്കും രക്ത- രക്ത ഘടകങ്ങളുടെ വിതരണത്തിനുള്ള ഏക കേന്ദ്രമായാണ് ദേശീയ ബ്ലഡ് ഡൊണേഷൻ സെന്റർ പ്രവർത്തിക്കുന്നത്. പുതിയ കേന്ദ്രത്തിൽ 38 കിടക്കകളാണ് സജ്ജീകരിച്ചിരിക്കുന്നത്. നേരത്തെയുള്ള കേന്ദ്രത്തേക്കാൾ മൂന്നിരട്ടിയോളമാണ് ഇവിടെ കിടക്കകൾ. പുതിയ കേന്ദ്രം പ്ലാസ്മ തെറപ്പി ആവശ്യമുള്ള രോഗികൾക്ക് ചികിത്സക്ക് ആവശ്യമായ പ്ലാസ്മ കൈമാറാനുള്ള സൗകര്യവും പുതിയ കേന്ദ്രം വാഗ്ദാനം ചെയ്യുന്നു.
ഫ്ലെമോബോടോമി, സ്റ്റെം സെൽ ശേഖരണം, പ്ലേറ്റ്ലെറ്റ് തരംതിരിക്കൽ എന്നിവക്കുള്ള അത്യാധുനിക സൗകര്യങ്ങളോടെയാണ് രക്തദാന കേന്ദ്രം ആരംഭിച്ചത്. ഒമ്പത് പുരുഷന്മാരെയും, മൂന്ന് സ്ത്രീകളെയും ഉൾക്കൊള്ളാനുള്ള ഇന്റർവ്യൂ-അസെസ്മെന്റ് മുറികൾ, 18 പുരുഷന്മാർക്കും എട്ട് സ്ത്രീകൾക്കും രക്തദാനം നിർവഹിക്കാനുള്ള കിടക്കകൾ, പ്ലേറ്റ്ലെറ്റ് ശേഖരണത്തിനായി 12 കിടക്കകൾ എന്നിവയാണ് കേന്ദ്രത്തിന്റെ സൗകര്യങ്ങൾ. അപൂർവ ഗ്രൂപ്പുകളിലുള്ള രക്തങ്ങളുടെ സൂക്ഷിപ്പ് ഉൾപ്പെടെ പുതിയ സാങ്കേതിക സൗകര്യങ്ങളോടെ ഇവിടം ഒരുക്കുമെന്ന് ലബോറട്ടറി മെഡിസിൻ ആൻഡ് പത്തോളജി ചെയർപേഴ്സൻ ഡോ. ഐനാസ് അൽ കുവാരി പറഞ്ഞു. സാധാരണയായി 42 ദിവസമാണ് ശേഖരിക്കുന്ന രക്തങ്ങൾ സൂക്ഷിക്കാൻ കഴിയുന്നത്. തുടർച്ചയായ രക്തദാനവും സ്വീകരണവും ആരോഗ്യ സംവിധാനത്തിന് ആവശ്യമാണെന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.