ദോഹ: ഖത്തർ സർവകലാശാലയിൽ നിന്നും ഉന്നത പഠനം പൂർത്തിയാക്കിയ 46ാമത് ബാച്ചിന്റെ ബിരുദദാനം അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി നിർവഹിച്ചു. യൂനിവേഴ്സിറ്റി സ്പോർട്സ് ആൻഡ് ഇവന്റ്സ് കോംപ്ലക്സ് ഹാളിൽ നടന്ന ചടങ്ങിൽ മികച്ച വിജയത്തോടെ പഠനം പൂർത്തിയാക്കിയ 107 പേർ അമീറിൽനിന്നും ബിരുദം ഏറ്റുവാങ്ങി. വിവിധ വിഭാഗങ്ങളിലായി 767 വിദ്യാർഥികളാണ് ഉന്നതപഠനം പൂർത്തിയാക്കിയത്.
ഖത്തർ യൂനിവേഴ്സിറ്റി പ്രസിഡന്റ് ഡോ. ഹസൻ ബിൻ റാഷിദ് അൽ ദിർഹം മറ്റുള്ള വിദ്യാർഥികൾക്ക് ബിരുദ ദാനം നിർവഹിച്ചു. ശൂറാ കൗൺസിൽ സ്പീക്കർ ഹസൻ ബിൻ അബ്ദുല്ല അൽ ഗാനിം, ശൈഖുമാർ, മന്ത്രിമാർ, യൂനിവേഴ്സിറ്റി ബോർഡ് ഓഫ് ട്രസ്റ്റീസ് അംഗങ്ങൾ, വൈസ് പ്രസിഡന്റുമാർ, വിദ്യാർഥികളുടെ രക്ഷിതാക്കൾ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
തിങ്കളാഴ്ച ആരംഭിച്ച ബിരുദദാന ചടങ്ങുകൾ വിവിധ വിഭാഗങ്ങളിലായി 13 വരെ തുടരും. വനിതാ ബിരുദധാരികളുടെ ബിരുദദാന ചടങ്ങിന് ചൊവ്വാഴ്ച ശൈഖ ജവഹർ ബിൻത് ഹമദ് ബിൻ സുഹൈൽ ആൽഥാനി നേതൃത്വം നൽകും. രാവിലെ പത്ത് മണിക്ക് ആരംഭിക്കുന്ന ചടങ്ങിൽ അമീറിന്റെ പത്നി ബിരുദദാനം സർട്ടിഫിക്കറ്റുകൾ നൽകും. തുടർദിവസങ്ങളിൽ മറ്റു വിഭാഗങ്ങളിലെ വിദ്യാർഥികൾക്കുള്ള സർട്ടിഫിക്കറ്റുകളും നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.