ദോഹ: ഇന്ത്യയടക്കം 80 രാജ്യങ്ങളിൽനിന്നുള്ളവർക്ക് വിസയില്ലാതെ രാജ്യത്തേക്ക് വരാൻ അനുമതി നൽകിയ ഖത്തറിെൻറ പ്രഖ്യാപനം പ്രാബല്യത്തിൽ വന്നെങ്കിലും വിവിധ രാജ്യങ്ങളിലെ എമിഗ്രേഷൻ വിഭാഗങ്ങളിൽ ഇതുസംബന്ധിച്ച ഒൗദ്യോഗിക അറിയിപ്പ് ലഭിക്കാത്തതുമൂലം ആശയക്കുഴപ്പം തുടരുന്നു. കഴിഞ്ഞദിവസങ്ങളിൽ ചില മലയാളികളടക്കം ഖത്തറിൽ എത്തിയെങ്കിലും പുതിയ സംവിധാനത്തെക്കുറിച്ച് വ്യക്തതയില്ലാത്തതിനാൽ നാട്ടിൽനിന്ന് വിസയില്ലാതെ ഖത്തറിലേക്ക് വരാൻ ആഗ്രഹിക്കുന്നവർ വിഷമവൃത്തത്തിലായിരിക്കുകയാണ്.
ആഗസ്റ്റ് ഒമ്പതിനാണ് 80 രാജ്യങ്ങളിൽനിന്നുള്ളവർക്ക് വിസയില്ലാതെ ഖത്തറിലേക്ക് വരാനുള്ള അനുമതി ഖത്തർ പ്രഖ്യാപിച്ചത്. 33 രാജ്യക്കാർക്ക് 180 ദിവസം കാലാവധിയിൽ 90 ദിവസം വരെ തങ്ങാവുന്നതും ഇന്ത്യയടക്കം 47 രാജ്യക്കാർക്ക് 30 ദിവസം തങ്ങാവുന്നതും 30 ദിവസംകൂടി നീട്ടാവുന്നതുമായ ബഹുപ്രവേശന അനുമതിയായിരുന്നു ഖത്തർ ആഭ്യന്തര മന്ത്രാലയവും ഖത്തർ ടൂറിസം അതോറിറ്റിയും ചേർന്ന് പ്രഖ്യാപിച്ചത്. ഇതിന് പാസ്പോർട്ടിന് ചുരുങ്ങിയത് ആറ് മാസത്തെ കാലാവധിയും റിേട്ടൺ ടിക്കറ്റും മാത്രം കൈവശമുണ്ടായാൽ മതി എന്നും അധികൃതർ വ്യക്തമാക്കിയിരുന്നു.
എന്നാൽ, ഇതുസംബന്ധിച്ച ഒൗദ്യോഗിക അറിയിപ്പ് ഇതുവരെ ഒരു രാജ്യത്തെയും എമിഗ്രേഷൻ വകുപ്പുകൾക്ക് അയച്ചിട്ടില്ല എന്നാണ് വിവരം. അതിനാൽതന്നെ കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളിലൊന്നും ഇതുസംബന്ധിച്ച് വിവരമില്ല. ഖത്തറിലേക്ക് വിസയില്ലാതെ വരാം എന്നുകരുതി ഇൗ വിമാനത്താവളങ്ങളിലെത്തുന്നവർ ഇതിനാൽതന്നെ പ്രയാസപ്പെടുന്ന അവസ്ഥയാണ്. കഴിഞ്ഞദിവസം പുതിയ സംവിധാനപ്രകാരം ഖത്തറിലെത്തിയ മലയാളികൾക്കും ഏറെനേരത്തെ ആശയക്കുഴപ്പത്തിനു ശേഷമാണ് വിമാനം കയറാനായത്.
ഖത്തർ പ്രഖ്യാപിച്ചതുപ്രകാരം പാസ്പോർട്ടിന് ചുരുങ്ങിയത് ആറു മാസത്തെ കാലാവധിയും റിേട്ടൺ ടിക്കറ്റും മാത്രം കൈവശമുണ്ടായാൽ മതിയെങ്കിലും നേരത്തേ നിലവിലുള്ള ഒാൺ അറൈവൽ വിസ സംവിധാനത്തിലേതുപോലെ 5000 ഖത്തർ റിയാലും ഹോട്ടൽ ബുക്കിങ്ങും കൈവശമുണ്ട് എന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രമാണ് ഏെറനേരത്തേ ആശയക്കുഴപ്പത്തിനുശേഷം ഇവർക്ക് യാത്രാനുമതി ലഭിച്ചത്. അതുതന്നെ യാത്ര ചെയ്യുന്ന വിമാനക്കമ്പനിയുടെ ഉന്നതരുമായി ബന്ധപ്പെട്ട് അവരുടെകൂടി സമ്മതം വാങ്ങിയശേഷമായിരുന്നു. പുതിയ സംവിധാനം സംബന്ധിച്ച് വിവരമൊന്നുമില്ലാത്തതിനാൽ എമിഗ്രേഷൻ വകുപ്പിനു മുന്നിൽ മറ്റു വഴികളില്ല എന്നതാണ് യാഥാർഥ്യം.
അതേസമയം, ഖത്തർ വിമാനത്താവളത്തിൽ ഇത്തരം പ്രയാസങ്ങളൊന്നുമില്ല. വിസയില്ലാതെ വരുന്നതിന് ഹോട്ടൽ ബുക്കിങ്ങും ൈകവശം പണമുണ്ടായിരിക്കലും നിർബന്ധമില്ലെന്നാണ് അവർ വ്യക്തമാക്കുന്നത്. എന്നാൽ, ഖത്തറിലേക്ക് എന്തിന് വരുന്നു, എവിടെ താമസിക്കുന്നു എന്ന് വ്യക്തമാക്കണമെന്നും ഇതുസംബന്ധിച്ച രേഖകളെന്തെങ്കിലും ആവശ്യപ്പെട്ടാൽ ഹാജറാക്കണമെന്നും അധികൃതർ കൂട്ടിച്ചേർക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.