ദോഹ: ഇന്ത്യക്കാർക്ക് പുതിയ തൊഴിൽ വിസയിൽ ഖത്തറിലെത്താൻ വഴിയൊരുക്കി കൊച്ചിയിൽ അടക്കമുള്ള ഖത്തർ വിസ സെൻററുകളുടെ (ക്യു.വി.സി) പ്രവർത്തനം ഇന്നലെ മുതൽ പുനരാരംഭിച്ചു. കോവിഡ് പശ്ചാത്തലത്തിൽ ഇതുവരെ പ്രവർത്തനം നിർത്തിവെച്ചതായിരുന്നു. ഇന്ത്യയടക്കമുള്ള രാജ്യക്കാരുടെ ഖത്തറിലേക്കുള്ള പുതിയ തൊഴിൽ വിസ നടപടികൾ പൂർണമായും അതത് രാജ്യങ്ങളിൽനിന്നുള്ള ക്യു.വി.സികൾ വഴിയാണ് ചെയ്യുന്നത്. കോവിഡ് പശ്ചാത്തലത്തിൽ പുതിയ തൊഴിൽ വിസകൾ അടക്കമുള്ളവയുമായി ബന്ധപ്പെട്ട നടപടികൾ ഖത്തർ നിർത്തിവെച്ചിരുന്നു.
എന്നാൽ കമ്പനികൾക്ക് പുതിയ വിസകൾക്ക് അപേക്ഷിക്കാനുള്ള സൗകര്യം തൊഴിൽ മന്ത്രാലയം നവംബർ 15 മുതൽ തന്നെ ഏർപ്പെടുത്തിയിരുന്നു. എന്നാൽ കമ്പനികൾക്ക് വിസ ലഭിച്ചാലും വിസകൾ ഇന്ത്യക്കാരുടെ പേരിലും പാസ്പോർട്ടുകളിലും രേഖപ്പെടുത്തുന്നതടക്കമുള്ള നടപടികൾ ഇന്ത്യയിലെ വിസ സെൻററുകൾ വഴി മാത്രമേ സാധ്യമാവുമായിരുന്നുള്ളൂ. ഇതിനാൽ പുതിയ വിസകൾ വഴി ഇന്ത്യക്കാരുടെ ഖത്തറിലേക്കുള്ള വരവും നീളുകയായിരുന്നു. ക്യു.വി.സികളുടെ പ്രവർത്തനം ഡിസംബർ മൂന്ന് മുതൽ പുനരാംരംഭിച്ചതോടെ ഇന്ത്യക്കാർക്ക് മെഡിക്കൽ അടക്കമുള്ള വിസ നടപടികൾ ഇന്ത്യയിൽ െവച്ച് പൂർത്തീകരിക്കാം. ഇതോടെ പുതിയ വിസകളിൽ ഇന്ത്യക്കാർക്ക് ഖത്തറിലേക്ക് വരാനുള്ള വഴി കൂടിയാണ് തുറന്നിരിക്കുന്നത്. ക്യു.വി.സികൾ വഴി ഖത്തറിലേക്കുള്ള വിസ നടപടികൾ നടത്താനുള്ള അപ്പോയിൻറ്മെൻറുകൾ സെൻററുകളുടെ വെബ് സൈറ്റ് വഴി നേടാം.
