ദോഹ: പ്രതിശീർഷ ഷെങ്കൻ വിസ അപേക്ഷകൾ ഏറ്റവും കൂടുതലുള്ള രാജ്യങ്ങളിൽ ഖത്തർ മൂന്നാമത്. കൊസോവോ, കുവൈത്ത് രാജ്യങ്ങളാണ് ഒന്നും രണ്ടും സ്ഥാനങ്ങളിൽ. ഷെങ്കൻ വിസ ഇൻഫോ ഡോട് കോം എന്ന വെബ്സൈറ്റിലെ റിപ്പോർട്ട് പ്രകാരമാണ് ഈ കണക്കുകൾ. 2022ൽ ഷെങ്കൻ വിസ അപേക്ഷകരുടെ എണ്ണത്തിൽ വൻകുതിപ്പാണ് രേഖപ്പെടുത്തിയതെന്നും, നിരവധി രാജ്യങ്ങളിൽനിന്നുള്ളവർ തങ്ങളുടെ അതിർത്തികടക്കാൻ ആഗ്രഹിക്കുന്നുവെന്നും വെബ്സൈറ്റ് വ്യക്തമാക്കി.
കൊസോവോയിലെ ഓരോ ലക്ഷം പേരിലും 6891 പേർ വിസക്ക് അപേക്ഷിക്കുന്നു. കുവൈത്തിൽ 3246 പേരും ഖത്തറിൽ 2939 പേരുമാണ് വിസക്ക് അപേക്ഷിക്കുന്നത് - വെബ്സൈറ്റ് ചൂണ്ടിക്കാട്ടി.
ഏകീകൃത വിസക്ക് ഖത്തറിൽ നിന്ന് 79,859 അപേക്ഷകരും മൾട്ടിപ്പിൾ എൻട്രി വിസക്ക് 53870 അപേക്ഷകരുമാണുള്ളത്. ഖത്തറിന്റെ ഏകദേശം മൂന്ന് ദശലക്ഷമെന്ന രാജ്യ ജനസംഖ്യയുടെ 2.9 ശതമാനം ആളുകളും ഷെങ്കൻ വിസക്ക് അപേക്ഷിച്ചിട്ടുണ്ട്. മൾട്ടിപ്പിൾ എൻട്രി വിസകളിൽ (എം.ഇ.വി) ഖത്തറിന് 98.6 ശതമാനമാണ് വിഹിതം. എന്നാൽ 11.1 ശതമാനം ഏകീകൃത വിസകളും ഇഷ്യൂ ചെയ്യാതിരിക്കുമ്പോൾ ലക്ഷത്തിൽ 325 പേർക്ക് വിസ റദ്ദ് ചെയ്തിട്ടുണ്ട്.
90/180 ദിവസമെന്ന നിയമം ലംഘിക്കുന്നില്ലെങ്കിൽ മൾട്ടിപ്പിൾ എൻട്രി വിസയുള്ള ആൾക്ക് എത്രതവണ വേണമെങ്കിലും ഷെങ്കൻ ഏരിയയിൽനിന്ന് പുറത്തു കടക്കാനും അകത്തേക്ക് പ്രവേശിക്കാനും സാധിക്കും.
ആകെ അപേക്ഷകരിൽ 79859 അപേക്ഷകളുമായി ഖത്തർ 24ാം സ്ഥാനത്താണ്. ആകെ അപേക്ഷകളുടെ പട്ടികയിൽ ഏറ്റവും കൂടുതൽ വന്നിരിക്കുന്നത് തുർക്കി, ദക്ഷിണാഫ്രിക്ക, ഇന്ത്യ എന്നിവിടങ്ങളിൽ നിന്നാണ്. മൂന്ന് രാജ്യങ്ങളും അര ലക്ഷത്തിലധികമാണ് അപേക്ഷകൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.