ദോഹ: സംഘർഷവും പലായനവും കാരണം ദുരിതത്തിലായ അഫ്ഗാനികൾക്ക് സഹായഹസ്തവുമായി ഖത്തർ റെഡ്ക്രസന്റിന്റെ ഇടപെടൽ. മികച്ച ആരോഗ്യ പരിചരണത്തിന്റെ ഭാഗമായി പതിനായിരത്തിനടുത്ത് രോഗികൾക്ക് നേത്രചികിത്സ നൽകിയതായി റെഡ്ക്രസന്റ് സൊസൈറ്റി അറിയിച്ചു. അഫ്ഗാനിസ്താനിലെ വിദൂര പ്രദേശങ്ങളിലെ നേത്രരോഗികൾക്ക് ചകിത്സ ലഭ്യമാക്കുകയെന്ന ലക്ഷ്യം മുൻനിർത്തി മൂന്ന് മാസം നീണ്ട ചികിത്സ പദ്ധതിയിലൂടെ 9690 രോഗികൾക്കാണ് ചികിത്സ നൽകിയത്. അഫ്ഗാൻ എജുക്കേഷൻ ആൻഡ് എയ്ഡ് ഓർഗനൈസേഷനുമായി സഹകരിച്ച് 1,62,115 ഡോളർ ചെലവ് വരുന്ന പദ്ധതിയിലൂടെ ജനങ്ങൾക്കിടയിലെ അന്ധതനിരക്ക് കുറക്കുക, വിദൂര പ്രദേശങ്ങളിലെ നേത്ര ആരോഗ്യം വർധിപ്പിക്കുക തുടങ്ങിയവയാണ് ലക്ഷ്യമിട്ടിരുന്നത്. മെഡിക്കൽ പരിശോധനകൾ, കാറ്ററാക്ട് ഓപറേഷനുകൾ,നേത്ര രോഗങ്ങളുമായി ബന്ധപ്പെട്ട് സാമൂഹിക ബോധവത്കരണ പരിപാടികൾ, ദരിദ്ര കുടുംബങ്ങളുടെ സാമൂഹിക സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്തുക തുടങ്ങിയവയാണ് പദ്ധതിയിലൂടെ നടപ്പാക്കിയത്.
കുന്ദുസ്, ഘോർ, പകിത, ലഘ്മാൻ, കുനാർ, ബാമിയാൻ തുടങ്ങി ആറ് പ്രദേശങ്ങളിൽ നടപ്പാക്കിയ പദ്ധതിയിലൂടെ 9229 പേർ നേരിട്ടും 461 പേർ അല്ലാതെയും പദ്ധതിയുടെ ഗുണഭോക്താക്കളായതായും ഖത്തർ റെഡ്ക്രസൻറ് അറിയിച്ചു. അഫ്ഗാൻ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളുമായി ഒപ്പുവെച്ച കരാർ പ്രകാരമാണ് പദ്ധതി പൂർത്തിയാക്കിയത്. 9229 പേരെ പരിശോധിച്ചപ്പോൾ 1304 പേരെ കാറ്ററാക്ട് ഓപറേഷന് വിധേയമാക്കി. 9000ലധികം പേർ വിവിധ ബോധവത്കരണ സെഷനുകളിൽ പങ്കെടുത്തു. ബോധവത്കരണ പരിപാടികളുടെ പ്രചാരണത്തിനായി പ്രാദേശിക ആരോഗ്യ സംവിധാനങ്ങൾ, റേഡിയോ സ്റ്റേഷനുകൾ, പള്ളികൾ, പൊതു വിപണികൾ എന്നിവ തെരഞ്ഞെടുത്തു. കൂടുതലാളുകളിലേക്ക് ബോധവത്കരണ സന്ദേശം എത്തിക്കാനും പദ്ധതി അറിയിക്കാനും ഇതുപകരിച്ചു. ചികിത്സക്ക് അർഹരായവരെ കണ്ടെത്താനും ചികിത്സക്കായി ആശുപത്രികൾ തെരഞ്ഞെടുക്കാനും പ്രാദേശിക ആരോഗ്യ കേന്ദ്രങ്ങൾ സഹകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.