നിലവിൽ വിസ ഉള്ളവർക്ക് നിബന്ധനകൾക്ക് വിധേയമായി ഖത്തറിലേക്ക് തിരിച്ചെത്താൻ കഴിയുന്നുണ്ട്. ഖത്തറും ഇന്ത്യയും തമ്മിലുള്ള എയർബബ്ൾ ധാരണപ്രകാരമുള്ള വിമാനസർവിസുകൾ വഴിയാണിത്. കൊച്ചി ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്ക് മെട്രോ സ്റ്റേഷന് സമീപം നാഷനല്‍ പേള്‍ സ്റ്റാര്‍ ബില്ഡിങ്ങിെൻറ താഴത്തെ നിലയിലാണ് (ഡോര്‍ നമ്പര്‍ 384111 ഡി) കേരളത്തിലെ ക്യു.വി.സി. മലയാളത്തില്‍ തൊഴില്‍ കരാര്‍ വായിച്ചു മനസ്സിലാക്കാനും ഇവിടെ സൗകര്യമുണ്ട്. ഇടനിലക്കാരുടെ ചൂഷണവും വിസ തട്ടിപ്പുകളും പൂര്‍ണമായി ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യ ഉള്‍പ്പെടെ എട്ട് വിദേശ രാജ്യങ്ങളിലായി 20 വിസ സെൻററുകള്‍ തുറക്കാന്‍ ഖത്തര്‍ തീരുമാനിച്ചത്.
ഇതില്‍ ഇന്ത്യയിലെ ഏഴ് കേന്ദ്രങ്ങളും പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. ന്യൂഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ലഖ്നോ, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിലാണ് മറ്റു ക്യു.വി.സികള്‍. പ്രവാസി തൊഴിലാളികള്‍ക്ക് ഖത്തര്‍ റെസിഡന്‍സ് പെര്‍മിറ്റ് (ആർ.പി) അഥവാ വിസയുടെ നടപടിക്രമങ്ങള്‍ മാതൃരാജ്യത്തുവെച്ചുതന്നെ പൂര്‍ത്തീകരിക്കാന്‍ സൗകര്യമൊരുക്കുകയാണ് ക്യു.വി.സികളിലൂടെ ചെയ്യുന്നത്. തൊഴില്‍ വിസയില്‍ ഖത്തറിലേക്കു വരുന്നവരുടെ മെഡിക്കല്‍ പരിശോധന, ബയോമെട്രിക് വിവരശേഖരണം, തൊഴില്‍ കരാര്‍ ഒപ്പുവെക്കല്‍ എന്നിവ സ്വകാര്യ ഏജന്‍സിയുടെ സഹകരണത്തോടെ അതത് രാജ്യങ്ങളിൽതന്നെ ഇതിലൂടെ പൂര്‍ത്തീകരിക്കാനാകും. വിസ കേന്ദ്രങ്ങള്‍ മുഖേന പ്രവാസികളുടെ വിസ സംബന്ധമായ വിരലടയാളം, ആരോഗ്യ പരിശോധന ഉൾപ്പെടെയുള്ള എല്ലാ നടപടികളും പൂര്‍ത്തീകരിക്കാനാകും. അതേസമയം നിർത്തിവെച്ച ഖത്തറിലേക്കുള്ള സന്ദർശക വിസകൾ സംബന്ധിച്ച വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.
ക്യു.വി.സികൾ തൊഴിലവസരം വാഗ്ദാനം ചെയ്യുന്നില്ല
ഖത്തർ വിസ സെൻററുകൾ (ക്യു.വി.സികൾ) ഒരുതരത്തിലുള്ള തൊഴിലവസരങ്ങളും വാഗ്ദാനം ചെയ്യുന്നില്ലെന്ന് ഖത്തർ ആഭ്യന്തരമന്ത്രാലയം അറിയിച്ചു. വിസ ഇഷ്യു ചെയ്യുന്നതിന് ആവശ്യമായ നിയമപരമായ സേവനങ്ങൾ നൽകുക മാത്രമാണ് ഇത്തരം കേന്ദ്രങ്ങൾ ചെയ്യുന്നത്. അതിനാൽ, ഖത്തർ വിസ സെൻററിെൻറ ഏജൻറാണെന്നും പ്രതിനിധിയാണെന്നും തെറ്റിദ്ധരിപ്പിച്ചു തട്ടിപ്പ് നടത്തുന്നതിൽനിന്നും തൊഴിലവസരങ്ങൾ വാഗ്ദാനം ചെയ്യുന്നതിൽനിന്നും ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.