ദോഹ: രാജ്യത്ത് റീട്ടെയിൽ കടമുറികളുടെ വാടക കുറയുന്നതായി റിപ്പോർട്ട്. ഈ വർഷം ആദ്യ മൂന്ന് മാസങ്ങളിൽ ചെറിയ കുറവുണ്ടായതായി ഇ-റിയാലിറ്റി പ്ലാറ്റ്ഫോമായ ഹാപോണ്ടോയിലെ വിപണി വിദഗ്ധർ അഭിപ്രായപ്പെട്ടു. 2024 ജനുവരി മുതൽ മാർച്ച് വരെ കാലയളവിൽ ഭൂരിഭാഗം റീട്ടെയിൽ കടമുറി വാടക ചതുരശ്ര മീറ്ററിന് 214 റിയാലിൽ നിന്ന് 182 റിയാലായി കുറഞ്ഞതായാണ് റിപ്പോർട്ടിൽ പറയുന്നത്. ലോകകപ്പ് ആരവങ്ങൾക്കുശേഷം മന്ദഗതിയിലായ വിപണിയിൽ വാടക കുറയുന്നത് വ്യാപാരികൾക്ക് വലിയ ആശ്വാസമാണ്. ലുസൈൽ, ഉമ്മുസലാൽ നഗരങ്ങളിൽ രണ്ടുശതമാനം മുതൽ ഒമ്പത് ശതമാനം വരെ കുറവുണ്ടായതായി വ്യാപാരികൾ സാക്ഷ്യപ്പെടുത്തുന്നു. അതേസമയം, എല്ലാ വ്യാപാരികൾക്കും ഈ ആനുകൂല്യം ലഭ്യമായിട്ടില്ല. കഴിഞ്ഞ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് വിപണിയിൽ ഉണർവുണ്ടെന്ന് വ്യാപാരികൾ പറയുന്നുണ്ട്. ഖത്തർ ആതിഥേയത്വം വഹിക്കുന്ന ആഗോള ഇവന്റുകളോ പ്രവർത്തനങ്ങളോ അനുസരിച്ച് വർഷത്തിന്റെ അടുത്ത പകുതിയിൽ വരുമാനത്തിൽ ഏറ്റക്കുറച്ചിലുണ്ടാകും. 2023 ലെ അവസാന മൂന്നു മാസങ്ങളിൽ രാജ്യത്തെ പല മേഖലകളിലും റീട്ടെയിൽ സ്പെയ്സുകളുടെ ശരാശരി വാടക കുതിച്ചുയരുന്നതായി ഹാപോണ്ടോയുടെ ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ അഹ്മദ് അൽ ഖാൻജി പറഞ്ഞു. ഏഷ്യൻ കപ്പ് പോലുള്ള പ്രധാന ടൂർണമെന്റുകളുടെ ആതിഥേയത്വം ഇതിന് കാരണമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.