ദോഹ: ഖത്തറിന്റെ വിനോദസഞ്ചാര മേഖലയുടെ വളർച്ചയിൽ സംഭാവന നൽകുന്ന സ്ഥാപനങ്ങൾക്കും വ്യക്തികൾക്കുമായി പ്രഖ്യാപിച്ച പ്രഥമ ഖത്തർ ടൂറിസം അവാർഡിനുള്ള അപേക്ഷകൾ ആഗസ്റ്റ് 15 വരെ സ്വീകരിക്കും. ജൂലൈ 31ന് അവസാനിച്ച അപേക്ഷ നടപടികൾ ഈ മാസം 15 വരെ നീട്ടിയതായി ഖത്തർ ടൂറിസം സി.ഒ.ഒ ബെർതോൾഡ് ട്രെങ്കൽ അറിയിച്ചു.
വിവിധ മേഖലകളിലുള്ളവർക്ക് ഇതിനകം അവാർഡിനായി അപേക്ഷിക്കാമെന്ന് അദ്ദേഹം വ്യക്തമാക്കി. വേൾഡ് ടൂറിസം ഓർഗനൈസേഷനുമായി (യു.എൻ.ഡബ്ല്യൂ.ടി.ഒ) സഹകരിച്ചാണ് വിവിധ മേഖലകളിലായി 50ഓളം അവാർഡുകൾ നൽകുന്നത്. കഴിഞ്ഞ മേയിലായിരുന്നു രാജ്യത്തെ വിനോദസഞ്ചാര വികസനം ലക്ഷ്യംവെച്ചുള്ള പ്രഥമ ടൂറിസം അവാർഡ് നടപടികൾ അധികൃതർ പ്രഖ്യാപിച്ചത്.
ഖത്തറിലെ ടൂറിസം മേഖലയുടെ വളർച്ചക്കും കാര്യക്ഷമതക്കും ഏറ്റവും മികച്ച സേവനങ്ങൾ നൽകുന്ന സ്ഥാപനങ്ങളെയും വ്യക്തികളെയും കണ്ടെത്തി അംഗീകാരം നൽകുകയാണ് അവാർഡിന്റെ ലക്ഷ്യമെന്നാണ് അക്ബർ അൽ ബാകിർ വിശദീകരിച്ചത്. സർവിസ് എക്സലൻസ്, കൾചറൽ എക്സ്പീരിയൻസ്, സ്മാർട്ട് സൊലൂഷൻ എന്നീ മൂന്ന് വിഭാഗങ്ങളിലായാണ് അവാർഡുകളുള്ളത്. ഓരോന്നിലുമായി അനുബന്ധ വിഭാഗങ്ങൾ ഉൾപ്പെടെ 50 അവാർഡുകൾ പ്രഥമ ഖത്തർ ടൂറിസം അവാർഡായി പ്രഖ്യാപിക്കും.
വ്യക്തികൾക്കും, സ്ഥാപനങ്ങൾക്കും ഓൺലൈൻ വഴി എൻട്രികൾ സമർപ്പിക്കാവുന്നതാണ്. ലഭ്യമായ മുഴുവൻ അപേക്ഷകളിൽനിന്നും തിരഞ്ഞെടുക്കുന്നവരെ അന്തിമ വിധി നിർണയത്തിനായി വിദഗ്ധർ അടങ്ങിയ ജഡ്ജ് പാനലിനു കൈമാറും. നവംബർ 10ന് നടക്കുന്ന അവാർഡ് നിശയിൽ പ്രമുഖരുടെ സാന്നിധ്യത്തിൽ വിജയികളെ പ്രഖ്യാപിക്കുമെന്നാണ് നേരത്തേ അറിയിച്ചത്.
രണ്ടു ഘട്ടങ്ങളായാണ് അവാർഡ് ജേതാക്കളെ തിരഞ്ഞെടുക്കുന്നത്. അപേക്ഷകൾ ഖത്തർ ടൂറിസം വിലയിരുത്തിയശേഷം, ആവശ്യമെങ്കിൽ അഭിമുഖവും നടത്തിയാവും ഷോർട്ട് ലിസ്റ്റ് ചെയ്യുക.
തുടർന്ന് ചുരുക്കപ്പട്ടികയിലുള്ളവരിൽ നിന്നും ജഡ്ജിങ് പാനൽ വിജയികളെ കണ്ടെത്തും. രാജ്യത്തെ വിനോദസഞ്ചാര മേഖലയുടെ ഗുണനിലവാരം മെച്ചപ്പെടുത്തുകയും സഞ്ചാരികൾക്ക് ഏറ്റവും മികച്ച സേവനം ഉറപ്പാക്കുകയും ചെയ്യുന്നതിന്റെ ഭാഗമാണ് ഖത്തർ ടൂറിസം അവാർഡ് ഏർപ്പെടുത്തുന്നത്. ഇതാദ്യമായാണ് ഖത്തറിൽ ഇത്തരമൊരു അവാർഡ് പദ്ധതിയെന്ന് അധികൃതർ അറിയിച്ചു.
അവസാന തീയതി ഏതാനും ദിവസത്തേക്ക് കൂടി ദീർഘിപ്പിച്ച സാഹചര്യത്തിൽ അപേക്ഷ സമർപ്പിക്കാനുള്ള സാഹചര്യം ആരും പാഴാക്കരുതെന്ന് വാർത്തക്കുറിപ്പിൽ ബെർതോൾഡ് ട്രെങ്കൽ വ്യക്തമാക്കി.
സർവിസ് എക്സലൻസ് (ടൂറിസം സേവന മികവിനാണ് ഈ പുരസ്കാരം. ചെറുതും വലുതുമായ സ്ഥാപനങ്ങൾക്കും ജീവനക്കാർക്കും അപേക്ഷിക്കാം. ടൂർ ഓപറേറ്റർ, ഫൈവ് സ്റ്റാർ, ഫോർ സ്റ്റാർ, ത്രീ സ്റ്റാർ ഹോട്ടലുകൾ, റീട്ടെയിൽ ആൻഡ് ലോക്കൽ ഷോപ്, ഷോപ്പിങ് മാൾ, എന്റർടെയിൻമെൻറ്-റിക്രിയേഷൻ, റസ്റ്റാറന്റ് (കാഷ്വൽ ഡൈനിങ്), റസ്റ്റാറന്റ് (മൊബൈൽ ഔട്ട്ലറ്റ്/ഫുഡ് ട്രക്ക്/കഫേ), റസ്റ്റാറന്റ്, സ്പാ, ടൂറിസ്റ്റ് സപ്പോർട്ട് ഓർഗനൈസേഷൻ. എല്ലാം ഉൾപ്പെടെ 40 അവാർഡുകൾ)
കൾചറൽ എക്സ്പീരിയൻസ് (സന്ദർശകർക്ക് ഖത്തരി സംസ്കാരം, മൂല്യങ്ങൾ, പൈതൃകം എന്നിവ നൽകുന്ന സ്ഥാപനങ്ങൾ. എട്ട് അവാർഡുകൾ) സ്മാർട്ട് സൊലൂഷൻസ് ആൻഡ് ഇന്നൊവേഷൻസ്: (വിനോദ സഞ്ചാര മേഖലയിൽ ആധുനിക സാങ്കേതിക സംവിധാനങ്ങൾ, ഉൽപന്നങ്ങൾ, സ്ഥാപനങ്ങൾ എന്നിവയുടെ മികവ്)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.