ഉത്സവംപോലെ ഖത്തർ വരവേറ്റ രണ്ട് ആഘോഷങ്ങൾക്ക് ശനിയാഴ്ച കൊടിയിറക്കം. കഴിഞ്ഞ 25 ദിവസമായി ഖത്തറിലെ സ്വദേശികളും താമസക്കാരും ഉൾപ്പെടെ എല്ലാവരുടെയും ശ്രദ്ധകവർന്ന പ്രഥമ ഖത്തർ ടോയ് ഫെസ്റ്റിവൽ ഡി.ഇ.സി.സിയിൽ സമാപിക്കുന്നു. ജൂലൈ 13ന് തുടങ്ങിയ ആഘോഷങ്ങൾ ഓരോ ദിവസവും കുട്ടികളുടെ പ്രധാന സങ്കേതമായി മാറി. എല്ലാ ദിവസവും ഉച്ചമുതൽ രാത്രി വരെ നീണ്ടുനിന്ന ഫെസ്റ്റിവലിനെ ഉത്സവങ്ങളാക്കി മാറ്റിയാണ് കുട്ടിക്കൂട്ടങ്ങൾ ആഘോഷിച്ചത്. 25 ദിവസം നീണ്ടുനിന്ന ഡി.ഇ.സി.സിയിലെ കളിപ്പാട്ട മേള കുട്ടികളുടെ ലോകത്ത് പുതിയൊരു മാതൃക തീർത്താണ് പടിയിറങ്ങുന്നത്. ഒരു പരീക്ഷണമെന്ന നിലയിൽ ഖത്തർ ടൂറിസം അവതരിപ്പിച്ച വേനൽക്കാല പരിപാടി ബിഗ് ഹിറ്റായി മാറിയെന്നാണ് സന്ദർശകരും സംഘാടകരും ഒരുപോലെ അടിവരയിടുന്നത്.
‘ഒരു ദിവസം നേരംപോക്ക് എന്ന നിലയിലാണ് രണ്ടു മക്കളെയും കൊണ്ടുപോയത്. രാത്രി വൈകും വരെ കുട്ടികൾ പുറത്തിറങ്ങാൻ ഒരുക്കമല്ലായിരുന്നു. പിന്നെയൊരിക്കൽ കൂടി പോകാമെന്നു പറഞ്ഞാണ് അന്ന് ഒരുവിധം കുട്ടികളെ പുറത്തിറക്കിയത്. കഴിഞ്ഞയാഴ്ച വീണ്ടും പോയപ്പോഴും ഇതു തന്നെ അവസ്ഥ. മുതിർന്നവർക്ക് മടുപ്പാണെങ്കിലും കുട്ടികൾ നന്നായി ആസ്വദിക്കുന്നുണ്ട്. ഈ ചുട്ടുപൊള്ളുന്ന വേനലിൽ കുടുംബസമേതം കഴിയുന്ന പ്രവാസികൾക്ക് ഏറെ ആശ്വാസം കൂടിയാണ് ഇത്തരം ഫെസ്റ്റ്’ -തിരൂർ സ്വദേശിയായ മുഹമ്മദ് ആഷിഖ് ടോയ് ഫെസ്റ്റിനെ കുറിച്ച് പറഞ്ഞത് ഇങ്ങനെയായിരുന്നു.
ഉച്ച രണ്ടു മണി മുതൽ രാത്രി പത്തു മണിവരെയായി നീണ്ടുനിന്ന ടോയ് ഫെസ്റ്റിലേക്ക് ഓരോ ദിവസവും ആയിരത്തോളം പേരാണ് സന്ദർശകരായി എത്തിയത്. സ്വദേശി, പ്രവാസികളായ കുടുംബങ്ങൾ കുട്ടികൾക്കൊപ്പം നന്നായി ആസ്വദിച്ചു ഇവിടം. കുട്ടികളുടെ പ്രിയപ്പെട്ട കൂട്ടുകാരായ കാർട്ടുൺ കഥാപാത്രങ്ങൾക്കൊപ്പം കളിച്ചും, വിവിധ പവലിയനിലെത്തി കളി ആസ്വദിച്ചും പാട്ടു പാടിയും ചിത്രം വരച്ചും റേസിങ്ങും സൈക്ലിങ്ങും തുടങ്ങി വിവിധ മത്സരങ്ങളിൽ പങ്കെടുത്തും കഴിച്ചുകൂട്ടിയ ആഘോഷ നാളുകൾ. ബാര്‍ബീ, ഡിസ്നി പ്രിന്‍സസ്, ബ്ലിപ്പി, ഹോട്വീല്സ്, മൊണോപൊളി, കോകോമെലൺ, സ്മേർഫ്, മാർവെൽ 25ഓളം പ്രമുഖ അന്താരാഷ്ട്ര ടോയ് ബ്രാൻഡുകളെല്ലാം ഒരു കുടക്കീഴിലാക്കിയാണ് ഈ അപൂർവ പ്രദർശനം സംഘടിപ്പിച്ചത്. ഗൾഫ് രാജ്യങ്ങളിൽ ആദ്യമായി എത്തിയ ടോയ് ഫെസ്റ്റ് വീണ്ടും തിരികെയെത്തുമെന്ന പ്രതീക്ഷയോടെയാണ് ഇത്തവണ യാത്രയാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.