ദോഹ: പ്രതിഭയും കർമവുംകൊണ്ട് ഹൃദയങ്ങൾ കീഴടക്കിയ പെൺതാരകങ്ങളെ ഖത്തറിലെ പ്രവാസ മണ്ണ് ഹൃദയത്തോട് ചേർത്ത് ആദരിച്ചു. താരങ്ങളും വിശിഷ്ട വ്യക്തികളും സംഗമിച്ച രാവിൽ അവർക്കുള്ള ആദരമായി ‘ഗൾഫ് മാധ്യമം-ഷി ക്യൂ എക്സലൻസ് പുരസ്കാരം’ സമ്മാനിച്ചു. ഖത്തർ ഇന്ത്യൻ അംബാസഡർ വിപുലും മലയാള ചലച്ചിത്രതാരം പാർവതി തിരുവോത്തും മുഖ്യാതിഥികളായ പ്രൗഢഗംഭീരമായ സദസ്സിനെ സാക്ഷിയാക്കിയായിരുന്നു ‘ഷി ക്യൂ എക്സലൻസ്’ രണ്ടാം സീസണിലെ അവാർഡ് ജേതാക്കളെ പ്രഖ്യാപിച്ചത്.
പത്തു കാറ്റഗറികളിലായി 30 പ്രതിഭകൾ മാറ്റുരച്ച ഫൈനൽ റൗണ്ടിൽ ഓരോ വിഭാഗത്തിലെയും വിജയികളെയും നാടകീയ മുഹൂർത്തങ്ങൾക്കൊടുവിൽ പ്രഖ്യാപിച്ചപ്പോൾ ദോഹ ഹോളിഡേ ഇൻ ഹോട്ടലിലെ നിറഞ്ഞ സദസ്സ് കൈയടികളോടെ വരവേറ്റു. കലാ-സാംസ്കാരിക മേഖലയിലെ പ്രതിഭക്കുള്ള അവാർഡായ ഫൈൻ ക്യൂ എഴുത്തുകാരി ഷാമിന ഹിഷാം സ്വന്തമാക്കി. പ്രവാസി സംരംഭകക്കുള്ള ‘ബിസ് ക്യൂ’ അവാർഡിന് റസിയ അനീസ്, നഴ്സിങ് സാന്ത്വന പരിചരണ പ്രവർത്തനരംഗത്തെ സേവനത്തിനുള്ള ‘കെയർ ക്യൂ’ അവാർഡിന് ലില്ലിക്കുട്ടി ജോസഫ്, വിദ്യാഭ്യാസ മേഖലയിലെ മികവിനുള്ള ‘എജ്യൂ ക്യൂ’ അവാർഡിന് ഷെർമി ഷാജഹാൻ, പ്രവാസി സാമൂഹിക സേവനത്തിനുള്ള ‘കൈൻഡ് ക്യൂ’ അവാർഡിന് കുൽദീപ് കൗർ, ആതുര സേവന രംഗത്തെ മികവിനുള്ള ‘ഹീൽ ക്യൂ’ അവാർഡിന് ഡോ. ഖുദ്സിയ ബീഗം, പരിസ്ഥിതി പ്രവർത്തന മികവിനുള്ള ‘നാച്വർ ക്യൂ’ അവാർഡിന് ലക്ഷ്മി സൂര്യൻ, ഫാർമസി മേഖലയിലെ മികവിനുള്ള ‘ഫാർമ ക്യൂ’ അവാർഡിന് ലീന മഞ്ജലി ജോണി, കായിക-സാഹസിക മേഖലയിലെ മികവിനുള്ള ‘സ്പോർട്സ് ആൻഡ് അഡ്വഞ്ചർ ക്യു’ അവാർഡിന് അൻവി അമിത് ജോഷി എന്നിവരെയും തിരഞ്ഞെുടത്തു.
