ദോഹ: മെകുനു ചുഴലിക്കാറ്റിൽ ദുരിതമനുഭവിക്കുന്ന യമനിൽ ഖത്തർ റെഡ് ക്രസൻറ് സന്നദ്ധ പ്രവർത്തനം സജീവമാക്കി. ഒമാൻ തീരങ്ങളിൽ ആഞ്ഞ് വശീയ മെകുനു ചുഴലിക്കാറ്റ് യമൻ തീരങ്ങളിലും വൻ നാശനഷ്ടം വരുത്തിയാണ് ഒഴിഞ്ഞ് പോയത്. ഇരുപതിനായിരം പേരെങ്കിലും ശക്തമായ പേമാരിയിലും ചുഴലിക്കാറ്റിലും ദുരിതങ്ങൾക്ക് വിധേയരായി എന്നാണ് ആദ്യ കണക്കുകൾ. ആഭ്യന്തര യുദ്ധം കാരണം ദുരിതം പേറുന്ന യമനിൽ പ്രകൃതി ദുരന്തം കൂടി എത്തിയതോടെ വലിയ പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തിയിരിക്കുകയാണ്.
ഖത്തർ റെഡ് ക്രസൻറ് ഖത്തർ ചാരിറ്റിയുമായി സഹകരിച്ച് യമനിലെ ദുരിത പ്രദേശങ്ങളിൽ സഹായങ്ങൾ എത്തിക്കുന്നതിന് അടിയന്തര സഹായമായി രണ്ട് ലക്ഷം ഡോളർ നീക്കി വെച്ചതായി അധികൃതർ വ്യക്തമാക്കി. യമനിലെ അഞ്ച് ജില്ലകളിലായി അടിയന്തര സഹായം എത്തിക്കുന്ന നടപടികളാണ് ആരംഭിച്ചിരിക്കുന്നത്. ഇതിെൻറ ഭാഗമായി അടുത്ത മൂന്ന് മാസം ഭക്ഷണം, അടിയന്തര മെഡിക്കൽ സേവനം എന്നീ കാര്യങ്ങൾ കേന്ദ്രീകരിച്ചുള്ള പ്രവർത്തനത്തിനുള്ള രൂപരേഖ തയ്യാറാക്കിയതായി റെഡ് ക്രസൻറ് അധികൃതർ അറിയിച്ചു.
യമനിലെ സഖതരിയിലുണ്ടായ ചുഴലിക്കാറ്റിൽ ദുരിതത്തിലായവരെ അടിയന്തരമായി സഹായിക്കുന്നതിന് ഒരു ലക്ഷം ഡോളർ ദുരിതാശ്വാസ ഫണ്ടിൽ നിന്ന് നീക്കി വെച്ചതായി ബന്ധപ്പെട്ടവർ അറിയിച്ചു. ഈ മേഖലയിൽ മാത്രം പത്ത് മൊബൈൽ മെഡിക്കൽ യൂണിറ്റ് പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ഖത്തർ ചാരിറ്റിയുടെ നേതൃത്വത്തിൽ യമനിലെ വിവിധ പ്രദേശങ്ങളിൽ നടക്കുന്ന മാനുഷിക പ്രവർത്തനങ്ങൾ ഏറെ അഭിനന്ദനാർഹമാണെന്ന് റെഡ് ക്രസൻറ്അന്താരാഷ്ട്ര സേനവ വിഭാഗം ഡയറക്ടർ റാഷിദ് സഅദ് അൽമുഹന്നദി അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.