ദോഹ: പരിസ്ഥിതി സൗഹൃദ, സുസ്ഥിര സന്ദേശവുമായി ഖത്തറിന്റെ സസ്റ്റൈനബിലിറ്റി വാരാചരണത്തിന് തുടക്കമായി. സെപ്റ്റംബർ 28ന് തുടങ്ങി ഒക്ടോബർ അഞ്ചുവരെ ഏഴു ദിവസങ്ങളിലായി നീളുന്ന പ്രചാരണ പരിപാടികളിൽ വൈവിധ്യമാർന്ന 400ഓളം ഇനങ്ങൾ ഉൾപ്പെടുത്തിയതായി ഖത്തർ ഫൗണ്ടേഷൻ അംഗവും ഖത്തർ സസ്റ്റൈനബിലിറ്റി സംഘാടകരുമായി ‘എർത്ന സെന്റർ’ അറിയിച്ചു.
ഖത്തർ ഫൗണ്ടേഷനു കീഴിലെ പരിസ്ഥിതി, സുസ്ഥിര പ്രവർത്തനങ്ങൾക്കുള്ള വിഭാഗമാണ് ലോകപ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞൻ ഡോ. ഗോൺസാലോ കാസ്ട്രോ മാൾട്ട നേതൃത്വം നൽകുന്ന ‘എർത്ന’. സുസ്ഥിര വാരാചരണത്തിന്റെ ഒമ്പതാമത് പതിപ്പിനാണ് ഖത്തർ ഇത്തവണ നേതൃത്വം നൽകുന്നത്. പൊതുജനങ്ങൾ, വിദ്യാർഥികൾ, സ്വദേശികളും താമസക്കാരും ഉൾപ്പെടെ എല്ലാവിഭാഗം ജനങ്ങൾ എന്നിവരെ ലക്ഷ്യംവെച്ച് പരിസ്ഥിതി സൗഹൃദമായ ഭാവിക്ക് സുസ്ഥിര പദ്ധതികളെ കുറിച്ചുള്ള അറിവും പരിശീലനം നൽകുകയാണ് വാരാചരണത്തിലൂടെ ലക്ഷ്യമിടുന്നത്.
മുൻകാല എഡിഷനുകളുടെ വിജകരമായ ഫലത്തിന്റെ അടിസഥാനത്തിലാണ് ഇത്തവണ സുസ്ഥിര വാരാചരണം ആസൂത്രണം ചെയ്തതെന്ന് എർത്ന സെൻറർ അറിയിച്ചു. സുസ്ഥിര വാരാചരണ ഭാഗമായി ഈ വർഷം 400ലധികം പരിപാടികൾ നടക്കുമെന്നും, 200ലേറെ സ്ഥാപനങ്ങൾ പങ്കാളികളാകുമെന്നും ഡോ. ഗോൺസാലോ കാസ്ട്രോ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ഇതുവരെയുള്ള എട്ട് എഡിഷനുകളിലായി ആറ് ലക്ഷത്തിലേറെ പേരാണ് സുസ്ഥിര വാരാചരണ പരിപാടികളിൽ പങ്കെടുത്തത്. 2200ലേറെ പരിപാടികളും നടന്നു കഴിഞ്ഞു. പുതു തലമുറക്ക് സുസ്ഥിര ലക്ഷ്യങ്ങളോടും പരിസ്ഥിതി സംരക്ഷണത്തോടുമുള്ള ശക്തമായ പ്രതിബദ്ധതയാണ് ഇത് സൂചിപ്പിക്കുന്നതെന്ന് അദ്ദേഹം പ്രതികരിച്ചു. സ്കൂളുകൾ, സർവകലാശാലകൾ, സർക്കാർ, സ്വകാര്യ മേഖലകളിൽനിന്നുള്ള പങ്കാളികൾ എന്നിവരുടെ സമർപ്പണത്തിന്റെ ഫലമാണിതെന്നും അദ്ദേഹം പറഞ്ഞു. ഖത്തർ ദേശീയ വിഷൻ 2030ന്റെ പ്രധാന ലക്ഷ്യമായ സുസ്ഥിര, പരിസ്ഥിതി സൗഹൃദ ലോകത്തിലേക്കുള്ള ചുവടുവെപ്പായി മാറുമെന്നും വ്യക്തമാക്കി.
സുസ്ഥിര വാരാചരണ ഭാഗമായ കാലാവസ്ഥാ വ്യതിയാനത്തിലെ ഖത്തർ നാഷനൽ ഡയലോഗ് (ക്യൂ.എൻ.ഡി.സി.സി) സമ്മേളനത്തിന് ചൊവ്വാഴ്ച തുടക്കമാകും. പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം, ജർമൻ എംബസി ഉൾപ്പെടെ പങ്കാളിത്തത്തോടെയാണ് ഇത് സംഘടിപ്പിക്കുന്നത്. കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട ശ്രദ്ധേയ ചർച്ചകൾ, നിരീക്ഷണങ്ങൾ, ശിൽപശാലകൾ ഉൾപ്പെടുന്നതാണ് ക്യൂ.എൻ.ഡി.സി.സി സമ്മേളനം.
ഖത്തറിലെ കാലാവസ്ഥ സംബന്ധിച്ച പാരിസ്ഥിതിക പ്രവർത്തനങ്ങളും നേട്ടങ്ങളും അവലോകനം ചെയ്യാനും അനുഭവങ്ങളും കാഴ്ചപ്പാടുകളും പങ്കുവെക്കാനും വഴിയൊരുക്കുന്നതായിരിക്കും കലാവസ്ഥ വ്യതിയാന സമ്മേളനമെന്ന് പരിസ്ഥിതി മന്ത്രാലയം അസി. അണ്ടർ സെക്രട്ടറി എൻജി. അഹ്മദ് മുഹമ്മദ് അൽ സദ പറഞ്ഞു. ഒക്ടോബർ ഒന്ന്, രണ്ട് തീയതികളിൽ നടക്കുന്ന ഡയലോഗിൽ രാജ്യത്തെ സുപ്രധാന സ്ഥാപനങ്ങളുടെ പങ്കാളിത്തമുണ്ടാകും.
കാലാവസ്ഥ വെല്ലുവിളികളെ നേരിടാനും തുടർ നടപടികളും ക്രമീകരണങ്ങളും തിരിച്ചറിയാൻ ഇത് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതിനു പുറമെ വാട്ടർ മാനേജ്മെൻറ്, സർക്കുലർ ഇക്കണോമി, ഇസ്ലാമിക പരിസ്ഥിതി മൂല്യങ്ങൾ, മോഡൽ എനർജി സംവിധാനങ്ങൾ തുടങ്ങിയ വൈവിധ്യമാർന്ന പരിപാടികളും സുസ്ഥിര വാരാത്തിന്റെ ഭാഗമായി നടക്കും
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.