പ്രവാസി വനിത കൂട്ടായ്മക്കുള്ള ‘ഷി ഇംപാക്ട്’ അവാർഡ് നടുമുറ്റം ഖത്തർ സ്വന്തമാക്കി. പ്രത്യേക പുരസ്കാരങ്ങളായ ‘ഷി ക്യൂ എംപ്രസ്’ ബഹുമതി ആരോഗ്യ മേഖലയിലെ സമഗ്ര സംഭാനക്കുള്ള ആദരവായി ഹമദ് മെഡിക്കൽ കോർപറേഷൻ ഫാർമസി എക്സിക്യൂട്ടിവ് ഡയറക്ടർ ഡോ. മോസ അൽ ഹൈലിനും, ‘ഷി പ്രിൻസസ് അവാർഡിന്’ ഖത്തറിന്റെ ലോക അത്‍ലറ്റിക്സ് താരം മരിയം ഫരിദിനും അംബാസർ വിപുൽ സമ്മാനിച്ചു. നാമനിർദേശ പ്രക്രിയകളും, ഓൺലൈൻ വോട്ടെടുപ്പും വിദഗ്ധ ജഡ്ജിങ് പാനലിന്റെ സൂക്ഷ്മ പരിശോധനയും ഉൾപ്പെടുന്ന മാസങ്ങൾ നീണ്ട നടപടിക്രമങ്ങൾക്കൊടുവിലാണ് ഷി ക്യൂ എക്സലൻസ് പുരസ്കാര വിജയികളെ തിരഞ്ഞെടുത്തത്. 1000ത്തോളം നാമനിർദേശങ്ങളിൽ നിന്നായിരുന്നു 30 പേരെ ഫൈനൽ റൗണ്ടിലേക്ക് തിരഞ്ഞെടുത്തത്.
ഷി ക്യു പുരസ്കാര ചടങ്ങ് ഖത്തറിലെ ഇന്ത്യൻ അംബാസഡർ വിപുൽ ഉദ്ഘാടനം ചെയ്തു. ഗൾഫ് മാധ്യമം മിഡിൽ ഈസ്റ്റ് ഓപറേഷൻസ് ഡയറക്ടർ സലിം അംബലൻ ആമുഖപ്രഭാഷണം നടത്തി. എച്ച്.എം.സി ഡയറക്ടർ ഓഫ് ക്ലിനിക്കൽ ഓപറേഷൻസ് ഡോ. മർയം അൽ ഇമാദ്, എഴുത്തുകാരി ആയിഷ അൽ അബ്ദുല്ല, ചലച്ചിത്ര നിർമാതാവ് ആയിഷ അൽ ജെയ്ദ, വെൽകെയർ ഗ്രൂപ്പ് ചെയർമാൻ മുഹമ്മദ് മുക്താർ, ഹോംസ് ആർ അസ് ആൻഡ് ഡൈസോ ജനറൽ മാനേജർ രമേശ് ബുൽചന്ദനി, ഗ്രാൻഡ്മാൾ റീജനൽ ഡയറക്ടർ അഷ്റഫ് ചിറക്കൽ, ഫെഡറൽ ബാങ്ക് ചീഫ് റെപ്. ഓഫീസർ അരവിന്ദ് കാർത്തികേയൻ, ഹോട്പാക്ക് മാനേജിങ് പാട്ണർ പി. മുഹമ്മദ് ഹുസൈൻ, ഗൾഫ് മാധ്യമം -മീഡിയവൺ എക്സിക്യൂട്ടിവ് കമ്മിറ്റി ചെയർമാൻ റഹീം ഓമശ്ശേരി, ഗൾഫ് മാധ്യമം റീജനൽ മാനേജർ ടി.എസ് സാജിദ്, ഗൾഫ് മാധ്യമം ഗ്ലോബൽ ഓപ്പറേഷൻസ് ഹെഡ് മുഹമ്മദ് റഫീഖ് എന്നിവർ പങ്കെടുത്തു.
അവാർഡുദാന ചടങ്ങുകളിൽ മൈക്രോ ലബോറട്ടറീസ് ആൻറ് ഡയഗ്നോസിസ് സി.ഇ.ഒ ഡോ. സി.കെ നൗഷാദ്, വെൽകെയർ ഫാർമസി ഗ്രൂപ് മാനേജിങ് ഡയറക്ടർ അഷ്റഫ് കെ.പി, അൽ സമാൻ എക്സ്ചേഞ്ച് ബി.ഡി.ഒ അഞ്ജല സാദത്ത്, സീഷോർ കാബ്ൾസ് മാനേജിങ് ഡയറക്ടർ നിസാം മുഹമ്മദ് അലി, അഹമ്മദ് അൽ മഗ്രിബി ജനറൽ മാനേജർ തൻസീർ, റെയ്ഗേറ്റ് ഓവർസീസ് മാർക്കറ്റിങ് ഡയറക്ടർ ഹക്സർ എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.