ഖത്തറിന്റെ അഭിമാനസ്തംഭമായി തലയുയർത്തി നിൽക്കുന്ന ഖലീഫ സ്റ്റേഡിയം. 2006 ദോഹ ഏഷ്യൻ ഗെയിംസിന്റെ അഭിമാനപോരാട്ടങ്ങൾക്കായി ഈ മണ്ണിൽ ആദ്യമായെത്തിയത് ഖലീഫ സ്റ്റേഡിയത്തിന്റെ പോർക്കളത്തിലേക്കാണ്. എന്റെ കരിയറിലെ ആദ്യ ഏഷ്യൻ ഗെയിംസ് കൂടിയായിരുന്നു അത്. ഏഷ്യാഡിന്റെ മഹത്തായ ട്രാക്കിൽ മത്സരിക്കാനിറങ്ങുന്നതുതന്നെ കരിയറിന്റെ വലിയ നേട്ടമായിക്കരുതിയ നാളുകളിൽ ദോഹയിലെ എന്റെ അരങ്ങേറ്റ ഗെയിംസിൽ ഞാൻ മെഡലിലേക്ക് ഓടിക്കയറി. വമ്പൻ പ്രതീക്ഷകളൊന്നുമില്ലാതിരുന്ന ഘട്ടത്തിലായിരുന്നു ആ മിന്നുന്ന നേട്ടം.
5000 മീറ്ററിൽ ചൈന, ജപ്പാൻ താരങ്ങൾക്കു പിന്നാലെ മെഡലെന്ന നേരിയ സാധ്യതകളിലേക്ക് ഊർജമുൾക്കൊണ്ട് ട്രാക്കിൽ ഞാൻ കുതിച്ചുപാഞ്ഞപ്പോൾ പിറന്നത് എന്റെ കരിയറിനെ മൊത്തം സ്വാധീനിച്ച മഹദ് നേട്ടമായിരുന്നു. ദോഹയിൽ മെഡൽപീഠത്തിലേറിയ ആ നിമിഷം 17 വർഷങ്ങൾക്കുശേഷം ഇന്നും എന്റെ മനസ്സിൽ ഒളിമങ്ങാതെയുണ്ട്. ആദ്യ ഏഷ്യാഡിൽതന്നെ എനിക്ക് മെഡൽ. പറഞ്ഞറിയിക്കാനാവാത്ത സന്തോഷമായിരുന്നു അത്. കരിയറിന്റെ മാത്രമല്ല, എന്റെ കുടുംബത്തിന്റെയും ഞങ്ങളുടെ ജീവിതത്തിന്റെയുമൊക്കെ ഗതി മാറ്റിമറിച്ച ഗെയിംസായിരുന്നു അത്. വ്യക്തിപരമായ ഒരുപാട് പ്രാരബ്ധങ്ങളുടെ കെട്ടുപൊട്ടിച്ചോടാൻ 21ാം വയസ്സിൽ എന്നെ തുണച്ചത് ഖലീഫ സ്റ്റേഡിയത്തിലെ ട്രാക്കും അതു നൽകിയ മെഡലുമാണ്. ഖത്തറിനോട് അതുകൊണ്ടുതന്നെ, വൈകാരികമായി വല്ലാത്ത അടുപ്പമുണ്ടെനിക്ക്. എന്റെ ഭാഗ്യവേദിയായാണ് ദോഹയെ ഞാൻ കാണുന്നത്. ‘വീണ്ടുമൊരിക്കൽകൂടി വരൂ’എന്ന് മനസ്സിൽ എന്നെ എപ്പോഴും പ്രചോദിപ്പിച്ചുകൊണ്ടിരിക്കുന്ന നഗരംകൂടിയാണത്.
ദോഹയിൽ ഗൾഫ് മാധ്യമം സംഘടിപ്പിക്കുന്ന ‘ഖത്തർ റണ്ണി’നെക്കുറിച്ച് ഞാൻ നേരത്തേ കേട്ടിട്ടുണ്ട്. ഓട്ടക്കാരിയായതുകൊണ്ട് എല്ലാ ദീർഘദൂര, ഹ്രസ്വദൂര ഓട്ടവും മാരത്തണുകളുമൊക്കെ എനിക്ക് ഏറെ പ്രിയപ്പെട്ടതാണ്. കരിയറിൽ ഞാൻ മത്സരിച്ചുകൊണ്ടിരുന്ന 5000, 10000 മീറ്ററുകളിലൊക്കെയാണ് ഖത്തർ റൺ നടക്കുന്നത്. ഖത്തറിലെ മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസിസമൂഹം ഏറെ ആവേശത്തോടെ ഖത്തർ റണ്ണിൽ പങ്കെടുക്കാറുണ്ടെന്ന് പലരും എന്നോട് പറഞ്ഞിട്ടുണ്ട്. എന്നെ ഏറെ ആകർഷിച്ചതും അതാണ്. ആരോഗ്യകരമായ ജീവിതശൈലിയിലേക്ക് ആളുകളെ നയിക്കുകയെന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ഖത്തർ റണ്ണിന് എന്റെ എല്ലാ ഭാവുകങ്ങളും നേരുകയാണ്.
എല്ലാവരും ഖത്തർ റണ്ണിന്റെ ആവേശത്തിൽ പങ്കാളികളാവണം. ആരോഗ്യകരമായ ജീവിതത്തിന് നിങ്ങൾ ഏറെ പ്രാധാന്യം നൽകണമെന്നാണ് പ്രവാസി സുഹൃത്തുക്കളോട് പറയാനുള്ളത്. കുടുംബത്തിനുവേണ്ടി ജീവിക്കുമ്പോഴും നമ്മൾ നമുക്കുവേണ്ടിയും ജീവിക്കണം.
ദിവസം മൂന്നോ നാലോ കിലോമീറ്ററൊക്കെ ഓടാൻ സമയം കണ്ടെത്തിയാൽ ആരോഗ്യം നിലനിർത്തുന്നതിനൊപ്പം, മാനസികമായും ഊർജം കണ്ടെത്താനാവും. ഫിറ്റ്നസിന് ഏറെ പ്രാധാന്യം നൽകാൻ എല്ലാവരും ശ്രദ്ധിക്കണം. ഉല്ലാസമെന്ന രീതിയിൽ കണക്കിലെടുത്ത് ദിവസേന ഓടാനോ നടക്കാനോ സമയം കണ്ടെത്തിയാൽ അത് ജീവിതം കൂടുതൽ രസകരമാക്കും. ഇന്ന സമയം തന്നെ വേണമെന്നില്ല. നമുക്ക് സമയം കിട്ടുന്ന വേളകളിൽ ഫിറ്റ്നസ് സംബന്ധമായ പ്രവർത്തനങ്ങളിൽ ഏർപ്പെടാം. രോഗങ്ങളെയും അകറ്റിനിർത്താം. ചുറുചുറുക്കും ചെറുപ്പവും നിലനിർത്താനുമാവും. ഖത്തർ റൺ ഉയർത്തിപ്പിടിക്കുന്ന സന്ദേശങ്ങൾക്കൊപ്പം ആരോഗ്യകരമായ മാറ്റങ്ങളിലേക്ക് നമ്മൾ ചുവടുറപ്പിക്കണമെന്നാണ് എല്ലാവരോടും പറയാനുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.