ദോഹ: ആഘോഷങ്ങളുടെ പെരുന്നാൾ ദിനം ഖത്തറിലെ മലയാളി സമൂഹത്തിന് സങ്കടക്കടലായി മാറി. കോവിഡ് മാഹാമാരിയുടെ ഭീതി വിട്ടകന്ന ശേഷമെത്തിയ പെരുന്നാൾ ആഘോഷമാക്കിമാറ്റാൻ സ്വദേശികളും വിദേശികളും ഉൾപ്പെടെയുള്ളവരെല്ലാം പുറത്തിറങ്ങിയ ദിനമായിരുന്നു രണ്ടു വാഹനങ്ങളിലായി കുടുംബങ്ങളും സുഹൃത്തുക്കളുമടങ്ങിയ സംഘം മുഐതറിൽനിന്നും യാത്ര തിരിച്ചത്. ഒരു വില്ലയിലായി വിവിധ റൂമുകളിൽ കുടുംബ സമേതവും ബാച്ചിലറായും താമസിക്കുന്നവരാണ് യാത്ര സംഘത്തിലുണ്ടായിരുന്നത്. അപകടത്തിൽ മരണപ്പെട്ട ഷമീം സജിത്തും റസാഖും താമസിക്കുന്ന വില്ലക്ക് സമീപത്തെ സ്വദേശി വീട്ടുകാരനാണ്.
പതിവായി കാണുന്നവരും അവധി ദിനങ്ങളിൽ ഒന്നിക്കുന്നവരുമായ സുഹൃത്തുക്കൾ പെരുന്നാളിന് മൂന്നു ദിനം അവധി ലഭിച്ച പശ്ചാത്തലത്തിലാണ് മിസഈദ് സീലൈനിലേക്ക് യാത്ര പോയത്. പെരുന്നാളിനും ഇവർ ഒന്നിച്ച് യാത്ര പോയതായി സുഹൃത്തുക്കൾ പറഞ്ഞു. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് രണ്ടു വാഹനങ്ങളിലാണ് രണ്ടു കുടുംബങ്ങളും ഇവരുടെ സുഹൃത്തുക്കളായ മൂന്നുപേരും യാത്രപോയത്. നാലോടെ പുറപ്പെട്ട സംഘം, അപകടത്തിൽ പെട്ടതായി വിവരം അറിയിച്ചുകൊണ്ട് 5.20നുതന്നെ ഫോണിൽ വിളിച്ചതായി സുഹൃത്തുകൂടിയായി രമേശ് 'ഗൾഫ് മാധ്യമ'ത്തോട് പറഞ്ഞു.
മരണപ്പെട്ട റസാഖിനും പരിക്കേറ്റ ശരൺജിത്തിനുമൊപ്പം ഒരേ മുറിയിൽതന്നെയാണ് രമേശും താമസിക്കുന്നത്. രണ്ടാമത്തെ വാഹനത്തിൽ സഞ്ചരിച്ച തോമസായിരുന്നു തന്നെ ആദ്യം വിളിച്ച് സജിത്തും ഷമീമും സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടതായി അറിയിച്ചതെന്ന് രമേശ് പറയുന്നു. അബുസിദ്രയിലെ ലുലു മാളിന് സമീപത്തെ വുഖൂദ് പെട്രോൾ സ്റ്റേഷനിൽ ടെക്നീഷ്യനായി ജോലിചെയ്യുകയാണ് മാവേലിക്കര സ്വദേശിയായ സജിത്ത്. 12 വർഷമായി ഇവിടെയുള്ള സജിത്ത് ഇരട്ടക്കുട്ടികളായ അമേയ, അനേയ എന്നിവർക്കും ഭാര്യ രേവതിക്കുമൊപ്പമാണ് യാത്രസംഘത്തിൽ ചേർന്നത്. അപകടത്തിൽപെട്ട വാഹനത്തിൽ സജിത്തിനൊപ്പമായിരുന്നു ഒരു മകൾ. മറ്റൊരു മകളും ഭാര്യയും രണ്ടാമത്തെ വാഹനത്തിലാണ് സഞ്ചരിച്ചത്.
