ദോഹ: പ്രതിരോധനിരയിലെ തലപ്പൊക്കമുള്ള താരം അബ്ദുൽ കരീം ഹസനെ ലോകകപ്പ് യോഗ്യത മത്സരത്തിനുള്ള ടീമിലേക്ക് തിരികെ വിളിച്ച് ഖത്തർ. ഒക്ടോബർ പത്തിന് കിർഗിസ്താനെയും, 15ന് ഇറാനെയും നേരിടാനുള്ള ഖത്തറിന്റെ 27 അംഗ ടീമിലേക്കാണ് അബ്ദുൽ കരീം ഹസനെ കോച്ച് മാർക്വേസ് ലോപസ് ഉൾപ്പെടുത്തിയത്.
2022 ലോകകപ്പിനുശേഷം ആദ്യമായാണ് 31കാരനായ അബ്ദുൽ കരീം ദേശീയ ടീമിൽ തിരികെയെത്തുന്നത്. ലോകകപ്പിൽ ഖത്തറിന്റെ തോൽവിയുടെ നിരാശ പ്രകടിപ്പിച്ച ആരാധകരോട് സമൂഹ മാധ്യമ പ്ലാറ്റ്ഫോമിൽ പ്രതികരിച്ചതിനു പിന്നാലെ താരത്തിന്റെ ദേശീയ ടീമിലെയും പിന്നാലെ, അൽ സദ്ദ് ക്ലബിലെയും ഇടം നഷ്ടമാവുകയായിരുന്നു.
തുടർന്ന് കുവൈത്തി ക്ലബിലേക്കും ഇറാനിലേക്കും കൂടുമാറിയ അബ്ദുൽ കരീം അൽ സദ്ദുമായുള്ള മഞ്ഞുരുക്കത്തിനു പിറകെ ഈ സീസണിൽ അൽ വക്റ എഫ്.സിയിലൂടെ വീണ്ടും ഖത്തറിൽ തിരികെയെത്തി. തുടർന്നാണ് ദേശീയ ടീമിലേക്കും വിളിയെത്തുന്നത്.
യോഗ്യത റൗണ്ടിലെ ആദ്യ മത്സരങ്ങളിൽ യു.എ.ഇയോട് തോൽകുകയും, രണ്ടാം മത്സരത്തിൽ ഉത്തര കൊറിയയോട് സമനില വഴങ്ങുകയും ചെയ്ത ഖത്തറിന് ശേഷിക്കുന്ന മത്സരങ്ങളിൽ വിജയം അനിവാര്യമാണ്. ഈ ഘട്ടത്തിലാണ് കരുത്തരെ അണിനിരത്തി കോച്ച് ടീമിനെ ഒരുക്കുന്നത്. ബൗലം ഖൗഖി തിരികെ എത്തിയപ്പോൾ, പരിക്കേറ്റ പെട്രോ മിഗ്വേൽ പുറത്തായി.
അതേസമയം, അൽ തുമാമ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിന്റെ ടിക്കറ്റുകൾ ക്യൂ.എഫ്.എ ഓൺലൈൻ പ്ലാറ്റ്ഫോം വഴി വിൽപന ആരംഭിച്ചു. 10, 30 റിയാൽ നിരക്കിൽ ടിക്കറ്റുകൾ ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.