ദോഹ: ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ ഉയർന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളെ രാജ്യത്തേക്ക് ആകർഷിക്കുന്നതാണ് ഖത്തറിന്റെ വിദ്യാഭ്യാസ നയങ്ങളെന്ന് ഒറിക്സ് യൂനിവേഴ്സൽ കോളജ് പ്രസിഡന്റ് അസ്മി അമീർ.
വിദ്യാഭ്യാസ മേഖലയിൽ അന്താരാഷ്ട്ര നിലവാരം പുലർത്തുന്ന വിദ്യാഭ്യാസ സമ്പ്രദായം വികസിപ്പിക്കുന്നതിലെ സുപ്രധാന ചുവടുവെപ്പുകൾക്ക് അന്താരാഷ്ട്ര അംഗീകാരം ലഭിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. ബ്രിട്ടീഷ് ഡിഗ്രി പ്രോഗ്രാമുകൾ നൽകുന്ന ലിവർപൂൾ ജോൺ മൂറെസ് സർവകലാശാലയിലെ ബിരുദ, ബിരുദാനന്തര വിദ്യാർഥികൾക്കായി ഖത്തറിലെ ഒ.യു.സിയുടെ പുതിയ കാമ്പസ് ഉദ്ഘാടനം സംബന്ധിച്ച വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്ഥാപനത്തിന്റെ അഞ്ചാം വാർഷികത്തോടനുബന്ധിച്ചാണ് പുതിയ കാമ്പസ് പ്രഖ്യാപിക്കുന്നതെന്നും, ഖത്തറിലെ വിദ്യാർഥികൾക്ക് ഉന്നത നിലവാരത്തിൽ ബ്രിട്ടീഷ് വിദ്യാഭ്യാസം നൽകാനുള്ള ഒറിക്സ് യൂനിവേഴ്സൽ കോളജിന്റെ ശ്രമങ്ങളിലെ പ്രധാന ചുവടുവെപ്പാണിതെന്നും അമീർ വ്യക്തമാക്കി.
അൽ സദ്ദിൽ 20,000 ചതുരശ്രമീറ്റർ വിസ്തൃതിയിൽ പരന്നുകിടക്കുന്ന സ്ഥാപനം, ആധുനിക സൗകര്യങ്ങളോടെയാണ് അവതരിപ്പിക്കുന്നത്. ഖത്തറിലെ വിദ്യാഭ്യാസ ഭാവിയിൽ സുപ്രധാന നിക്ഷേപത്തെ പ്രതിനിധീകരിക്കുന്നതാണ് പുതിയ കാമ്പസെന്നും, പ്രഖ്യാപനത്തിൽ ഏറെ സന്തോഷമുണ്ടെന്നും അസ്മി അമീർ പറഞ്ഞു. പുതിയ കാമ്പസിന്റെ ഉദ്ഘാടനം അടുത്ത വർഷം ജനുവരിയിൽ നടത്തുമെന്നും വാർത്ത സമ്മേളനത്തിൽ ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.