തൊട്ടുമുന്നിലായി ഭർത്താവും സുഹൃത്തുക്കളും സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടതിന്‍റെ ഞെട്ടലിലാണ് ഭാര്യ രേവതി. പ്രിയതമനൊപ്പം സന്തോഷത്തോടെ പ്രവാസ ജീവിതം നയിക്കുന്നതിനിടയിലെ ഉല്ലാസ യാത്ര ജീവിത്തിലെ ഏറ്റവും വലിയ ദുരന്തനിമിഷമായി മാറിയതിന്‍റെ ഞെട്ടലിൽ രേവതിയും തളർന്നുപോയി. വാഹനത്തിലുണ്ടായിരുന്ന നാലുപേരും പുറത്തേക്ക് തെറിച്ചപ്പോൾ ഒന്നരവയസ്സുകാരി മകൾ പരിക്കുകളൊന്നുമില്ലാതെ സുരക്ഷിതമായി കാറിനുള്ളിൽ തന്നെയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. തുടർന്ന്, എയർ ആംബുലൻസിലാണ് മാതാവിനെയും കുഞ്ഞിനെയും പരിക്കേറ്റ ശരൺജിത്തിനെയും അടിയന്തരമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഭാര്യയെയും ആറുവയസ്സുകാരനായ മകനെയും ഖത്തറിലെത്തിക്കാനുള്ള ഒരുക്കത്തിനിടെയാണ് മലപ്പുറം പൊന്നാനി സ്വദേശിയായ റസാഖിന്‍റെ അകാല വേർപാട്. വില്ലയുടെ നോക്കിനടത്തിപ്പ് ജോലിയായിരുന്നു റസാഖിന്. താമസവും ഇവിടെതന്നെ. അതിനിടയിൽ സുഹൃത്തുക്കൾക്കൊപ്പമുള്ള പെരുന്നാൾ അവധി ദിനത്തിലെ സീ ലൈൻ യാത്ര അന്ത്യയാത്രയുമായി. ഓട്ടോമൊബൈൽ വർക്ഷോപ്പിലെ ജീവനക്കാരനായ ശരൺജിത്തും സുഹൃത്തുക്കളുടെ ക്ഷണം സ്വീകരിച്ചാണ് സംഘത്തിൽ ചേരുന്നത്. സാരമായി പരിക്കേറ്റ ഇദ്ദേഹം ഹമദ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.
ഹൃദയം നുറുങ്ങുന്ന വേദനയായി സജിത്തിന്‍റെ ഇരട്ടക്കുഞ്ഞുങ്ങൾ
ദോഹ: അപകടത്തിൽപെട്ട വാഹനത്തിലുണ്ടായിരുന്ന മുതിർന്നവരായ നാലിൽ മൂന്നുപേരും തൽക്ഷണം മരിച്ചു. ഒരാൾ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ. അവർക്കിടയിൽനിന്ന് ഒരു മാലാഖയുടെ കരുതലെന്നോണം അത്ഭുതകരമായിരുന്നു സജിത്തിന്‍റെ ഇരട്ടക്കുട്ടികളിൽ ഒരാളുടെ രക്ഷപ്പെടൽ. നാലുപേരും വാഹനത്തിൽനിന്നും 10ഉം 15ഉം മീറ്റർ അകലേക്ക് തെറിച്ചുപോയപ്പോൾ, വാഹനത്തിനുള്ളിൽതന്നെയുണ്ടായിരുന്നു ഒന്നര വയസ്സുകാരിയായ കുഞ്ഞും. അപകടത്തിന് ദൃസാക്ഷികളായവരും, തൊട്ടുപിന്നിലായുണ്ടായ വാഹനത്തിൽ സഞ്ചരിച്ച മാതാവ് രേവതിയും ഓടിയെത്തുമ്പോൾ മകൾ വാഹനത്തിനുള്ളിലായിരുന്നു. തുടർന്ന് എയർ ആംബുലൻസിൽ ഇവരെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
12 വർഷമായി ഖത്തറിൽ ജോലിചെയ്യുന്ന സജിത്ത് കുടുംബസമേതം മുഐതറിലെ വില്ലയിലാണ് താമസം. പെരുന്നാൾ പ്രമാണിച്ച് മൂന്നു ദിവസത്തെ അവധിയിൽ സുഹൃത്തുക്കൾക്കൊപ്പം ഉല്ലാസ യാത്രപോയതായിരുന്നു ഇദ്ദേഹം. പരിക്കുകളൊന്നുമില്ലാതിരുന്ന കുഞ്ഞും മാതാവും പരിശോധനക്കുശേഷം ബുധനാഴ്ചതന്നെ ആശുപത്രി വിട്ടു. ബുധാനാഴ്ച മുഐതറിലെ വീട്ടിലെത്തിയ ഇവരെ എങ്ങനെ ആശ്വസിപ്പിക്കണമെന്നറിയാതെ വലയുകയാണ് ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം. നടപടികൾ പൂർത്തിയാക്കിയ ശേഷം, മൃതദേഹത്തെ അനുഗമിച്ച് രേവതിയും ഇരട്ടക്കുഞ്ഞുങ്ങളായ അമേയയും അനേയയും നാട്ടിലേക്ക് മടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.