ദോഹ: ഖത്തർ ലോകകപ്പ് ഫുട്ബാളിലെ കിരീട വിജയികളെ കാത്തിരിക്കുന്ന ലുസൈലിലെ കളിമുറ്റത്ത് പന്തുരുളാൻ തീയതി കുറിച്ചു. നിർമാണ പ്രവർത്തനങ്ങളെല്ലാം പൂർത്തിയായി മത്സര സജ്ജമായ ലുസൈൽ സ്റ്റേഡിയത്തിൽ ആഗസ്റ്റ് 11ന് ആദ്യ അങ്കത്തിന് കിക്കോഫ് കുറിക്കും. ഖത്തർസ്റ്റാർസ് ലീഗിലെ അൽ അറബി-അൽ റയ്യാൻ മത്സരത്തിനാണ് ലോകകപ്പിന്‍റെ സ്വപ്ന വേദി സാക്ഷ്യം വഹിക്കുന്നത്.
സ്റ്റാർസ് ലീഗിന്‍റെ മാറ്റങ്ങൾ വരുത്തിയ മത്സര ഫിക്സ്ചർ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ആഗസ്റ്റ് 11 വ്യാഴാഴ്ച രാത്രി 7.40നാണ് മത്സരം.
ലോകകപ്പിനായി സജ്ജമായി എട്ടിൽ ഏഴ് വേദികളും ഇതിനകം മത്സരങ്ങൾക്ക് സാക്ഷിയായി കഴിഞ്ഞിരുന്നു. ലോകകപ്പിനായി സജ്ജമായ ഖലീഫ ഇന്‍റർനാഷണൽ സ്റ്റേഡിയം, എജ്യൂക്കേഷണൽ സിറ്റി സ്റ്റേഡിയം, അൽ തുമാമ സ്റ്റേഡിയം, അൽ ജനൂബ് സ്റ്റേഡിയം, അഹമ്മദ് ബിൻഅലി സ്റ്റേഡിയം എന്നീ വേദികളിലും സ്റ്റാർസ് ലീഗ് മത്സരങ്ങൾ നടക്കുന്നുണ്ട്.
ആഗസ്റ്റ് ഒന്നിനാണ് ഖത്തറിലെ ടോപ് ഡിവിഷൻ ലീഗ് ചാമ്പ്യൻഷിപ്പായ സ്റ്റാർസ് ലീഗിന് കിക്കോഫ് കുറിക്കുന്നത്. അൽ മർഖിയയും നിലവിലെ ചാമ്പ്യന്മാരായ അൽ സദ്ദ് എഫ്.സിയും തമ്മിൽ ഖലീഫ സ്റ്റേഡിയത്തിലാണ് മത്സരം.
ലോകകപ്പിന്‍റെ മറ്റു വേദികളായ സ്റ്റേഡിയം 974, അൽ ബെയ്ത് സ്റ്റേഡിയം എന്നിവടങ്ങളും ഇതിനകം മത്സരങ്ങൾ വേദിയായി കഴിഞ്ഞതാണ്. ഖലീഫ സ്റ്റേഡിയം ഒഴികെ ആറ് വേദികളിൽ കഴിഞ്ഞ ഡിസംബറിൽ നടന്ന ഫിഫ അറബ് കപ്പ് ഫുട്ബാളിന് വേദിയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.