ദോഹ: കണ്ണെത്താദൂരം ഊഷരമായി നിലക്കുന്ന മണ്ണല്ല ഈ മരുഭൂനാടിന്റെ തീരങ്ങൾ. കണ്ടലുകളും പച്ചപ്പുമായി അറേബ്യൻ മണ്ണും മാറുകയാണ്. ഖത്തർ പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം ഈ വർഷം ഇതുവരെയായി രാജ്യത്തിന്റെ തീരങ്ങളിൽ വെച്ചുപിടിപ്പിച്ചത് 9000ത്തിലേറെ കണ്ടലുകൾ. കണ്ടൽക്കാടുകളുടെ സംരക്ഷണവും വ്യാപനവും മുൻനിർത്തിയാണ് മന്ത്രാലയം നേതൃത്വത്തിൽ തൈകൾ വെച്ചുപിടിപ്പിച്ചത്.
അൽ ഗഷാമിയ കേന്ദ്രത്തിൽനിന്നുള്ള ആറായിരം കണ്ടൽ തൈകളും അൽ ദഖീറ മറൈൻ നഴ്സറിയിൽനിന്നുള്ള 3000 കണ്ടൽ തൈകളുമാണ് ഇതിനായി ശേഖരിച്ച് തീരങ്ങളിൽ നട്ടതെന്ന് മന്ത്രാലയം അറിയിച്ചു. ഖത്തരി പരിസ്ഥിതിയിലെ ഏറ്റവും പ്രധാന സസ്യങ്ങളിലൊന്നായ കണ്ടൽ മരങ്ങളുടെ പരിപാലനത്തിലും സംരക്ഷണത്തിലും പ്രത്യേക പ്രാധാന്യം നൽകാൻ ഭരണകൂടം ആഗ്രഹിക്കുന്നുണ്ടെന്നും മന്ത്രാലയം പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
മണ്ണിലും ഇലകളിലും ശാഖകളിലും ഗണ്യമായ കാർബൺ സംഭരിക്കുന്ന പ്രത്യേക ഇനം സസ്യമാണ് കണ്ടൽ ചെടികൾ. ഒരു ഹെക്ടർ കണ്ടൽക്കാടുകൾക്ക് മാത്രം 3754 ടൺ കാർബൺ സംഭരിച്ച് വെക്കാൻ സാധിക്കുമെന്നാണ് ശാസ്ത്രീയ പഠനങ്ങൾ. അഥവാ, 2650 കാറുകൾ ഒരുവർഷത്തേക്ക് നിരത്തിൽനിന്ന് പിൻവലിക്കുമ്പോൾ തടയാനാവുന്ന കാർബണിനോളം അളവ്.
ഖത്തറിലെ അൽഖോർ, ദഖീറ മേഖലകളിലാണ് കണ്ടൽ മരങ്ങൾ സമൃദ്ധമായി വളരുന്നത്. 2006ലെ ആറാം നമ്പർ നിയമപ്രകാരം വന്യജീവി സംരക്ഷണ കേന്ദ്രമായി ഇവയെ നിർണയിച്ചിട്ടുണ്ട്.
അൽറുവൈസ്, ഉം അൽ ഹൂൽ, ഫുവൈരിത്, റാസ് അൽ മത്ബഖ് തുടങ്ങിയ പ്രദേശങ്ങളിലും കണ്ടൽ മരങ്ങൾ വിജയകരമായി നട്ടുവളർത്താൻ മന്ത്രാലയത്തിന് സാധിച്ചിട്ടുണ്ട്. ലോകത്ത് 80 തരം കണ്ടൽ ചെടികളാണുള്ളത്. എന്നാൽ, ഖത്തർ ഉൾപ്പെടെ അറേബ്യൻ കടൽ തീരങ്ങളിൽ പ്രധാനമായും അവിസെന്ന മറിന (ക്രിമിയ) എന്ന ഇനമാണ് കൂടുതലായും കാണുന്നത്.
ഖത്തറിന്റെ തീര പരിസ്ഥിതി വ്യവസ്ഥകൾ സംരക്ഷിക്കുന്നതിനുള്ള ദേശീയ പരിപാടി സ്ഥാപിക്കുന്നതിന് എർത്ത്ന, ഖത്തർ സർവകലാശാല, എം.ഒ.ഇ.സി.സി എന്നിവർ സംയുക്തമായ കരാറിൽ ഒപ്പുവെച്ചിരുന്നു. ഖത്തറിലെ കണ്ടൽക്കാടുകൾ, വനങ്ങൾ, കടൽപ്പുല്ലുകൾ, പവിഴപ്പുറ്റുകൾ എന്നിവ സംരക്ഷിക്കാനും പുനഃസ്ഥാപിക്കാനും പരിപോഷിപ്പിക്കാനും ഈ ദീർഘകാല കരാർ ലക്ഷ്യമിടുന്നു.
അതേസമയം, ഫുവൈരിതിലെ തീരദേശ ഗ്രാമത്തിൽ മന്ത്രാലയം പുതിയൊരു മറൈൻ നഴ്സറിയും സ്ഥാപിച്ചിട്ടുണ്ട്. മറൈൻ നഴ്സറികളെന്നാൽ പ്രത്യേക ഇനത്തിൽപെടുന്ന അധിക വളർച്ചയെത്താത്ത സസ്യങ്ങളുടെ ആവാസവ്യവസ്ഥയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.